-
ഒരു ചിക്കന്‍ബിരിയാണി വാങ്ങിയ കഥ
മാസത്തില്‍ രണ്ട് തവണയുള്ള ബാംഗ്ലൂര്‍ – കൊച്ചി ട്രെയിന്‍ യാത്രകള്‍ ഒരുപാട് സുഹൃത്തുക്കളെ കാണാനും സംസാരിക്കാനും പഴയ ഓര്‍മ്മകള്‍ പങ്കുവെക്കാനുമുള്ള അവസരം ആകാറുണ്ട് പലപ്പോഴും… അങ്ങനെയുള്ള യാത്രകളില്‍ ഞങ്ങളുടെ സ്ഥിരം സഹയാത്രികനായിരുന്നു ഒരിടക്ക് നമ്മുടെ കഥാനായകന്‍… രണ്ട് കൂട്ടരും മിക്കവാറും തത്കാല്‍ ടിക്കറ്റില്‍ സീറ്റ് ഒപ്പിക്കുന്നവര്‍ ആയതുകൊണ്ട് ഒരേ കമ്പാര്‍ട്മെന്റില്‍ ആയിരിക്കും പലപ്പോഴും യാത്ര… അദ്ദേഹം എല്ലാ ആഴ്ചകളിലും ബാംഗ്ലൂര്‍-കൊച്ചി ഷട്ടില്‍ അടിക്കുന്നതിനു പിന്നില്‍ ഒരു പ്രത്യേക കാരണം കൂടിയുണ്ട്… പുള്ളിക്കാരന്റെ ശ്രീമതി പ്രസവം പ്രമാണിച്ച് നാട്ടില്‍ ആണ്… ഭാര്യയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനുള്ള സ്നേഹസമ്പന്നനായ ഒരു ഭര്‍ത്താവിന്റെ യാത്രയാണ്…
സാധാരണ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ രാത്രി കഴിക്കാനുള്ള ഭക്ഷണം വീട്ടില്‍നിന്നു ഉണ്ടാക്കിക്കൊണ്ട് പോകുകയാണ് പതിവ്… IRCTC യുടെ ഭക്ഷണം വാങ്ങിക്കഴിച്ച് പ്രതികാരം ചെയ്യാന്‍ വല്ലവരുടെയും അല്ലല്ലോ, സ്വന്തം വയറല്ലേ… എന്തിനാ വെറുതെ റിസ്ക് എടുക്കുന്നെ? എന്നൊരു ബുദ്ധിപരമായ ചിന്തയാണ് ഇതിനു പിന്നില്‍… പക്ഷേ അന്നത്തെ ദിവസം ഓഫീസില്‍ നിന്നു എത്താന്‍ വൈകിയത് മൂലം ഭക്ഷണം ഉണ്ടാക്കാന്‍ സമയം കിട്ടിയില്ല… റെയില്‍വേ സ്റ്റേഷന് പുറത്തുള്ള ഏതേലും ഹോട്ടലില്‍നിന്നു വാങ്ങാം എന്നുള്ള തീരുമാനത്തില്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു… വിചാരിച്ചതിലും നേരത്തെതന്നെ സ്റ്റേഷനില്‍ എത്തി… നേരം കളയാതെ അടുത്തു കണ്ട ഹോട്ടലില്‍ കയറി… ‘കംസം’ എന്നാണ് പേര്… മലയാളികളുടെ സ്ഥിരം കേന്ദ്രം ആണെന്ന് കേട്ടിട്ടുണ്ട്… പക്ഷേ വിലവിവരപ്പട്ടിക കണ്ടപ്പോള്‍ ഇതിന്റെ നടത്തിപ്പുകാര്‍ കംസന്റെ ബന്ധുക്കള്‍ ആണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല… നല്ല ഒന്നാന്തരം കത്തി… എന്തായാലും വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് അവിടെനിന്നു തന്നെ എന്തെങ്കിലും വാങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി എന്ന് പറഞ്ഞാല്‍ മതിയല്ലോ… അങ്ങനെ അവിടുന്ന് ദോശയും കറിയും പാര്‍സല്‍ വാങ്ങി ഞങ്ങള്‍ പ്ലാറ്റ്ഫോമില്‍ എത്തി…
ട്രെയിന്‍ വിടാന്‍ ഇനിയും സമയം ഉണ്ട്… വൈകാതെ നമ്മുടെ കഥാനായകനും എത്തിച്ചേര്‍ന്നു… പതിവുള്ള ഭക്ഷണപ്പൊതി കയ്യില്‍ കാണാനുണ്ടായിരുന്നില്ല… ചോദിച്ചപ്പോള്‍ വാങ്ങാന്‍ സമയം കിട്ടിയില്ല എന്ന മറുപടിയാണ് ലഭിച്ചത്… “എങ്കില്‍ നമുക്ക് ഷെയര്‍ ചെയ്യാം, ഞങ്ങള്‍ ദോശ വാങ്ങിയിട്ടുണ്ട്, ‘കംസം’-ഇല്‍ നിന്നാണ്” എന്നായി ഞങ്ങള്‍… അതു കേട്ടതും പുള്ളിക്കാരന്റെ മുഖം കുറച്ചു മ്ലാനമായോ എന്ന് എനിക്കൊരു സംശയം… “ഓ, കംസം ആണോ?… ആ സാമ്പാര്‍ പാക്കറ്റ് പൊട്ടിക്കുകയേ വേണ്ട കേട്ടോ… വല്യ ഗുണമൊന്നുമില്ല”… രാത്രി പട്ടിണി കിടക്കാനുള്ള വകുപ്പുന്ടെങ്കിലും അഹങ്കാരത്തിന് കുറവൊന്നും ഇല്ല… ഞങ്ങളുടെ ഓഫര്‍ സ്വീകരിച്ചെങ്കിലും പുള്ളിക്കാരന്‍ ഭക്ഷണം വാങ്ങാനുള്ള മാര്‍ഗങ്ങള്‍ പരതിക്കൊണ്ടിരുന്നു… ഞങ്ങള്‍ രണ്ട് എല്ലാപ്പികള്‍ കാര്യമായി ഒന്നും കഴിക്കില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കൂടിയുള്ളത് അദ്ദേഹത്തിന് ഒന്നു മണക്കാന്‍ പോലും തികയില്ലെന്ന് അറിയാവുന്നതുകൊണ്ടും ആയിരിക്കും ഇത്…
ട്രെയിന്‍ വിടാന്‍ ഇനി അഞ്ച് മിനിറ്റ് കൂടിയേയുള്ളൂ… അപ്പോഴാണ് വേറൊരു പരിചയക്കാരന്‍ ഓടിക്കിതച്ചു വന്നത്… അവന്‍റെ കയ്യില്‍ സാമാന്യം വലുപ്പത്തിലുള്ള ഒരു ഭക്ഷണപ്പൊതിയുണ്ട്… നമ്മുടെ കഥാനായകന്റെ മനസ്സില്‍ ഭക്ഷണം എന്നൊരു സമസ്യ മാത്രമേ ഉള്ളൂ എന്നതുകൊണ്ട് ഈ പൊതി പുള്ളിക്കാരന്‍ പെട്ടെന്ന് തന്നെ ശ്രദ്ധിച്ചു… അതിന്‍റെ അകത്ത് എന്താണെന്ന് അപ്പോള്‍ത്തന്നെ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു… ചിക്കന്‍ ബിരിയാണി ആണെന്നും ആ പ്ലാറ്റ്‌ഫോമില്‍ തന്നെയുള്ള ഒരു ഹോട്ടലില്‍ നിന്നാണെന്നും ആഗതന്‍ ബോധിപ്പിച്ചു… കൂട്ടത്തില്‍ അതു കോഴിക്കോടുകാരുടെ ഹോട്ടല്‍ ആണെന്ന് അറിയിക്കാനും മറന്നില്ല… കോഴിക്കോടന്‍ ബിരിയാണി… നമ്മുടെ നായകന്‍ വായില്‍ ഊറി വന്ന വെള്ളം നുണഞിറക്കുന്നത് ഞാന്‍ കണ്ടു എന്ന് പറഞ്ഞാല്‍ അതു തീരെ അതിശയോക്തി ആവില്ല… എന്തായാലും ട്രെയിന്‍ ബെല്ലടിച്ചു തുടങ്ങി… ഇനി പോയി വാങ്ങാന്‍ സമയം ഇല്ലല്ലോ എന്ന് ആശങ്കപ്പെട്ടു നില്‍ക്കുന്ന കഥാനായകനെ പുതുതായി എത്തിച്ചേര്‍ന്ന സുഹൃത്ത് ആശ്വസിപ്പിച്ചു… “അവിടെ എല്ലാം റെഡി ആണ്… ഓടിച്ചെന്നു കാശ് കൊടുത്തു വാങ്ങിച്ചോണ്ട് പോന്നാല്‍ മതി”… എങ്കില്‍ അങ്ങനെ തന്നെ എന്ന് പറഞ്ഞ് നമ്മുടെ നായകന്‍ ഹോട്ടലിനെ ലഷ്യമാക്കി ഓടി…
ട്രെയിന്‍ നീങ്ങിത്തുടങ്ങി അല്പം കഴിഞ്ഞപ്പോഴാണ് കയ്യില്‍ ചിക്കന്‍ ബിരിയാണിയുമായി ഒരു ജേതാവിനെപ്പോലെ നമ്മുടെ നായകന്‍ കമ്പാര്‍ട്ടമെന്റില്‍ എത്തിയത്… ചിക്കന്‍ ബിരിയാണിയുടെ അടുത്തിരിക്കാന്‍ പോലും ദോശക്ക് അവകാശമില്ല എന്ന മട്ടില്‍ പുച്ചത്തോടെയാണ് ഞങ്ങളെ നോക്കുന്നത്… കോഴിക്കോടന്‍ ബിരിയാണിയെപ്പറ്റിയുള്ള പുകഴ്ത്തല്‍ കേട്ട് കേട്ട് തോമാച്ചായനും പതുക്കെ കൊതി കയറിത്തുടങ്ങി… “അളിയാ, ഈ ബിരിയാണി മുഴുവന്‍ ഒറ്റയ്ക്ക് കഴിക്കാന്‍ നിനക്ക് പറ്റുവോ? ഹെല്‍പ് വേണേല്‍ പറഞ്ഞാല്‍ മതി കേട്ടോ” എന്നൊക്കെ പതുക്കെ നമ്പര്‍ ഇറക്കി നോക്കി… “ഓ, കുഴപ്പമില്ലെടാ…ഇതുപോലെ ഒരു രണ്ടെണ്ണം വേണേലും ഞാന്‍ ഒറ്റയ്ക്ക് അടിക്കും… എന്‍റെ കപ്പാസിറ്റി നിനക്ക് അറിയാഞ്ഞിട്ടാ…” എന്ന് ഉടനെ വന്നു മറുപടി…അതോടെ ഫ്യൂസ് പോയ ബള്‍ബ് കണക്കെ തോമാച്ചായന്‍ മിണ്ടാതെ ഇരിപ്പായി… “നീ നാളെ രാവിലെ അനുഭവിക്കുമെടാ” എന്ന് ചിലപ്പോ മനസ്സില്‍ പറഞ്ഞു കാണും…
ബിരിയാണിയെ തല്‍ക്കാലത്തേക്ക് വെറുതെ വിട്ട് ചര്‍ച്ച ആഗോളകാര്യങ്ങളെക്കുറിച്ചായി… സമയം പോയതറിഞ്ഞില്ല… ഏകദേശം ഒന്‍പതു മണിയായപ്പോള്‍ എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു… മി.നായകന്‍ ആവേശത്തോടെ ബിരിയാണിപ്പാക്കറ്റും ഞങ്ങള്‍ അല്പം വ്യസനത്തോടെ ദോശപ്പൊതിയും തുറന്നു… രണ്ട് കൂട്ടരും ഭക്ഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മിണ്ടാട്ടം തീരെയില്ലാതെ തീറ്റ തുടങ്ങി… ദോശ ഏകദേശം തീരാറായപ്പോള്‍ അടുത്ത സീറ്റില്‍ നിന്ന് അല്പം ഉച്ചത്തില്‍ ഒരു ശബ്ദം കേട്ടു…”ഹേയ്, കാണും കാണാതിരിക്കില്ല…”, ഇങ്ങനെയായിരുന്നു ആ അശരീരി… അതു കേട്ടപ്പോഴാണ് ഞങ്ങള്‍ ദോശപ്പൊതിയില്‍നിന്ന് തലയുയര്‍ത്തിയത്… നോക്കിയപ്പോള്‍ നമ്മുടെ കഥാനായകന്‍ ബിരിയാണിപ്പാക്കറ്റില്‍ തലങ്ങും വിലങ്ങും പരതിക്കൊണ്ടിരിക്കുകയാണ്… “എന്ത് കാണാതിരിക്കില്ലെന്നാ നീ പറയുന്നേ?” എന്ന തോമാച്ചായന്റെ ചോദ്യത്തിന് “ചിക്കന്‍ പീസ്” എന്നായിരുന്നു മറുപടി… അതു കേട്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ചിരി പൊട്ടിയെങ്കിലും ദയനീയമായ ആ മുഖഭാവം കണ്ടപ്പോള്‍ സഹതാപം തോന്നി… “സാരമില്ല, ഒന്നൂടെ തിരഞ്ഞുനോക്കൂ… ചിലപ്പോ പാക്കറ്റിന്റെ ഏറ്റവും അടിയില്‍ കാണും” എന്നെല്ലാം പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ഒരു ശ്രമം നടത്തി നോക്കി…പക്ഷെ അല്പം കഴിഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത്… ‘ചിക്കനില്ലാ ചിക്കന്‍ബിരിയാണി’… ഈ കോഴിക്കോടന്‍ ബിരിയാണിയുടെ ഒരു കാര്യം!!!… ഹി ഹി…
പാവം നമ്മുടെ കഥാനായകന്‍ ചമ്മല്‍ നിറഞ്ഞ മുഖത്ത് ഒരു ചിരി തേച്ചുപിടിപ്പിച്ചിട്ട് പതുക്കെ പറഞ്ഞു, “എടാ തോമാ, ആ സാമ്പാറ് തീര്‍ത്തേക്കല്ലേ…’കംസം’- ലെ സാമ്പാര്‍ അല്ലേ, അടിപൊളി ആയിരിക്കും”… ഭാഗ്യത്തിന് പുള്ളിക്കാരന്റെ നേരത്തെയുള്ള അഭിപ്രായം മാനിച്ച് ഞങ്ങള്‍ സാമ്പാര്‍ തുറന്നിട്ടേയില്ലായിരുന്നു… അത് മൊത്തം കക്ഷിക്ക് ദാനം ചെയ്തു… അങ്ങനെ ചിക്കന്‍ ബിരിയാണിയും സാമ്പാറും കൂട്ടി തട്ടിവിട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു കൌതുകത്തിന് ഞാന്‍ ചോദിച്ചു, “എങ്ങനുണ്ട് കോമ്പിനേഷന്‍?”… ഉടനെ മറുപടി വന്നു… “പിന്നേ, ബെസ്റ്റല്ലേ….സാമ്പാറിന് നല്ല മധുരം…”
PS: ഈ കഥയിലെ കഥാനായകനെ പരിചയപ്പെടാന്‍ ഇവിടെ ക്ലിക്കുക
-
കന്നടഭാഷാപഠനസഹായി
ഈ കന്നഡക്കാരെക്കൊണ്ട് ഞാന്‍ തോറ്റു… വേറൊന്നും കൊണ്ടല്ല… പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇവന്മാരുടെ കാട്ടുഭാഷ ഒരു തരിപോലും മനസ്സിലാവുന്നില്ലെന്നേ… ബംഗലൂരുവില്‍ വന്നിട്ട് കാലം കുറച്ചായെങ്കിലും ഇപ്പോഴും ആകെ അറിയാവുന്നത് ഒരേ ഒരു വാക്കാണ്… ‘ഗൊത്തില്ല’… ഇതിന്റെ അര്‍ഥം ഞാന്‍ എന്തായാലും പറഞ്ഞു തരില്ല… കാരണം ഇത് അറിയാത്ത മലയാളിയെ മല്ലു എന്ന് വിളിക്കാന്‍ പറ്റുവോ?
ദിവസങ്ങളും മാസങ്ങളും എന്തിനു വര്‍ഷങ്ങളായി ഈ അന്യനാട്ടില്‍ സായിപ്പിന് വേണ്ടി പണിയെടുത്തു മരിക്കുന്ന മറ്റു മലയാളികളെപ്പോലെയാകാതിരിക്കാന്‍ കന്നഡ പഠിച്ചേ തീരൂ എന്ന് മീനുക്കുട്ടിക്കു ബോധോദയം ഉണ്ടായതു ഏകദേശം ഒരു മാസം മുന്‍പാണ്… എന്നുവെച്ചു കന്നഡ സഹായി ഒക്കെ വാങ്ങി വെച്ചു ‘ഐ ലവ് യു’ എന്ന് കന്നടയില്‍ പറയുന്നതെങ്ങനെ എന്നൊന്നും പഠിക്കാന്‍ മെനക്കെട്ടു എന്ന് വിചാരിക്കരുത്… ദിവസവുമുള്ള ബസ് യാത്രയില്‍ ആളുകളുടെ സംസാരം ഒക്കെ ശ്രദ്ധിച്ചു പഠിത്തം തുടങ്ങി വെക്കാം എന്നായിരുന്നു പ്ലാന്‍…
പാഠം 1 : ആദ്യത്തെ ദിവസം വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴേ ദാ, വരുന്നു പിറകില്‍ നിന്നു ഒരു വിളി…മീനുക്കുട്ടീ… പണ്ടേ ഞാന്‍ പറഞ്ഞിട്ടുള്ളതാ, പുറകില്‍ നിന്നു വിളിക്കല്ലേ എന്ന്… എന്നാലും ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോ പുറകില്‍നിന്നു വിളിച്ചു എന്തേലും കൊസറാക്കൊള്ളി പറഞ്ഞില്ലേല്‍ എന്‍റെ കെട്ട്യോന് ഒരു സമാധാനവും കിട്ടില്ല… അന്നും അതുപോലെ തന്നെ സംഭവിച്ചു… എന്‍റെ കണവന്‍, മി.തോമ, സ്നേഹത്തോടെ പറഞ്ഞത് ഇത്രയുമാണ്… ‘വല്ലവരുടേം വായില്‍നോക്കി ഇരുന്നിട്ട് അടി വാങ്ങിച്ചോണ്ട് വരല്ലേ പൊന്നു ഭാര്യേ’ എന്ന്…എങ്ങനുണ്ട്?… അല്ലേലും പണ്ടേ അങ്ങോര്‍ക്ക് എന്നെക്കുറിച്ച് ഭയങ്കര അഭിപ്രായം ആണ്… അത് മാറ്റിയെടുക്കാന്‍ എന്തായാലും എന്നെക്കൊണ്ട് സാധിക്കില്ല എന്ന് ഉറപ്പാണ്…. അതൊന്നും മൈന്‍ഡ് ആക്കാതെ ഈ മഹത്തായ ഉദ്യമം തുടങ്ങി വെക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു… സാധാരണ ഞാന്‍ ബസ്സില്‍ കയറുമ്പോള്‍ തന്നെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു ടിക്കറ്റ് വാങ്ങും… വെറുതെയല്ല… ട്വന്റി റുപ്പീസ് എണ്ണിക്കൊടുത്തിട്ടാ… പക്ഷെ അന്നത്തെ ദിവസം കണ്ടക്ട്ടരെ അവിടെയെങ്ങും കാണ്‍മാനുണ്ടായിരുന്നില്ല… ഇറങ്ങാന്‍ നേരമാണ് പുള്ളിക്കാരന്‍ പെട്ടെന്ന് കണ്മുന്നില്‍ അവതരിക്കുന്നത്… ഞാന്‍ ഇറങ്ങേണ്ട സ്ഥലവും പറഞ്ഞു കാശ് കൊടുത്തു… അപ്പോ അയാള് ‘എല്ലി’ എന്ന് തുടങ്ങുന്ന ഒരു വാചകം പറഞ്ഞു… ഇത്രയും വൈകി ടിക്കറ്റ് വാങ്ങിയ സ്ഥിതിക്ക് ഞാന്‍ എവിടെനിന്നാണ് കയറിയതെന്നയിരിക്കും അയാള്‍ ചോദിച്ചത് എന്നൂഹിച്ചു ഞാന്‍ ബസ്സില്‍ കയറിയ സ്റ്റോപ്പിന്റെ പേര് പറഞ്ഞു… സംഗതി ഏറ്റു… മലയാളത്തിലും ആദ്യത്തെ അക്ഷരം ‘എ’… കന്നടയിലും ആദ്യത്തെ അക്ഷരം ‘എ’… മാച്ചിംഗ് മാച്ചിംഗ്…കണ്ടു പിടിച്ചേ…കണ്ടു പിടിച്ചേ…
ഗുണപാഠം: ‘എല്ലി’ വെച്ചു തുടങ്ങുന്ന എന്തേലും ബസ് കണ്ടക്ടര്‍ നിങ്ങളോട് ചോദിച്ചാല്‍ അതിന്‍റെ അര്‍ഥം എവിടെ നിന്നു വലിഞ്ഞു കേറി എന്നാകുന്നു…പാഠം 2 : കുറച്ചു ദിവസങ്ങള്‍ പുതിയ വാക്കുകള്‍ ഒന്നും കിട്ടാതെ കടന്നു പോയി… വൈകാതെ ഒരു ദിവസം അടുത്ത അവസരം വന്നെത്തി… ഇത്തവണ ടിക്കറ്റ് എടുക്കാന്‍ നേരം ഇറങ്ങേണ്ട സ്ഥലത്തിന്റെ പേര് പറയാന്‍ വിട്ടുപോയി… നമ്മുടെ നാട്ടില്‍ സ്ഥിരമായി കയറുന്ന ബസ്സില്‍ ഇറങ്ങേണ്ട സ്ഥലം അങ്ങനെ എന്നും പറയേണ്ട കാര്യം ഇല്ലല്ലോ… പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും… ആ ഒരു അനുഭവം വെച്ചു ഇരുപതു രൂപയും നീട്ടിപ്പിടിച്ചു ഞാന്‍ മിണ്ടാതെ നിന്നു… അപ്പോ ദാണ്ടേ വരുന്നു ചോദ്യം… ഒന്നല്ല…രണ്ട്…രണ്ടിലും ‘എല്ലി’ ഉണ്ട്… കുഴഞ്ഞല്ലോ കര്‍ത്താവേ… അപ്പോഴാണ് എനിക്ക് ബോധം വന്നത്… എവിടെ ഇറങ്ങണം, എവിടെ നിന്നു കയറി… രണ്ടിലും ‘എല്ലി’ വരും… പിന്നെ രണ്ടും കല്‍പ്പിച്ച് , കളരിപരമ്പര ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്, രണ്ട് ഉത്തരങ്ങള്‍ അങ്ങോട്ട് പറഞ്ഞു കൊടുത്തു… ആദ്യം ഇറങ്ങേണ്ട സ്ഥലവും,രണ്ടാമത് കയറിയ സ്ഥലവും… എന്‍റെ ഒരു കാര്യം… അതും ഏറ്റു…
ഗുണപാഠം : ഇത് പോലുള്ള അവസരങ്ങളില്‍ സ്വന്തം സാമാന്യ ബുദ്ധി ഉപയോഗിക്കുക…ആദ്യത്തെ ചോദ്യം സ്വാഭാവികമായും എങ്ങോട്ട് അല്ലെങ്കില്‍ ‘to where ‘ എന്നായിരിക്കും… രണ്ടാമത്തേത് ഉറപ്പായും എവിടെ നിന്ന് അല്ലെങ്കില്‍ ‘from where ‘ എന്നും… ഇനി മൂന്നാമത് ഒരു ചോദ്യം വന്നാലോ എന്ന് ചില കുരുട്ടുബുദ്ധികള്‍ക്ക് തോന്നാം… അതിനും ഉണ്ട് ഉപായം… മൂന്നാമത്തെ ചോദ്യം എത്ര അല്ലെങ്കില്‍ ‘how many ‘ എന്നായിരിക്കണമല്ലോ…. അതായത് എത്ര ടിക്കറ്റ് വേണം എന്ന്… മൂന്നു ചോദ്യം വന്നാല്‍ ഒന്നും നോക്കേണ്ട, ഈ പറഞ്ഞ ക്രമത്തില്‍ അങ്ങ് മറുപടി പറഞ്ഞാല്‍ മതിയെന്നേ… ഇനി നാലാമത് ഒരു ചോദ്യം കൂടി വന്നാലോ എന്ന് എന്നോട് ചോദിക്കരുത്… അതിനു ആകെ ഒരു വഴിയേ ഉള്ളൂ… ഒന്നും മിണ്ടാതെ , ഇമ ചിമ്മാതെ കണ്ടക്ട്ടരെ നോക്കുക… മുഖത്ത് ‘ബ്ലിംഗ്’ എന്നൊരു എക്സ്പ്രഷന്‍ ഉണ്ടായിരിക്കണം… പിന്നെ ഒന്നും ചോദിക്കില്ല… അപ്പോതന്നെ പുള്ളിക്കാരന് കാര്യം മൊത്തം പിടികിട്ടിക്കോളും…പാഠം 3 : പഠിത്തം തുടങ്ങിയിട്ട് ഏകദേശം മൂന്നാഴ്ച കഴിഞ്ഞെങ്കിലും കാര്യമായ പുരോഗതി ഒന്നും ഇല്ല… എന്‍റെ കേട്ട്യോനാണേല്‍ കണ്ടതിനും കേട്ടതിനും ഒക്കെ ‘എല്ലി’ പ്രയോഗം തുടങ്ങി… എന്നെത്തന്നെ, എന്നെമാത്രം ഉദ്ദേശിച്ചാണ് ഈ ഒളിയമ്പുകള്‍ എന്ന് മനസ്സിലാകാഞ്ഞിട്ടല്ല… പ്രതികരിക്കാതിരുന്നത് ഒരേ ഒരു കാര്യം മാത്രം ഓര്‍ത്തിട്ടാണ്… കന്നടയില്‍ ചീത്ത പറയാനുള്ള ആമ്പിയര്‍ ആയിട്ടില്ല… അത്ര തന്നെ… എന്തായാലും എന്‍റെ അത്യാവശ്യം മനസ്സിലാക്കി ദൈവം അറിഞ്ഞു ഒരു അവസരം ഉണ്ടാക്കിത്തന്നു… അന്ന് ബസ്സില്‍ അത്യാവശ്യം നല്ല തിരക്കുണ്ട്… തിരക്കുള്ള ബസ്സിലെ കണ്ടക്റ്റര്‍മാര്‍ക്ക് ഒരു പ്രത്യേക ടെക്നിക് ഉണ്ട്… നൂറു രൂപ ഒക്കെ കൊടുത്തു ഇരുപതു രൂപയ്ക്കു ടിക്കറ്റ് എടുക്കുന്നവന്റെ കാര്യം പോക്കാ… ബാക്കിയുള്ള 80 റുപ്പീസ് ടിക്കെട്ടിന്റെ പിറകില്‍ എഴുതിത്തരും… ഇവനാര് റിസര്‍വ് ബാങ്ക് ഗവര്‍ണറോ, തുകയെഴുതി ഒപ്പിട്ടു തരാന്‍ എന്നൊന്നും വിചാരിച്ചിട്ട് കാര്യമില്ല… നമ്മ ബംഗലൂരുവില്‍ ഇങ്ങനെയൊക്കെയാ… ഇറങ്ങാനുള്ള തിരക്കിനിടയില്‍ 80 റുപ്പീസ് മറന്നുപോയാല്‍ കണ്ടക്റ്റര്‍ ഹാപ്പി…ജിംകാലാല…. അന്നെന്തോ എന്‍റെ അതേ സ്റ്റോപ്പില്‍ ഇറങ്ങാനുണ്ടായിരുന്ന ഒരുത്തനും ഇതേ അനുഭവം ഉണ്ടായി…പക്ഷെ ഇറങ്ങാന്‍ നേരം അവന്‍ ബാക്കി കിട്ടാനുള്ള കാര്യം മറന്നില്ല… അവന്‍ മിക്കവാറും ഒരു മലയാളി ആയിരുന്നിരിക്കണം… കാരണം കിട്ടാനുള്ള 50 പൈസക്ക് വരെ കണക്കു പറയാനുള്ള ചങ്കൂറ്റം മലയാളിക്കല്ലാതെ വേറെ ആര്‍ക്കുണ്ട്?… എന്തായാലും കണ്ടക്ടര്‍ ഒരു അറ്റത്തും ഇവന്‍ മറ്റേ അറ്റത്തും ആണ്… ബസ് നിര്‍ത്തിയിട്ടും ബാക്കി കിട്ടുന്ന ലക്ഷണം ഒന്നും കാണാതായപ്പോള്‍ ചെക്കന്‍ ബഹളം ഉണ്ടാക്കാന്‍ തുടങ്ങി… കണ്ടക്ടര്‍ ആദ്യം എന്തൊക്കെയോ കന്നടയില്‍ പറഞ്ഞു… എനിക്ക് ഒന്നും മനസ്സിലായില്ല… അവനും ഒന്നും മനസ്സിലായില്ല എന്ന് തോന്നണു… അതാവും ഇപ്പറഞ്ഞതൊന്നും കേള്‍ക്കാത്ത മാതിരി അവന്‍ ‘ബാലന്‍സ്’ ‘ബാലന്‍സ്’ എന്ന് പിന്നേം അലറാന്‍ തുടങ്ങി… പിന്നെ ഞാന്‍ കേള്‍ക്കുന്നത് കുറെ എന്തൊക്കെയോ കട്ടി വാക്കുകള്‍ കണ്ടക്ടറുടെ വായില്‍നിന്ന് അനര്‍ഗളനിര്‍ഗളം പ്രവഹിക്കുന്നതാണ്… മൊത്തം തെറിവിളി ആയിരുന്നുകാണും…ഉറപ്പാ… അവസാനം പറഞ്ഞത് മാത്രേ എനിക്ക് തിരിഞ്ഞുള്ളൂ… ‘__ടാ പന്നി’ എന്ന് മാത്രം കേട്ടു… ആദ്യത്തെ വാക്ക് മൊത്തം കിട്ടിയില്ലേലും അവസാനം പറഞ്ഞത് മനസ്സിലായി…പന്നി എന്ന്… ഓഹോ, അപ്പോ കന്നടയിലും പന്നി ‘പന്നി’ തന്നെയാ… ചിലപ്പോ ‘ഇറങ്ങിപ്പോടാ പന്നി’ എന്നായിരിക്കും അയാള് കന്നടയില്‍ ഉദ്ദേശിച്ചത്…ശ്ശോ…ഈ എന്റെയൊരു കാര്യം… അല്ലേലും ഒരു പുതിയ ഭാഷ പഠിക്കുമ്പോള്‍ അതിലെ ചീത്തവാക്കുകള്‍ ആദ്യം പഠിച്ചിരിക്കണമെന്ന് പണ്ടേതോ മഹാന്‍ പറഞ്ഞത് ഇപ്പോള്‍ ഞാനോര്‍ക്കുന്നു…
അന്ന് വൈകുന്നേരം സന്തോഷത്തോടെ, അതിലധികം ഉത്സാഹത്തോടെ ഞാന്‍ തോമാച്ചായന്റെ അടുത്ത് വന്ന് സംഭവങ്ങള്‍ മൊത്തം വിശദീകരിച്ചു കൊടുത്തു… കൂട്ടത്തില്‍ കന്നടയില്‍ ‘പന്നി’ എന്നൊക്കെ വിളിച്ച് എന്‍റെ ഭാഷപ്രാവീണ്യവും തെളിയിച്ചുകൊടുത്തു… പകരം കെട്ട്യോന്‍ കൈക്കരുത്തിലെ പ്രവീണ്യം കവിളത്ത് തെളിയിച്ചോ എന്ന് മാത്രം ചോദിക്കരുത്… അത് സീക്രട്ട് ആണ്… എന്തായാലും ഇതിനുശേഷം രണ്ട് ദിവസത്തേക്ക് ഞാന്‍ രാജാവായി വിലസിനടന്നു… ഇനി പുതിയ വാക്കൊന്നും പഠിച്ചില്ല എന്ന് പറയരുത്, ഇതുപോലത്തെ ചീള് കേസിനൊന്നും ഇനി കളിയാക്കാന്‍ വന്നേക്കരുത് എന്നൊക്കെ പറഞ്ഞ് വന്‍ ജാഡ… പക്ഷെ തോമാച്ചായന്‍ മാത്രം വളരെ അസ്വസ്ഥനായി കാണപ്പെട്ടു… കുത്തിക്കുത്തി ചോദിച്ചപ്പോഴല്ലേ കാര്യം മനസ്സിലായത്… ഓഫീസിലെ കന്നടക്കാരന്‍ മാനേജരുടെ മുന്‍പില്‍വെച്ച് ‘പന്നി’പ്രയോഗം നടത്തിയിട്ടുണ്ട് പോലും… അയാള്‍ക്ക് കാര്യം മനസ്സിലായിക്കാണുമല്ലോ എന്ന ആശങ്കയാണ്… ഞാന്‍ സമാധാനിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല… പക്ഷെ അതിന്‍റെ അടുത്ത വെള്ളിയാഴ്ച വൈകുന്നേരം, പതിവുള്ള ,സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ (ഈ കൂടിക്കാഴ്ച എന്ന് പറയുമ്പോള്‍ കോളേജിലെ പഴയ ഗോസിപ്പുകള്‍,വണ്‍വേ ,ടൂവേ ഒക്കെ ഒന്നുകൂടി ചികഞ്ഞു മാന്തുക, പഴയ തമാശകള്‍ പിന്നേം പിന്നേം പറഞ്ഞു ആര്‍ത്തു ചിരിക്കുക തുടങ്ങിയ കലാപരിപാടികള്‍ ഒക്കെയാണ് പ്രധാനപ്പെട്ട ഇനങ്ങള്‍…) എന്‍റെ പുതിയ കണ്ടുപിടിത്തം അങ്ങ് വിളമ്പി… എന്‍റെ കഷ്ടകാലത്തിന് പിടിച്ചുനില്‍ക്കാനുള്ള കന്നടയൊക്കെ വശമുള്ള ഒരു മിടുക്കന്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു… അവന്‍ ഇത് കേട്ടപ്പോള്‍ ഒരു കാരണവുമില്ലാതെ ചുമ്മാ അങ്ങ് ചിരിക്കാന്‍ തുടങ്ങി…കൊലച്ചിരി… പിന്നെയല്ലേ ഞെട്ടിക്കുന്ന ആ സത്യം ഞാന്‍ മനസ്സിലാക്കിയത്… അന്നത്തെ തിരക്കുള്ള ആ ബസ്സിലെ കണ്ടക്ട്ടര്‍ പറഞ്ഞത് ‘ഇറങ്ങിപ്പോടാ പന്നി’ എന്നായിരുന്നില്ല സുഹൃത്തുക്കളേ… അത് ‘ഒലകെടാ ബന്നി’ എന്നായിരുന്നു… എന്ന് വെച്ചാല്‍ ‘അകത്തോട്ട് കയറിനില്‍ക്കൂ’ എന്ന് !!…
തിരക്കുള്ള ഒരു ബസ്സിലെ കണ്ടക്ട്ടര്‍ വേറെന്തു പറയാന്‍?…
എന്തായാലും ഇതോടെ ഒരു കാര്യം വ്യക്തമായി… ഇതൊന്നും അങ്ങനെ ഈസിയായി നടക്കണ കാര്യല്ല ഇഷ്ടാ… അതുകൊണ്ട് മീനുക്കുട്ടി ധീരമായ ഒരു തീരുമാനം എടുത്തു… ഒരു കന്നടഭാഷാപഠനസഹായി അങ്ങ് വാങ്ങിച്ചു…ഇരുപതു രൂപയേ ഉള്ളൂ കേട്ടോ…
Articles
- ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ…
- മഴ
- ഒരു ചിക്കന്‍ബിരിയാണി വാങ്ങിയ കഥ
- കന്നടഭാഷാപഠനസഹായി
- ഓം എന്‍ട്രന്‍സായ നമ:
- ഒരു ആഫ്രിക്കന്‍ വീരഗാഥ
- ഹര്‍ത്താല്‍ വെഡിംഗ്…
- സമ്മതമാണ് നൂറുവട്ടം!!!
- കള്‍ച്ചര്‍ ഷോക്ക്
- ഭൂമിക്കൊരു പ്രണയഗീതം
- വടക്കന്‍വീട്ടില്‍ കൊച്ചുകുഞ്ഞ് എന്ന താന്തോന്നി
- 3 IDIOTS
- പ്രിയസഖി revisited !!!
- ഒരു കൊച്ചിന്റെ കഥ…അച്ഛന്റെയും
- നാണയനിയന്ത്രിത കമ്പ്യൂട്ടര്‍
- രക്തഹാരത്തിലെ പുഴുക്കുത്തുകള്‍
- പ്രിയസഖി…
- പുല്‍ക്കൂട് റെസിപ്പി !!!
- ന്നാലും…ന്റെ…പച്ച വാട്ടര്‍ബോട്ടില്‍…
- ഒരു മഞ്ചിന്റെ കഥ …എന്റെയും
- നമ്മുടെ കേരളത്തിന്റെ ഒരു ഗതിയേ…
- അറിയാതെ പോയ സൌന്ദര്യം…
- Hope…
- മരുമക്കളായാല്‍ ഇങ്ങനെ വേണം!!
- വേറിട്ടൊരു വിചാരം…