• എന്‍റെ പെണ്ണുകാണല്‍

  Written on 2009.10.22 | Category: ചെറുകഥകള്‍ | Author: Meenukkutty

  എന്‍റെ ആദ്യത്തെ പെണ്ണുകാണല്‍ എന്നാണ് ആദ്യം എഴുതാന്‍ തീരുമാനിച്ചത്..പിന്നെ തോന്നി,ആദ്യത്തേതും അവസാനതേതുമായി ഒന്നല്ലേ ഉണ്ടായുള്ളൂ..വെറുതെ എന്തിനാ വായിക്കുന്നവര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നേ?..കാര്യം ഇത്രയേയുള്ളൂ..എന്നെ കാണാന്‍ ആകെ ഒരുത്തനേ വന്നുള്ളൂ…ഇതു വായിക്കുമ്പോള്‍ വേറെ ഒരുത്തനും തിരിഞ്ഞു നോക്കിയില്ല എന്ന് വിചാരിക്കരുത്…
  ഈ ലവ് അറ്റ്‌ ഫസ്റ്റ് സ്യ്ട് എന്നൊക്കെ പറയില്ലേ…അത്രക്കൊന്നും ഇല്ലെങ്കിലും അങ്ങോരെ കണ്ടതും ഞാന്‍ അങ്ങ് വീണു പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ…
  എന്ന് വെച്ചു ഇയാള് ഒരു ഭയങ്കര സുന്ദരന്‍ ഒന്നും അല്ല കേട്ടോ…കാണാന്‍ തരക്കേടില്ല അത്ര മാത്രം…’ഉദയനാണു താര’ത്തില്‍ മോഹന്‍ലാല്‍ പറഞ്ഞതു പോലെ സ്വപ്നം കാണുന്നതിനും ഒരു ലിമിറ്റ് ഒക്കെ ഇല്ലേ…

  സീന്‍ ഒന്ന്‌ :-
  എന്‍റെ ഭാവിവരനും അമ്മായിഅമ്മയും അമ്മയിഅച്ചനും ഒരു പഴയ പ്രീമിയര്‍ പദ്മിനി-ഇല്‍ വന്നിറങ്ങുന്നു…ജമ്പനും തുമ്പനും കഥയിലെ തുമ്പന്റെ തലയില്‍ ബള്‍ബ്‌ കത്തുന്നത് പോലെ എന്‍റെ മനസിലൂടെ ഒരു ചിന്ത ഇങ്ങനെ സൈറണ്‍ മുഴക്കി പാഞ്ഞു പോയി..”ഭഗവാനെ,പുരാവസ്തു ആണല്ലോ”…പിന്നെ മനസ്സില്‍ പ്രാര്‍ത്ഥിച്ചു,’അമ്പലം പഴയാതാനെങ്കിലും പ്രതിഷ്ഠ പുതിയതായാല്‍ മതിയാരുന്നു’….

  സീന്‍ രണ്ട് :-
  അടുക്കളയില്‍ ഞാന്‍ ടെന്‍ഷന്‍ മൂത്ത് ഉലാതിക്കൊണ്ടിരിക്കുന്നു…അവര് വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌…’മോളെ ചായയെട്’ എന്ന വിളിക്കുവേണ്ടിയുള്ള കാത്തിരിപ്പാണ്…എന്‍റെ പ്രിയപ്പെട്ട അനിയാന്നേല്‍ എന്‍റെ അവസ്ഥ കണ്ടു സഹിക്കാഞ്ഞു അടുക്കളയില്‍ ഇരുന്നു ചിരിക്കുന്നു,പിന്നെ മറിഞ്ഞു ചിരിക്കുന്നു,പിന്നെ കിടന്നു ചിരിക്കുന്നു…എനിക്കും വരുമെടാ തെണ്ടി ഒരു ദിവസം എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ ഉലാത്തല്‍ തുടര്‍ന്നു…ഇടക്ക് മനസ്സില്‍ കുഴിച്ചിട്ടിരുന്ന ഫെമിനിസം ഒന്ന്‌ തലപൊക്കി നോക്കി…സ്ത്രീകളുടെ ഈ ദുരവസ്ഥ എന്നെങ്കിലും മാറുമോ?…ചെറുക്കന്‍ ചായയുമായി വരുന്ന ഒരു ദിവസം ഉണ്ടാകുമോ?…ഭാഗ്യത്തിന് അധികം ആലോചിക്കാന്‍ ടൈം കിട്ടിയില്ല…അതിന് മുന്‍പേ വിളി വന്നു…

  സീന്‍ മൂന്ന് :-
  ചായയുമായി ഞാന്‍ മന്ദം മന്ദം ചെറുക്കന്റെം കൂട്ടരുടെം മുന്നിലേക്ക്…ചെന്നായയുടെ മുന്നിലകപ്പെട്ട ആട്ടിന്‍കുട്ടിയുടെ അവസ്ഥയെന്ന് കുറച്ചു അതിശയോക്തി കലര്‍ത്തി പറയാമെങ്കിലും സത്യം ഏറെക്കുറെ അതൊക്കെത്തന്നെ ആയിരുന്നു…എന്‍റെ കയ്യിലിരിക്കുന്ന ട്രേ ഷേക്ക്‌ ചെയ്യുന്നുണ്ടോ എന്നൊരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു…കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി… അത് വെറും സംശയം അല്ല…സത്യം ആണ്…അത്യാവശ്യം നല്ല ഒച്ചയില്‍ത്തന്നെ ഷേക്ക്‌ ചെയ്യുന്നുണ്ട്…ചമ്മല്‍ മറച്ചു വെച്ചു എങ്ങനെയോ ട്രേ സ്ഥാനത്ത് വെച്ചു…സ്ഥാനം എന്ന് പറയുമ്പോള്‍ ഇത്തിരിപ്പോന്ന ഒരു ടീപോയി ആണ്…ഒരു പലഹാര പ്ലേറ്റ് മാത്രം കഷ്ടിച്ച് വെക്കാവുന്ന അതില്‍ ഈ ട്രേ കൂടി വെക്കാം എന്ന് കണ്ടു പിടിച്ച എന്‍റെ അമ്മയെ സമ്മതിക്കണം…ഞാന്‍ മനസ്സില്‍ പറഞ്ഞു,അമ്മ ഇവിടെയെങ്ങും നിക്കേണ്ട ആളല്ല…

  സീന്‍ നാല് :-
  ചെറുക്കനും പെണ്ണും മുഖത്തോട് മുഖം നോക്കുന്നു..സിനിമയിലായിരുന്നെങ്കില്‍ ഒരു ചെറിയ പശ്ചാത്തല സംഗീതത്തിനുള്ള സ്കോപ് ഉണ്ടായിരുന്നു…ആ പോട്ടെ,പശ്ചാത്തല സംഗീതം ഇല്ലെങ്കിലും എന്‍റെ ചങ്കിടിപ്പിന്‍റെ ശബ്ദം നന്നായി കേള്‍ക്കാമായിരുന്നു…പക്ഷെ ചെറുക്കനെ ഒരു വട്ടം നോക്കിയപ്പോഴേ എനിക്ക് പകുതി ആശ്വാസം ആയി…വളരയധികം ധൈര്യശാലിയായ അദ്ദേഹം കാല്‍വിരല്‍ കൊണ്ടു നിലത്തു കളം വരയ്ക്കുന്നില്ല എന്നേയുള്ളു…എന്‍റെ മുഖത്തേക്ക് ഇടക്ക് പാളി നോക്കുന്നുണ്ട്….എന്നെക്കാളും ടെന്‍ഷന്‍-o?..ഞാന്‍ സ്മാര്‍ട്ട്‌ ആയി..നോട്ടം ഒന്നും ഞാന്‍ മൈന്‍ഡ് ആക്കിയില്ല…ഞാന്‍ തയ്യാറെടുപ്പോടെ ഇരുന്ന നിമിഷത്തിനായി കാത്തിരുന്നു…അതെ,ചോദ്യോത്തരവേള…

  -തുടരും….

  അടുത്ത ഭാഗം വായിക്കൂ…

  Written By : Meenukkutty