• മരുമക്കളായാല്‍ ഇങ്ങനെ വേണം!!

    Written on 2009.12.04 | Category: സമകാലികം | Author: Meenukkutty

    അമ്മായിയമ്മമാരും അമ്മായിയച്ചന്മാരും  സൂക്ഷിക്കുക!!!…മരുമക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്…കാരണവരെ കൊല്ലാന്‍ മരുമകള്‍ ഷെറിന് പ്രേരണയായത് സ്വത്താണെങ്കില്‍ തൃപ്രയാറിലെ സാധാരണക്കാരിയായ വീട്ടമ്മക്ക്‌ അമ്മായിയമ്മയെ കൊലപ്പെടുത്താന്‍ കാരണമായത്‌ കിടപ്പിലായിപ്പോയ വൃദ്ധയെ പരിചരിക്കാനുള്ള ബുദ്ധിമുട്ട് മാത്രമാണ്…എഴുപത്തിയെട്ടുകാരിയായ ഒരു പാവം വൃദ്ധയെ തലയിണ കൊണ്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ഒരു സാധാരണക്കാരിയായ വീട്ടമ്മക്ക്‌ ഒരു മനപ്രയാസവും തോന്നിയില്ല എന്നത് കേരളസമൂഹത്തെ മുഴുവന്‍ ഞെട്ടിക്കുന്ന ഒരു കാര്യമാണ്…സമൂഹത്തില്‍ നടക്കുന്ന ഇത്തരം മൂല്യശോഷണങ്ങള്‍ക്ക് ആഗോളവല്‍ക്കരണത്തെയും ഉദാരവല്‍ക്കരണത്തെയും എന്തിനു അമേരിക്കയെയും വരെ കുറ്റം പറയുന്ന രാഷ്ട്രീയക്കാരുടെയും സാമൂഹ്യനായകരുടെയും നാടാണ് ഇത്‌…

    മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു നമ്മുടെ രാജ്യത്തെ വേറിട്ടുനിര്‍ത്തുന്ന ഒരു പ്രധാന ഘടകം കുടുംബങ്ങളുടെ കെട്ടുറപ്പാണ്…ഇന്ത്യന്‍ സംസ്ക്കാരത്തിന്‍റെ വൈവിധ്യത്തെയും  പാരമ്പര്യത്തെയും കുറിച്ച് വാതോരാതെ പ്രസംഗിക്കാന്‍ മടി തോന്നുന്ന കാലം വിദൂരമല്ല…കാരണം കെട്ടുറപ്പില്ലാത്ത കുടുംബങ്ങളിലാണ് പുതിയ തലമുറ വളര്‍ന്നു വരുന്നത്…അമ്മൂമ്മയെയും അപ്പൂപ്പനെയും പരിചരിക്കാന്‍ മടി കാണിക്കുന്ന,അവരെ വൃദ്ധസദനങ്ങളില്‍ തള്ളുന്ന അച്ഛനമ്മമാരോട് സ്വന്തം മക്കള്‍ എങ്ങനെ പെരുമാറും എന്നൊന്ന് ചിന്തിച്ചു നോക്കാന്‍ ആരും മിനക്കെടാത്തതെന്തേ?…

    മരുമക്കളെ ക്രൂരമായി പീഡിപ്പിച്ചിരുന്ന അമ്മായിയമ്മമാര്‍ പഴങ്കഥകളായി…മരുമക്കളെ സ്വന്തം മക്കളായി കാണുക എന്നൊരു സ്വപ്നം ഇപ്പോഴും വിദൂരമാണ്…എങ്കിലും മകന്‍റെ ഭാര്യയെ അല്ലെങ്കില്‍ മകളുടെ ഭര്‍ത്താവിനെ സ്നേഹിക്കാന്‍ ഇപ്പോഴത്തെ അച്ഛനമ്മമാര്‍ക്ക് കഴിയുന്നുണ്ട് എന്നു തന്നെയാണ് എന്‍റെ വിശ്വാസം…പുറത്തറിയുന്ന  ക്രൂരതയുടെ കഥകള്‍ വിരളമായിരിക്കാം…പുറംലോകം അറിയാതെ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ ഒരുപാടുണ്ട്…പീഡകരേ ,നിങ്ങള്‍ ഓര്‍ക്കുക…പ്രായാധിക്യം നിങ്ങളെയും കീഴ്പ്പെടുത്തുന്ന കാലം അകലെയല്ല…

    Written By : Meenukkutty