• കൈയെത്തും ദൂരെ ഒരു ‘ഗുണ്ടാ’ക്കാലം – 2

  Written on 2009.11.28 | Category: ചെറുകഥകള്‍ | Author: Meenukkutty

  കഥ ഇതുവരെ…

  ഒരു കുഞ്ഞു അമ്മയുടെ വയറ്റിലായിരിക്കുമ്പോള്‍ അതിന്‍റെ അനക്കം,ഇടി,തൊഴി ഈ വക സംഭവങ്ങളിലൂടെ കുഞ്ഞു ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ പറ്റുമെന്നു അയലത്തെ അന്നാമ്മചേടത്തി എപ്പോഴും വീമ്പു പറയാറുണ്ടത്രെ …പുള്ളിക്കാരിയുടെ ഇതുവരെയുള്ള ഒരു പെര്‍ഫോമന്‍സ് ഗ്രാഫ് വെച്ചു നോക്കുമ്പോള്‍ പറയുന്നത് വിശ്വസിക്കാതിരിക്കാനും വയ്യ…പക്ഷെ അന്നാമ്മചേടത്തിയുടെ ഊഹക്കണക്ക് കരിയറില്‍ ആദ്യത്തെ തിരിച്ചടി കിട്ടിയത് എന്‍റെ സംഭവബഹുലമായ ജനനത്തോടെയാണെന്ന് പറയാം…സംഭവം ഇങ്ങനെയാണ്…വയറ്റിനകത്തു വെച്ചുള്ള എന്‍റെ അടിതട,പൂഴിക്കടകന്‍ എല്ലാം കണ്ടപ്പോള്‍ അന്നാമ്മചേടത്തി രണ്ടും കല്പ്പിച്ചങ്ങു പ്രവചിച്ചു…”കുഞ്ഞു ആണ് തന്നെ”…പാവം എന്‍റെ വീട്ടുകാര്‍..അന്നാമ്മചേടത്തി പറഞ്ഞതും വിശ്വസിച്ചു ആണ്‍കുഞ്ഞിനുള്ള നിക്കറും സോക്സും സ്നഗ്ഗിയും വരെ വാങ്ങിവെച്ചു…പുറത്തുവന്നതോ എല്ലാരുടേം കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് എന്തിനും പോന്ന ഒരു കിടിലന്‍ പെങ്കൊച്ച്…[തന്നേ?]…പക്ഷെ തടിതപ്പാന്‍ വേണ്ടി അന്നാമ്മചേടത്തി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ പറഞ്ഞുപരത്തിയത്രേ,”ലാസ്റ്റ് മിനുട്ടില്‍ കര്‍ത്താവിനൊരു കണ്‍ഫ്യൂഷന്‍ ,അങ്ങനെ അവസാനനിമിഷം അത് പെണ്ണായിപ്പോയതാണെന്നേ “…ഇതു മാനക്കേടില്‍നിന്നു ഒഴിവാകാന്‍ വേണ്ടി മാത്രം പറഞ്ഞതാണെന്നും അല്ലാതെ ഞാന്‍ അവരുടെ കോഴികളെ കല്ലെറിയുന്നതുകൊണ്ടോ പറമ്പിലെ ചുള്ളിയും പട്ടയും മോഷ്ട്ടിച്ചോണ്ട് പോകുന്നത് അപ്പനോട് പറഞ്ഞുകൊടുത്തു നാറ്റിച്ചതുകൊണ്ടോ പുള്ളിക്കാരീടെ മോള് സിനിചേച്ചി അപ്പുറത്തെ വീട്ടിലെ ആന്റണിചേട്ടന് കത്ത് കൊടുക്കുന്നത് എല്ലാരേം വിളിച്ചു കാണിച്ചതുകൊണ്ടോ അല്ലെന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു…സത്യം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിഷ്കളങ്കരായ ആളുകള്‍ക്ക് കര്‍ത്താവ്‌ എന്നും സഹനം കൊടുക്കും എന്ന് അമ്മൂമ്മ പറഞ്ഞിട്ടുണ്ട്…

  അപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത് തെറ്റിദ്ധാരണ ഒന്നു കൊണ്ട് മാത്രം തെമ്മാടി എന്ന് പേര് വീണ ഒരു കുഞ്ഞാടിനെപ്പറ്റിയാണ്…ഞാന്‍ യഥാര്‍ത്ഥത്തില്‍ വളരെയധികം നല്ല കുട്ടിയായിരുന്നെന്നു നിങ്ങള്‍ക്കെല്ലാം ഇപ്പോ ബോധ്യമായിക്കാണും…ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഒരു ദിവസം അമ്മച്ചി എന്നെ സ്നേഹത്തോടെ അടുത്തുവിളിച്ചു പറഞ്ഞു,”മോളു,കുട്ടന് കളിക്കാന്‍ അമ്മച്ചി ഒരു കുഞ്ഞിവാവയെ തരട്ടെ??”…ഞാന്‍ തൊള്ള തുറന്നു പ്രതിഷേധിച്ചു…”നോ”…’ഒരു വീട്ടില്‍ ഒരു സിങ്കം മതി’, ഞാന്‍ മനസ്സില്‍ പറഞ്ഞു…പക്ഷെ ആരും ആ പ്രതിഷേധം കാര്യമായെടുത്തതായി തോന്നിയില്ല…ഓണപ്പരീക്ഷ ആയപ്പോഴേക്കും അമ്മച്ചീടെ വയറു ഇങ്ങനെ പുറത്തേക്കുന്തിവരാന്‍ തുടങ്ങി…ആദ്യം ഞാന്‍ കരുതിയത്‌ അമ്മച്ചി എന്നെക്കാണിക്കാതെ കൂടുതല്‍ ഫുഡ്‌ അടിച്ചുകേറ്റുന്നുണ്ട് എന്നായിരുന്നു…പിന്നെ,അമ്മൂമ്മ അമ്മേടെ വയറു കാണിച്ചു ഇടക്ക് പറയാന്‍ തുടങ്ങി,”മോന്‍റെ കുഞ്ഞനിയന്‍ ഇതിന്‍റെ അകത്തുണ്ട്…കുട്ടനോട് ചേച്ചിപ്പെണ് വര്‍ത്തമാനം ചോദിച്ചേ…” അപ്പൊ അതാണ്‌ സംഗതി…അവന്‍ വരുന്നു…എന്‍റെ എതിരാളി…ഞാന്‍ അല്പം കരുതിയിരുന്നേ മതിയാകു…ഒരു മുന്‍കരുതല്‍ എന്ന നിലക്ക് മരംകയറ്റം ഒക്കെ ഞാന്‍ കുറച്ചുനാളത്തേക്ക് നിര്‍ത്തിവച്ചു…യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാകാന്‍ തീരുമാനിച്ചു…ഇനി എന്‍റെ കഷ്ടകാലത്തിനു അവന്‍ എങ്ങാനും ചുക്കിനും ചുണ്നാമ്പിനും കൊള്ളാത്ത ഒരു മണ്ണുണ്ണി ആയിപ്പോയാല്‍ പാവത്താന്‍ എന്നും പറഞ്ഞു എല്ലാരും തലേല്‍ക്കേറ്റും…നന്നാകല്‍ പരിപാടിയുടെ ഭാഗമായി കൂടുതല്‍ നേരം അമ്മച്ചീടെ അടുത്ത് ചുറ്റിപ്പറ്റി…പക്ഷെ ലക്‌ഷ്യം വേറൊന്നായിരുന്നു…ഞാന്‍ അടുത്തില്ലാത്ത നേരത്തെങ്ങാനും ചെക്കന്‍ പുറത്തു വന്നാലോ?,ഞാന്‍ വരുന്നേനുമുന്‍പ് എല്ലാരുടേം സ്നേഹം പിടിച്ച് പറ്റുന്നത് ഒഴിവാക്കണം…

  അങ്ങനെ കാത്തിരുന്നു കാത്തിരുന്നു മിഡ്-ടേം എക്സാം കഴിഞ്ഞപ്പോഴേക്കും സംഭവം പുറത്തു വന്നു…കണ്ടപ്പോഴേ എനിക്കത്ര പിടിച്ചില്ല…എന്‍റെ അത്രേം നിറം പോരാ…പിന്നെ,വന്‍ ജാഡ…എന്നെ മൈന്‍ഡ് ആക്കുന്നേയില്ല…ഫുള്‍ ടൈം കരച്ചില്‍…അമ്മച്ചി എപ്പോഴും അവന്‍റെ കൂടെ കിടക്കുന്നതും എന്നെ അടുത്തൂന്നു മാറ്റിക്കിടത്തിയതും എനിക്ക് സഹിക്കവുന്നതിലപ്പുറമായിരുന്നു…എങ്കിലും സഹിച്ചു…നിന്നെ പിന്നെ എടുത്തോളാം എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ എല്ലാം മിണ്ടാതെ സഹിച്ചു…പാവം ഞാന്‍…ഹോ ! എന്തൊരു പാവം ഞാന്‍…

  എന്‍റെ കണക്കു കൂട്ടല്‍തെറ്റിക്കാതെ അവന്‍ ഒരു പോക്രിത്തരത്തിനും നില്‍ക്കാതെ പാവത്താനായി വളര്‍ന്നു വന്നു…എല്ലാരുടേം കണ്ണിലുണ്ണി…അതുകൊണ്ട് തന്നെ അവനെ ഉപദ്രവിക്കുന്നത് ഞാന്‍ ഒരു ഫുള്‍ടൈം തൊഴിലാക്കി…ഒരു മിനിറാഗ്ഗിംഗ്…അങ്ങനെ വിളിക്കാനാ എനിക്കിഷ്ടം..എല്ലാം അവന്‍ നന്നാവാന്‍ വേണ്ടിയായിരുന്നു എന്ന എന്‍റെ സദുദ്ദേശം ആരും മനസ്സിലാക്കിയില്ല…അപ്പന്‍റെ കയ്യീന്ന് അടിക്കഷായം മുറക്ക് കിട്ടിക്കൊണ്ടിരുന്നു…അതെല്ലാം ആരും കാണാതെ രണ്ടിരിട്ടി അവനു തിരിച്ചു കൊടുക്കാന്‍ ഞാന്‍ ഒരു പിശുക്കും കാണിച്ചുമില്ല…അതുപോലെ വീട്ടില്‍ വരുന്ന വിരുന്നുകാര്‍ കൊടുക്കുന്ന മിട്ടായി ഞാന്‍ വൈകിട്ട് സ്കൂളില്‍നിന്നു വരുന്നതുവരെ അവന്‍ സൂക്ഷിച്ചു വെക്കും…കയ്യില്‍ കിട്ടിക്കഴിയുമ്പോള്‍ ഒരെണ്ണം പോലും അവനു കൊടുക്കാതെ മൊത്തം ഞാന്‍ സാപ്പിടും…ആശയടക്കം ശീലിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ ചെയ്തതെന്ന് ആരും മനസ്സിലാക്കിയില്ല…കഷ്ടം…പാവം ഞാന്‍ അല്ലേ?…

  ഈ കലാപരിപാടികള്‍ അവനു ഒരു നാല് വയസ്സാകുന്നതു വരെ തുടര്‍ന്നു…അത്രയും നാള്‍ ഞാന്‍ കൊടുക്കുന്ന ഇടിയെല്ലാം അവന്‍ നിന്നു കൊണ്ടു…മിട്ടായി കിട്ടാഞ്ഞപ്പോള്‍ ചുമ്മാ നിന്നു മോങ്ങി…പക്ഷെ നാല് വയസ്സ് കഴിഞ്ഞപ്പോള്‍ കഥ ആന്റിക്ലൈമാക്സ്‌ ആയിത്തുടങ്ങി…അവനും കൈചുരുട്ടി തുടങ്ങി…കട്ടക്ക് പിടിച്ച് നില്‍ക്കാന്‍ ജിമ്മില്‍ പോകേണ്ടി വരുമോ എന്ന് പോലും ഞാന്‍ ഭയന്നു…

  അവന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ടൈം…കാര്യം ഇടക്കൊന്നു ഇടി കൂടിയില്ലെങ്കില്‍ ഒരു രസമില്ല എന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും തോന്നിയിരുന്നെങ്കിലും ,ഇടികൂടല്‍ മുറക്ക് നടന്നിരുന്നു എങ്കിലും പണ്ടത്തെ വൈരാഗ്യം ഇപ്പോള്‍ ഇല്ല…കുറച്ചൊക്കെ കൂട്ടായി തുടങ്ങി…ആയിടക്കാണ് സ്കൂളിലെ അവന്‍റെ ഒരു ചുറ്റിക്കളി ഞാന്‍ മണത്തു കണ്ടുപിടിച്ചത്…നാലാം ക്ലാസ്സ്‌ മുതല്‍ എല്ലാവര്‍ഷവും അവന്‍റെ സഹ ക്ലാസ്സ്‌ലീഡര്‍ സ്ഥിരമായി ഒരു പെണ്ണാണത്രെ …അവര് തമ്മില്‍ എന്തോ ഒരു ‘ഇത്‌’ ഉണ്ടെന്നു അവന്‍റെ ഒരു കൂട്ടുകാരനാണ് എനിക്ക് ചോര്‍ത്തിതന്നത്…എനിക്ക് സന്തോഷമായി…ഈ പേര് പറഞ്ഞു എന്‍റെ റെക്കോര്‍ഡ്‌ വരപ്പിക്കാം…പക്ഷെ ഭീഷണിപ്പെടുത്താന്‍ ചെന്ന എന്നെ അവന്‍ തിരിച്ചു പേടിപ്പിച്ചു…വീട്ടിലെങ്ങാനും പറഞ്ഞാല്‍ ഇടിച്ചു പണ്ടാരമടക്കും എന്ന്…എങ്കില്‍ ഒരു കൈ നോക്കിയിട്ട് തന്നെ കാര്യം…ഞാന്‍ ഒരു സടകൊഴിഞ്ഞ സിങ്കം ആണെന്നാണ്‌ അവന്‍റെ വിചാരം…എന്തിനു പറയുന്നു…ഒരു 10 മിനിറ്റ് കഴിഞ്ഞു അമ്മച്ചി വന്നു നോക്കുമ്പോള്‍ കട്ടിലിന്‍റെ ഒരറ്റത്ത് ഞാന്‍ എണീക്കാന്‍ വയ്യാതെ അന്ത്യശ്വാസം വലിച്ചു കിടപ്പാണ്…മറ്റവന്‍ എന്തിനും തയ്യാറായി മുഷ്ടി ചുരുട്ടിക്കൊണ്ട് നില്‍പ്പാണ്…രണ്ടു ദിവസത്തേക്ക് സ്കൂളില്‍ പോകാന്‍ പറ്റിയില്ല…അതോടെ ഞാന്‍ ഒരു പുതിയ തീരുമാനം എടുത്തു…മറ്റുള്ളവരെ ഉപദ്രവിക്കുന്നത് പാപമാണ്,ആരോഗ്യത്തിനു കേടുമാണ്…ഗാന്ധിജിയുടെ മാര്‍ഗമാണ് തടിക്കു നല്ലത്…

  അതിനുശേഷം ഞാന്‍ ഇന്നുവരെ ചെറുവിരല്‍ കൊണ്ടു പോലും എന്‍റെ പുന്നാരഅനിയനെ നുള്ളി നോവിച്ചിട്ടില്ല…ഞങ്ങള്‍ ഇപ്പോള്‍ അടയും ചക്കരയും പോലെയാണെന്നാ എല്ലാരും പറയുന്നേ…കൂടപ്പിറപ്പുകളെ ഉപദ്രവിക്കുന്നവരെ എനിക്ക് ഇഷ്ടമേയല്ല…സത്യം…

  Written By : Meenukkutty