• ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ…

    Written on 2011.11.29 | Category: സമകാലികം | Author: Meenukkutty

    മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ഭീതി തലയ്ക്കു മുകളില്‍ ഡെമോക്ളിസിന്റെ വാളു പോലെ തൂങ്ങിക്കിടക്കുമ്പോള്‍ രാത്രി സമാധാനമായി ഒന്നു കണ്ണടയ്ക്കാന്‍ പോലും സാധിക്കുന്നില്ല. ഒരു ജനതയെ മുഴുവന്‍ മരണഭയത്തില്‍ ജീവിക്കാന്‍ വിട്ടിട്ട് ആലോചിക്കാം, തീരുമാനിക്കാം എന്നുള്ള പതിവ് മെല്ലെപ്പോക്ക് നയം തുടരാനാണ് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെയും ഇവിടത്തെ അവസരവാദികളായ രാഷ്ട്രീയക്കാരുടെയും ഭാവമെങ്കില്‍ സഹികെട്ട ജനങ്ങള്‍ സമാധാനത്തിന്റെയും സത്യഗ്രഹത്തിന്റെയും പാത വിട്ട് കൂടുതല്‍ തീവ്രമായ നടപടികളിലേക്ക് തിരിയാന്‍ അധികം താമസം ഉണ്ടാകില്ല…കരുതിയിരുന്നോളൂ..മുല്ലപ്പെരിയാര്‍ ഡാം പൊട്ടി മുപ്പതു ലക്ഷം നിരാലംബരായ ജനങ്ങള്‍ ചരിത്രമാകുന്ന അവസ്ഥ ഉണ്ടായാല്‍ രക്ഷപ്പെടുന്ന ചിലരെങ്കിലും ചാവേറുകളായി തമിഴന്റെ തല പൊളിക്കാന്‍ ഇറങ്ങിതിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കൂട്ടത്തില്‍ ഇവിടത്തെ അവസരവാദികളായ രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കും രക്ഷയുണ്ടാകുമെന്നും വിചാരിക്കേണ്ട.

    തമിഴന് അവന്‍റെ മണ്ണും ഭാഷയും ജീവനേക്കാള്‍ വിലപ്പെട്ടതെങ്കില്‍ മലയാളി ആവശ്യപ്പെടുന്നത് ജീവിക്കാനുള്ള അവകാശം മാത്രമാണ്. എന്തുകൊണ്ടോ ‘തമിഴന്‍’ എന്നല്ലാതെ ബഹുമാനത്തോടെ അന്നാട്ടുകാരെക്കുറിച്ച് സംസാരിക്കാന്‍ പോലും ഈയവസ്ഥയില്‍ കഴിയുന്നില്ല. ഞാനും ഒരു പ്രാദേശികവാദിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു മാസം കൂടി കാത്തിരുന്ന് എന്‍റെ കുഞ്ഞിന്റെ മുഖം പോലും കാണാന്‍ കഴിയാതെ വന്നെങ്കിലോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഏതു നിമിഷവും മരിച്ചുപോയേക്കാം എന്ന ഭയത്തില്‍ മാതാപിതാക്കളെ വിട്ട് സ്കൂളില്‍ പോകാന്‍ പോലും മടിക്കുന്ന വണ്ടിപ്പെരിയാറിലെയും വള്ളക്കടവിലെയും കുഞ്ഞുങ്ങളുടെ അവസ്ഥ എത്ര ഭീകരമാണെന്ന് ഒന്നു ആലോചിച്ചു നോക്കൂ…ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന വിധത്തില്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരു ചെറിയ ശതമാനമെങ്കിലും മലയാളികളെയും ജയലളിത പറയുന്നത് കേട്ട് 116 വര്‍ഷം പഴക്കമുള്ള ഡാം സുരക്ഷിതമാണെന്ന് വിശ്വസിച്ച് മൂഡസ്വര്‍ഗത്തില്‍ ഇരിക്കുന്ന മന്ദബുദ്ധികളെയും ഉദേശിചല്ല ഞാന്‍ ഇതെല്ലാം പറയുന്നത്.

    പ്രശ്നം ഇത്രയും രൂക്ഷമായ സാഹചര്യത്തിലും പുതിയ ഡാം പണിയാന്‍ സമ്മതിക്കില്ല എന്ന തീരുമാനത്തില്‍ തമിഴ്നാട് ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ബുദ്ധിപൂര്‍വമായ തിരിച്ചടികള്‍ നല്‍കി അവരെക്കൊണ്ടു സമ്മതിപ്പിക്കാനുള്ള ഇച്ചാശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം. തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ബഹിഷ്ക്കരിക്കാനുള്ള ആര്‍ജവം നമ്മള്‍ കാണിക്കണം. ഒരു മാസം പച്ചക്കറിയും ചിക്കനും കഴിക്കാതെ ആരെങ്കിലും മരിച്ചുപോയ ചരിത്രമൊന്നും ഏതായാലും ഇല്ല. കുറച്ചു നാളെങ്കിലും സ്വന്തം പുരയിടത്തില്‍ വിളയുന്ന പച്ചക്കറികള്‍ കൊണ്ട് ജീവിക്കാന്‍ ശീലിക്കൂ. അതിനുള്ള സാഹചര്യം ഇല്ലാത്തവര്‍ക്ക് നാട്ടിന്‍പുറങ്ങളില്‍ വിളയുന്ന അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കണം. അതും യുദ്ധകാലാടിസ്ഥാനത്തില്‍…അപ്പോള്‍ അവിടത്തെ സാധാരണ കര്‍ഷകര്‍ ഈ പ്രശ്നത്തിന് എതിര് നില്‍ക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ തിരിഞ്ഞോളും. തേനിയിലെയും മധുരയിലെയും വോട്ടുബാങ്കുകളെ വെറുപ്പിക്കാന്‍ എന്തായാലും അവര്‍ തയ്യാറാവില്ല. കോടതിയുടെ തീര്‍പ്പ് വരുന്നത് വരെ കാത്തുനില്‍ക്കാതെ എത്രയും വേഗം ഇതിനൊരു പരിഹാരം കാണാന്‍ ഭരണാധികാരികള്‍ തയ്യാറാവണം. അതിവേഗം ബഹുദൂരം പ്രവര്‍ത്തിക്കേണ്ട സമയം ഇതാണ്. ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഒരു ജനതയുടെ സഹനസമരം ദയവായി കണ്ടില്ലെന്നു നടിക്കരുത്.

    Written By : Meenukkutty