• കൈയെത്തും ദൂരെ ഒരു ‘ഗുണ്ടാ’ക്കാലം – 1

    Written on 2009.11.25 | Category: ചെറുകഥകള്‍ | Author: Meenukkutty

    ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു തണുത്ത പ്രഭാതo…അതിരാവിലെ ഒരു മൂന്നു – മൂന്നര മണിയായിക്കാണും…കുറ്റാക്കൂരിരുട്ട്…പുറത്തു ഇടവപ്പാതി തകര്‍ത്തു പെയ്യുന്നു…ഒരുമാതിരിപ്പെട്ട എല്ലാരും ഗാഡനിദ്രയിലാണ്…ആരും പേടിക്കരുത്…പറഞ്ഞു വരുന്നത് ഈയുള്ളവള്‍ പല്ലില്ലാത്ത മോണ യൂസ് ചെയ്തു കാറിക്കൂവി അമ്മച്ചീടെ വയറ്റീന്നു പുറത്തു വന്ന കാര്യമാണ്…

    ശ്ശെടാ,ഇത്രേയുള്ളോ എന്ന് ചോദിച്ചു എന്നെ വിഷമിപ്പിക്കരുത്…കാരണം ഇത്തിരി വിഷമിപ്പിച്ചിട്ടാണേലും ഞാന്‍ പുറത്തു വന്നത് ബാക്കിയുള്ളോര്‍ക്ക് ,പ്രത്യേകിച്ച് എന്‍റെ അമ്മച്ചിക്ക് വല്യൊരു ആശ്വാസം ആയിരുന്നു…അകത്തു കിടന്നപ്പോള്‍ പോലും കുറചൊന്നുമല്ലേ  ഞാന്‍ എന്‍റെ പാവം അമ്മയെ ഉപദ്രവിച്ചത്…പുറത്തു വന്നപ്പോള്‍ പിന്നെ അമ്മച്ചിക്ക് അതൊരു ശീലമായി…

    എന്‍റെ അമ്മക്ക് സ്വതവേ ഇത്തിരി നിറം കുറവാണ്…പക്ഷെ എന്നെ വയറ്റീന്നു ഗെറ്റ് ഔട്ട്‌ അടിച്ചതിനു ശേഷമാണ് ഇത്രേം നിറം കുറഞ്ഞതെന്നാണ് അമ്മേടെ അവകാശവാദം…ഹോ! ജുഗുല്‍സാവഹം …നിറം കുറഞ്ഞതിനു ഇത്തിരിയില്ലാത്ത ഒരു കുഞ്ഞിനെ കുറ്റം പറയാന്‍ കൊള്ളുവോ?..ഞാനെന്താ കുട്ടിച്ചാത്തന്റെ അവതാരം വല്ലോം ആണോ?…ഈ ചോദ്യം അന്ന് ഉറക്കെചോദിക്കാനുള്ള കപ്പാസിറ്റി ഇല്ലാതിരുന്നത് നന്നായി…ചിലപ്പോ ഒത്തിരിപ്പേര് അത് ശരിവെച്ചേനെ…വളര്‍ന്നു വന്നപ്പോള്‍ കയ്യിലിരുപ്പു അത്രയ്ക്ക് നല്ലതായിരുന്നേ…

    കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല…കണ്ണാരം പൊത്തിക്കളിച്ചതും കളിവീടുണ്ടാക്കിയതും എല്ലാം ഇന്നലെക്കഴിഞ്ഞത് പോലെ തോന്നുന്നു…ഒരിക്കല്‍ക്കൂടി ആ കാലത്തേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞെങ്കില്‍…ഇങ്ങനൊക്കെ പറയണമെന്ന് എനിക്ക് വളരെയധികം ആഗ്രഹം ഉണ്ട്…പക്ഷെ എന്തു ചെയ്യാന്‍??..അക്കാലത്ത് ഞാന്‍ കഴിവ് തെളിയിച്ച രംഗങ്ങള്‍ വേറെ പലതും ആയിരുന്നു…പറമ്പിലെ ഒരുമാതിരിപ്പെട്ട എല്ലാ മരത്തിലും വലിഞ്ഞു കേറുക(പാറപ്പുറത്തെ കശുമാവാണ് എന്‍റെ ഫേവറിറ്റ്),ആരാന്‍റെ മാവിലെ മാങ്ങയെല്ലാം എറിഞ്ഞു താഴെയിടുക , അയലത്തെ അന്നാമ്മചേടത്തിയുടെ കോഴികളെ പറപ്പിച്ചു അതിര്‍ത്തി കടത്തുക തുടങ്ങിയ എണ്ണം പറഞ്ഞ കലകളില്‍ എന്നെ വെല്ലാന്‍ പരിസരപ്രദേശത്തു അധികം ആരും ഉണ്ടായിരുന്നില്ല…അതുകൊണ്ട് തന്നെ അവിടത്തെ ഒരു ലോക്കല്‍ ഗുണ്ടയായി വിലസി നടന്നിരുന്ന സുരഭിലസുന്ദര കാലം…ആഹഹാ ,ഓര്‍ക്കുമ്പോള്‍ തന്നെ എന്തൊരു സുഖം…

    ഞാന്‍ ഇങ്ങനെ അയല്‍വക്കത്തുള്ള പിള്ളാരോടെല്ലാം ഗുസ്തി  പിടിച്ച്  നടന്നിരുന്നത് എന്‍റെ കുടുംബത്തുള്ളവര്‍ അനുവദിച്ചുതന്നിരുന്നു എന്ന് വിചാരിക്കരുത്…എന്നും വൈകുന്നേരം പിതാശ്രീ വീട്ടിലെത്തിയതിനു ശേഷം മുടങ്ങാതെ നടത്തുന്ന ഒരു വടിവഴിപാട് ഉണ്ടായിരുന്നു…വലിയ വടി(ചൂരല്‍) കൊണ്ട് നാല്,ചെറിയ വടി(പേര) കൊണ്ട് രണ്ടു കണക്കില്‍ ദിവസം ഒന്ന് വീതം…വീട്ടിലെ ആദ്യത്തേതും ആകെയുള്ളതുമായ കുഞ്ഞിക്കാലു വേദനിക്കുന്നത് കാണുമ്പോള്‍ തടയാന്‍ എന്‍റെ അമ്മയും അമ്മൂമ്മയും ഓടി വരുന്നതും ഒരു പതിവുകാഴ്ചയായിരുന്നു…കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കാന്‍  പിറന്ന സന്തതി എന്ന് അമ്മൂമ്മ മനസ്സില്‍ പറയുന്നില്ലേ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു…തടയാന്‍ വരുന്ന അമ്മയോട് എന്‍റെ അപ്പന്‍ സ്ഥിരമായി പറയുന്ന രണ്ടു ഡയലോഗുകള്‍ ഉണ്ടായിരുന്നു…ഒന്ന്,വളര്‍ത്തുദോഷം രണ്ടു,’ചെല്ലൂളി’ ഇല്ല…

    ആദ്യത്തെ ഡയലോഗ് എന്താണെന്ന് എനിക്ക് നന്നായി അറിയാം…അമ്മച്ചി നന്നായി വളര്‍ത്താഞ്ഞത്  കൊണ്ടാണ് ഞാന്‍ വഷളായിപ്പോയത്….പാവം ഞാന്‍!!!…പക്ഷെ രണ്ടാമത്തെ കാര്യം എന്താണെന്ന് കുറെക്കാലത്തേക്ക് എനിക്ക് പിടികിട്ടിയിരുന്നില്ല…എന്തോ സംഭവം മിസ്സിംഗ്‌ ആണെന്ന് മാത്രം മനസ്സിലായി…അടുത്ത വീട്ടിലെ കുട്ടിചേച്ചി വേദോപദേശ ക്ലാസ്സില്‍ പഠിപ്പിക്കുന്നുണ്ട്…പുള്ളിക്കാരിയോട് ചോദിച്ചാലോ?…പക്ഷെ മറ്റുള്ളോര്‍ക്കുള്ള ഒരു സാധനം എന്‍റെ കയ്യില്‍ ഇല്ലെന്നു കൂടെയുള്ള കുട്ടിപ്പട്ടാളം എങ്ങനേലും അറിഞ്ഞാല്‍പ്പിന്നെ തലപ്പൊക്കി നടക്കാന്‍ പറ്റുവോ?…എന്‍റെ ആത്മാഭിമാനം വീടിനടുത്തുള്ള കനാലില്‍ ചുമ്മാ അങ്ങ് എറിഞ്ഞു കളഞ്ഞത് പോലാവില്ലേ?…അണ്‍സഹിക്കബിള്‍ !! അതുകൊണ്ട് ഞാന്‍ ആ ശ്രമം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു…പക്ഷെ കുറച്ചുകൂടി വലുതായി ഒന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഞാന്‍ അതിന്‍റെ അര്‍ഥം കണ്ടുപിടിച്ചു…’ചൊല്ലുവിളി’ ലോപിച്ചാണത്രെ ചെല്ലൂളി ആയത്…എന്നുവെച്ചാല്‍ അനുസരണ ലവലേശം ഇല്ലെന്ന്…

    പക്ഷെ  ഈ സുവര്‍ണ കാലഘട്ടം കുറച്ചുനാള്‍ കൂടിയേ നീണ്ടുനിന്നുള്ളൂ…എന്‍റെ ഗുണ്ടായിസം അവസാനിക്കാനും ഞാന്‍ നല്ലപിള്ളയാകാനും കാരണമായ സംഭവം അടുത്ത ലക്കത്തില്‍…ശേഷം പോസ്റ്റില്‍ …

    അടുത്ത ഭാഗം വായിക്കൂ

    Written By : Meenukkutty