• ഒരു ചിക്കന്‍ബിരിയാണി വാങ്ങിയ കഥ

    Written on 2011.08.08 | Category: ചെറുകഥകള്‍ | Author: Meenukkutty

    മാസത്തില്‍ രണ്ട് തവണയുള്ള ബാംഗ്ലൂര്‍ – കൊച്ചി ട്രെയിന്‍ യാത്രകള്‍ ഒരുപാട് സുഹൃത്തുക്കളെ കാണാനും സംസാരിക്കാനും പഴയ ഓര്‍മ്മകള്‍ പങ്കുവെക്കാനുമുള്ള അവസരം ആകാറുണ്ട് പലപ്പോഴും… അങ്ങനെയുള്ള യാത്രകളില്‍ ഞങ്ങളുടെ സ്ഥിരം സഹയാത്രികനായിരുന്നു ഒരിടക്ക് നമ്മുടെ കഥാനായകന്‍… രണ്ട് കൂട്ടരും മിക്കവാറും തത്കാല്‍ ടിക്കറ്റില്‍ സീറ്റ് ഒപ്പിക്കുന്നവര്‍ ആയതുകൊണ്ട് ഒരേ കമ്പാര്‍ട്മെന്റില്‍ ആയിരിക്കും പലപ്പോഴും യാത്ര… അദ്ദേഹം എല്ലാ ആഴ്ചകളിലും ബാംഗ്ലൂര്‍-കൊച്ചി ഷട്ടില്‍ അടിക്കുന്നതിനു പിന്നില്‍ ഒരു പ്രത്യേക കാരണം കൂടിയുണ്ട്… പുള്ളിക്കാരന്റെ ശ്രീമതി പ്രസവം പ്രമാണിച്ച് നാട്ടില്‍ ആണ്… ഭാര്യയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനുള്ള സ്നേഹസമ്പന്നനായ ഒരു ഭര്‍ത്താവിന്റെ യാത്രയാണ്…

    സാധാരണ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ രാത്രി കഴിക്കാനുള്ള ഭക്ഷണം വീട്ടില്‍നിന്നു ഉണ്ടാക്കിക്കൊണ്ട് പോകുകയാണ് പതിവ്… IRCTC യുടെ ഭക്ഷണം വാങ്ങിക്കഴിച്ച്‌ പ്രതികാരം ചെയ്യാന്‍ വല്ലവരുടെയും അല്ലല്ലോ, സ്വന്തം വയറല്ലേ… എന്തിനാ വെറുതെ റിസ്ക്‌ എടുക്കുന്നെ? എന്നൊരു ബുദ്ധിപരമായ ചിന്തയാണ് ഇതിനു പിന്നില്‍… പക്ഷേ അന്നത്തെ ദിവസം ഓഫീസില്‍ നിന്നു എത്താന്‍ വൈകിയത് മൂലം ഭക്ഷണം ഉണ്ടാക്കാന്‍ സമയം കിട്ടിയില്ല… റെയില്‍വേ സ്റ്റേഷന് പുറത്തുള്ള ഏതേലും ഹോട്ടലില്‍നിന്നു വാങ്ങാം എന്നുള്ള തീരുമാനത്തില്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു… വിചാരിച്ചതിലും നേരത്തെതന്നെ സ്റ്റേഷനില്‍ എത്തി… നേരം കളയാതെ അടുത്തു കണ്ട ഹോട്ടലില്‍ കയറി… ‘കംസം’ എന്നാണ് പേര്… മലയാളികളുടെ സ്ഥിരം കേന്ദ്രം ആണെന്ന് കേട്ടിട്ടുണ്ട്… പക്ഷേ വിലവിവരപ്പട്ടിക കണ്ടപ്പോള്‍ ഇതിന്റെ നടത്തിപ്പുകാര്‍ കംസന്റെ ബന്ധുക്കള്‍ ആണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല… നല്ല ഒന്നാന്തരം കത്തി… എന്തായാലും വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് അവിടെനിന്നു തന്നെ എന്തെങ്കിലും വാങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി എന്ന് പറഞ്ഞാല്‍ മതിയല്ലോ… അങ്ങനെ അവിടുന്ന് ദോശയും കറിയും പാര്‍സല്‍ വാങ്ങി ഞങ്ങള്‍ പ്ലാറ്റ്ഫോമില്‍ എത്തി…

    ട്രെയിന്‍ വിടാന്‍ ഇനിയും സമയം ഉണ്ട്… വൈകാതെ നമ്മുടെ കഥാനായകനും എത്തിച്ചേര്‍ന്നു… പതിവുള്ള ഭക്ഷണപ്പൊതി കയ്യില്‍ കാണാനുണ്ടായിരുന്നില്ല… ചോദിച്ചപ്പോള്‍ വാങ്ങാന്‍ സമയം കിട്ടിയില്ല എന്ന മറുപടിയാണ് ലഭിച്ചത്… “എങ്കില്‍ നമുക്ക് ഷെയര്‍ ചെയ്യാം, ഞങ്ങള്‍ ദോശ വാങ്ങിയിട്ടുണ്ട്, ‘കംസം’-ഇല്‍ നിന്നാണ്” എന്നായി ഞങ്ങള്‍… അതു കേട്ടതും പുള്ളിക്കാരന്റെ മുഖം കുറച്ചു മ്ലാനമായോ എന്ന് എനിക്കൊരു സംശയം… “ഓ, കംസം ആണോ?… ആ സാമ്പാര്‍ പാക്കറ്റ് പൊട്ടിക്കുകയേ വേണ്ട കേട്ടോ… വല്യ ഗുണമൊന്നുമില്ല”… രാത്രി പട്ടിണി കിടക്കാനുള്ള വകുപ്പുന്ടെങ്കിലും അഹങ്കാരത്തിന് കുറവൊന്നും ഇല്ല… ഞങ്ങളുടെ ഓഫര്‍ സ്വീകരിച്ചെങ്കിലും പുള്ളിക്കാരന്‍ ഭക്ഷണം വാങ്ങാനുള്ള മാര്‍ഗങ്ങള്‍ പരതിക്കൊണ്ടിരുന്നു… ഞങ്ങള്‍ രണ്ട് എല്ലാപ്പികള്‍ കാര്യമായി ഒന്നും കഴിക്കില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കൂടിയുള്ളത് അദ്ദേഹത്തിന് ഒന്നു മണക്കാന്‍ പോലും തികയില്ലെന്ന് അറിയാവുന്നതുകൊണ്ടും ആയിരിക്കും ഇത്‌…

    ട്രെയിന്‍ വിടാന്‍ ഇനി അഞ്ച് മിനിറ്റ് കൂടിയേയുള്ളൂ… അപ്പോഴാണ്‌ വേറൊരു പരിചയക്കാരന്‍ ഓടിക്കിതച്ചു വന്നത്… അവന്‍റെ കയ്യില്‍ സാമാന്യം വലുപ്പത്തിലുള്ള ഒരു ഭക്ഷണപ്പൊതിയുണ്ട്… നമ്മുടെ കഥാനായകന്റെ മനസ്സില്‍ ഭക്ഷണം എന്നൊരു സമസ്യ മാത്രമേ ഉള്ളൂ എന്നതുകൊണ്ട്‌ ഈ പൊതി പുള്ളിക്കാരന്‍ പെട്ടെന്ന് തന്നെ ശ്രദ്ധിച്ചു… അതിന്‍റെ അകത്ത് എന്താണെന്ന് അപ്പോള്‍ത്തന്നെ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു… ചിക്കന്‍ ബിരിയാണി ആണെന്നും ആ പ്ലാറ്റ്‌ഫോമില്‍ തന്നെയുള്ള ഒരു ഹോട്ടലില്‍ നിന്നാണെന്നും ആഗതന്‍ ബോധിപ്പിച്ചു… കൂട്ടത്തില്‍ അതു കോഴിക്കോടുകാരുടെ ഹോട്ടല്‍ ആണെന്ന് അറിയിക്കാനും മറന്നില്ല… കോഴിക്കോടന്‍ ബിരിയാണി… നമ്മുടെ നായകന്‍ വായില്‍ ഊറി വന്ന വെള്ളം നുണഞിറക്കുന്നത് ഞാന്‍ കണ്ടു എന്ന് പറഞ്ഞാല്‍ അതു തീരെ അതിശയോക്തി ആവില്ല… എന്തായാലും ട്രെയിന്‍ ബെല്ലടിച്ചു തുടങ്ങി… ഇനി പോയി വാങ്ങാന്‍ സമയം ഇല്ലല്ലോ എന്ന് ആശങ്കപ്പെട്ടു നില്‍ക്കുന്ന കഥാനായകനെ പുതുതായി എത്തിച്ചേര്‍ന്ന സുഹൃത്ത്‌ ആശ്വസിപ്പിച്ചു… “അവിടെ എല്ലാം റെഡി ആണ്… ഓടിച്ചെന്നു കാശ് കൊടുത്തു വാങ്ങിച്ചോണ്ട് പോന്നാല്‍ മതി”… എങ്കില്‍ അങ്ങനെ തന്നെ എന്ന് പറഞ്ഞ്‌ നമ്മുടെ നായകന്‍ ഹോട്ടലിനെ ലഷ്യമാക്കി ഓടി…

    ട്രെയിന്‍ നീങ്ങിത്തുടങ്ങി അല്പം കഴിഞ്ഞപ്പോഴാണ് കയ്യില്‍ ചിക്കന്‍ ബിരിയാണിയുമായി ഒരു ജേതാവിനെപ്പോലെ നമ്മുടെ നായകന്‍ കമ്പാര്‍ട്ടമെന്റില്‍ എത്തിയത്… ചിക്കന്‍ ബിരിയാണിയുടെ അടുത്തിരിക്കാന്‍ പോലും ദോശക്ക് അവകാശമില്ല എന്ന മട്ടില്‍ പുച്ചത്തോടെയാണ് ഞങ്ങളെ നോക്കുന്നത്… കോഴിക്കോടന്‍ ബിരിയാണിയെപ്പറ്റിയുള്ള പുകഴ്ത്തല്‍ കേട്ട് കേട്ട് തോമാച്ചായനും പതുക്കെ കൊതി കയറിത്തുടങ്ങി… “അളിയാ, ഈ ബിരിയാണി മുഴുവന്‍ ഒറ്റയ്ക്ക് കഴിക്കാന്‍ നിനക്ക് പറ്റുവോ? ഹെല്‍പ്‌ വേണേല്‍ പറഞ്ഞാല്‍ മതി കേട്ടോ” എന്നൊക്കെ പതുക്കെ നമ്പര്‍ ഇറക്കി നോക്കി… “ഓ, കുഴപ്പമില്ലെടാ…ഇതുപോലെ ഒരു രണ്ടെണ്ണം വേണേലും ഞാന്‍ ഒറ്റയ്ക്ക് അടിക്കും… എന്‍റെ കപ്പാസിറ്റി നിനക്ക് അറിയാഞ്ഞിട്ടാ…” എന്ന് ഉടനെ വന്നു മറുപടി…അതോടെ ഫ്യൂസ് പോയ ബള്‍ബ്‌ കണക്കെ തോമാച്ചായന്‍ മിണ്ടാതെ ഇരിപ്പായി… “നീ നാളെ രാവിലെ അനുഭവിക്കുമെടാ” എന്ന് ചിലപ്പോ മനസ്സില്‍ പറഞ്ഞു കാണും…

    ബിരിയാണിയെ തല്‍ക്കാലത്തേക്ക് വെറുതെ വിട്ട് ചര്‍ച്ച ആഗോളകാര്യങ്ങളെക്കുറിച്ചായി… സമയം പോയതറിഞ്ഞില്ല… ഏകദേശം ഒന്‍പതു മണിയായപ്പോള്‍ എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു… മി.നായകന്‍ ആവേശത്തോടെ ബിരിയാണിപ്പാക്കറ്റും ഞങ്ങള്‍ അല്പം വ്യസനത്തോടെ ദോശപ്പൊതിയും തുറന്നു… രണ്ട് കൂട്ടരും ഭക്ഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മിണ്ടാട്ടം തീരെയില്ലാതെ തീറ്റ തുടങ്ങി… ദോശ ഏകദേശം തീരാറായപ്പോള്‍ അടുത്ത സീറ്റില്‍ നിന്ന്‌ അല്പം ഉച്ചത്തില്‍ ഒരു ശബ്ദം കേട്ടു…”ഹേയ്‌, കാണും കാണാതിരിക്കില്ല…”, ഇങ്ങനെയായിരുന്നു ആ അശരീരി… അതു കേട്ടപ്പോഴാണ് ഞങ്ങള്‍ ദോശപ്പൊതിയില്‍നിന്ന്‌ തലയുയര്‍ത്തിയത്… നോക്കിയപ്പോള്‍ നമ്മുടെ കഥാനായകന്‍ ബിരിയാണിപ്പാക്കറ്റില്‍ തലങ്ങും വിലങ്ങും പരതിക്കൊണ്ടിരിക്കുകയാണ്… “എന്ത് കാണാതിരിക്കില്ലെന്നാ നീ പറയുന്നേ?” എന്ന തോമാച്ചായന്റെ ചോദ്യത്തിന് “ചിക്കന്‍ പീസ്‌” എന്നായിരുന്നു മറുപടി… അതു കേട്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ചിരി പൊട്ടിയെങ്കിലും ദയനീയമായ ആ മുഖഭാവം കണ്ടപ്പോള്‍ സഹതാപം തോന്നി… “സാരമില്ല, ഒന്നൂടെ തിരഞ്ഞുനോക്കൂ… ചിലപ്പോ പാക്കറ്റിന്റെ ഏറ്റവും അടിയില്‍ കാണും” എന്നെല്ലാം പറഞ്ഞ്‌ ആശ്വസിപ്പിക്കാന്‍ ഒരു ശ്രമം നടത്തി നോക്കി…പക്ഷെ അല്പം കഴിഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത്… ‘ചിക്കനില്ലാ ചിക്കന്‍ബിരിയാണി’… ഈ കോഴിക്കോടന്‍ ബിരിയാണിയുടെ ഒരു കാര്യം!!!… ഹി ഹി…

    പാവം നമ്മുടെ കഥാനായകന്‍ ചമ്മല്‍ നിറഞ്ഞ മുഖത്ത് ഒരു ചിരി തേച്ചുപിടിപ്പിച്ചിട്ട് പതുക്കെ പറഞ്ഞു, “എടാ തോമാ, ആ സാമ്പാറ് തീര്‍ത്തേക്കല്ലേ…’കംസം’- ലെ സാമ്പാര്‍ അല്ലേ, അടിപൊളി ആയിരിക്കും”… ഭാഗ്യത്തിന് പുള്ളിക്കാരന്റെ നേരത്തെയുള്ള അഭിപ്രായം മാനിച്ച് ഞങ്ങള്‍ സാമ്പാര്‍ തുറന്നിട്ടേയില്ലായിരുന്നു… അത് മൊത്തം കക്ഷിക്ക് ദാനം ചെയ്തു… അങ്ങനെ ചിക്കന്‍ ബിരിയാണിയും സാമ്പാറും കൂട്ടി തട്ടിവിട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു കൌതുകത്തിന് ഞാന്‍ ചോദിച്ചു, “എങ്ങനുണ്ട് കോമ്പിനേഷന്‍?”… ഉടനെ മറുപടി വന്നു… “പിന്നേ, ബെസ്റ്റല്ലേ….സാമ്പാറിന് നല്ല മധുരം…” 🙂

    PS: ഈ കഥയിലെ കഥാനായകനെ പരിചയപ്പെടാന്‍ ഇവിടെ ക്ലിക്കുക

    Written By : Meenukkutty