-
കന്നടഭാഷാപഠനസഹായി
ഈ കന്നഡക്കാരെക്കൊണ്ട് ഞാന്‍ തോറ്റു… വേറൊന്നും കൊണ്ടല്ല… പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇവന്മാരുടെ കാട്ടുഭാഷ ഒരു തരിപോലും മനസ്സിലാവുന്നില്ലെന്നേ… ബംഗലൂരുവില്‍ വന്നിട്ട് കാലം കുറച്ചായെങ്കിലും ഇപ്പോഴും ആകെ അറിയാവുന്നത് ഒരേ ഒരു വാക്കാണ്… ‘ഗൊത്തില്ല’… ഇതിന്റെ അര്‍ഥം ഞാന്‍ എന്തായാലും പറഞ്ഞു തരില്ല… കാരണം ഇത് അറിയാത്ത മലയാളിയെ മല്ലു എന്ന് വിളിക്കാന്‍ പറ്റുവോ?
ദിവസങ്ങളും മാസങ്ങളും എന്തിനു വര്‍ഷങ്ങളായി ഈ അന്യനാട്ടില്‍ സായിപ്പിന് വേണ്ടി പണിയെടുത്തു മരിക്കുന്ന മറ്റു മലയാളികളെപ്പോലെയാകാതിരിക്കാന്‍ കന്നഡ പഠിച്ചേ തീരൂ എന്ന് മീനുക്കുട്ടിക്കു ബോധോദയം ഉണ്ടായതു ഏകദേശം ഒരു മാസം മുന്‍പാണ്… എന്നുവെച്ചു കന്നഡ സഹായി ഒക്കെ വാങ്ങി വെച്ചു ‘ഐ ലവ് യു’ എന്ന് കന്നടയില്‍ പറയുന്നതെങ്ങനെ എന്നൊന്നും പഠിക്കാന്‍ മെനക്കെട്ടു എന്ന് വിചാരിക്കരുത്… ദിവസവുമുള്ള ബസ് യാത്രയില്‍ ആളുകളുടെ സംസാരം ഒക്കെ ശ്രദ്ധിച്ചു പഠിത്തം തുടങ്ങി വെക്കാം എന്നായിരുന്നു പ്ലാന്‍…
പാഠം 1 : ആദ്യത്തെ ദിവസം വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴേ ദാ, വരുന്നു പിറകില്‍ നിന്നു ഒരു വിളി…മീനുക്കുട്ടീ… പണ്ടേ ഞാന്‍ പറഞ്ഞിട്ടുള്ളതാ, പുറകില്‍ നിന്നു വിളിക്കല്ലേ എന്ന്… എന്നാലും ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോ പുറകില്‍നിന്നു വിളിച്ചു എന്തേലും കൊസറാക്കൊള്ളി പറഞ്ഞില്ലേല്‍ എന്‍റെ കെട്ട്യോന് ഒരു സമാധാനവും കിട്ടില്ല… അന്നും അതുപോലെ തന്നെ സംഭവിച്ചു… എന്‍റെ കണവന്‍, മി.തോമ, സ്നേഹത്തോടെ പറഞ്ഞത് ഇത്രയുമാണ്… ‘വല്ലവരുടേം വായില്‍നോക്കി ഇരുന്നിട്ട് അടി വാങ്ങിച്ചോണ്ട് വരല്ലേ പൊന്നു ഭാര്യേ’ എന്ന്…എങ്ങനുണ്ട്?… അല്ലേലും പണ്ടേ അങ്ങോര്‍ക്ക് എന്നെക്കുറിച്ച് ഭയങ്കര അഭിപ്രായം ആണ്… അത് മാറ്റിയെടുക്കാന്‍ എന്തായാലും എന്നെക്കൊണ്ട് സാധിക്കില്ല എന്ന് ഉറപ്പാണ്…. അതൊന്നും മൈന്‍ഡ് ആക്കാതെ ഈ മഹത്തായ ഉദ്യമം തുടങ്ങി വെക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു… സാധാരണ ഞാന്‍ ബസ്സില്‍ കയറുമ്പോള്‍ തന്നെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു ടിക്കറ്റ് വാങ്ങും… വെറുതെയല്ല… ട്വന്റി റുപ്പീസ് എണ്ണിക്കൊടുത്തിട്ടാ… പക്ഷെ അന്നത്തെ ദിവസം കണ്ടക്ട്ടരെ അവിടെയെങ്ങും കാണ്‍മാനുണ്ടായിരുന്നില്ല… ഇറങ്ങാന്‍ നേരമാണ് പുള്ളിക്കാരന്‍ പെട്ടെന്ന് കണ്മുന്നില്‍ അവതരിക്കുന്നത്… ഞാന്‍ ഇറങ്ങേണ്ട സ്ഥലവും പറഞ്ഞു കാശ് കൊടുത്തു… അപ്പോ അയാള് ‘എല്ലി’ എന്ന് തുടങ്ങുന്ന ഒരു വാചകം പറഞ്ഞു… ഇത്രയും വൈകി ടിക്കറ്റ് വാങ്ങിയ സ്ഥിതിക്ക് ഞാന്‍ എവിടെനിന്നാണ് കയറിയതെന്നയിരിക്കും അയാള്‍ ചോദിച്ചത് എന്നൂഹിച്ചു ഞാന്‍ ബസ്സില്‍ കയറിയ സ്റ്റോപ്പിന്റെ പേര് പറഞ്ഞു… സംഗതി ഏറ്റു… മലയാളത്തിലും ആദ്യത്തെ അക്ഷരം ‘എ’… കന്നടയിലും ആദ്യത്തെ അക്ഷരം ‘എ’… മാച്ചിംഗ് മാച്ചിംഗ്…കണ്ടു പിടിച്ചേ…കണ്ടു പിടിച്ചേ…
ഗുണപാഠം: ‘എല്ലി’ വെച്ചു തുടങ്ങുന്ന എന്തേലും ബസ് കണ്ടക്ടര്‍ നിങ്ങളോട് ചോദിച്ചാല്‍ അതിന്‍റെ അര്‍ഥം എവിടെ നിന്നു വലിഞ്ഞു കേറി എന്നാകുന്നു…പാഠം 2 : കുറച്ചു ദിവസങ്ങള്‍ പുതിയ വാക്കുകള്‍ ഒന്നും കിട്ടാതെ കടന്നു പോയി… വൈകാതെ ഒരു ദിവസം അടുത്ത അവസരം വന്നെത്തി… ഇത്തവണ ടിക്കറ്റ് എടുക്കാന്‍ നേരം ഇറങ്ങേണ്ട സ്ഥലത്തിന്റെ പേര് പറയാന്‍ വിട്ടുപോയി… നമ്മുടെ നാട്ടില്‍ സ്ഥിരമായി കയറുന്ന ബസ്സില്‍ ഇറങ്ങേണ്ട സ്ഥലം അങ്ങനെ എന്നും പറയേണ്ട കാര്യം ഇല്ലല്ലോ… പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും… ആ ഒരു അനുഭവം വെച്ചു ഇരുപതു രൂപയും നീട്ടിപ്പിടിച്ചു ഞാന്‍ മിണ്ടാതെ നിന്നു… അപ്പോ ദാണ്ടേ വരുന്നു ചോദ്യം… ഒന്നല്ല…രണ്ട്…രണ്ടിലും ‘എല്ലി’ ഉണ്ട്… കുഴഞ്ഞല്ലോ കര്‍ത്താവേ… അപ്പോഴാണ് എനിക്ക് ബോധം വന്നത്… എവിടെ ഇറങ്ങണം, എവിടെ നിന്നു കയറി… രണ്ടിലും ‘എല്ലി’ വരും… പിന്നെ രണ്ടും കല്‍പ്പിച്ച് , കളരിപരമ്പര ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്, രണ്ട് ഉത്തരങ്ങള്‍ അങ്ങോട്ട് പറഞ്ഞു കൊടുത്തു… ആദ്യം ഇറങ്ങേണ്ട സ്ഥലവും,രണ്ടാമത് കയറിയ സ്ഥലവും… എന്‍റെ ഒരു കാര്യം… അതും ഏറ്റു…
ഗുണപാഠം : ഇത് പോലുള്ള അവസരങ്ങളില്‍ സ്വന്തം സാമാന്യ ബുദ്ധി ഉപയോഗിക്കുക…ആദ്യത്തെ ചോദ്യം സ്വാഭാവികമായും എങ്ങോട്ട് അല്ലെങ്കില്‍ ‘to where ‘ എന്നായിരിക്കും… രണ്ടാമത്തേത് ഉറപ്പായും എവിടെ നിന്ന് അല്ലെങ്കില്‍ ‘from where ‘ എന്നും… ഇനി മൂന്നാമത് ഒരു ചോദ്യം വന്നാലോ എന്ന് ചില കുരുട്ടുബുദ്ധികള്‍ക്ക് തോന്നാം… അതിനും ഉണ്ട് ഉപായം… മൂന്നാമത്തെ ചോദ്യം എത്ര അല്ലെങ്കില്‍ ‘how many ‘ എന്നായിരിക്കണമല്ലോ…. അതായത് എത്ര ടിക്കറ്റ് വേണം എന്ന്… മൂന്നു ചോദ്യം വന്നാല്‍ ഒന്നും നോക്കേണ്ട, ഈ പറഞ്ഞ ക്രമത്തില്‍ അങ്ങ് മറുപടി പറഞ്ഞാല്‍ മതിയെന്നേ… ഇനി നാലാമത് ഒരു ചോദ്യം കൂടി വന്നാലോ എന്ന് എന്നോട് ചോദിക്കരുത്… അതിനു ആകെ ഒരു വഴിയേ ഉള്ളൂ… ഒന്നും മിണ്ടാതെ , ഇമ ചിമ്മാതെ കണ്ടക്ട്ടരെ നോക്കുക… മുഖത്ത് ‘ബ്ലിംഗ്’ എന്നൊരു എക്സ്പ്രഷന്‍ ഉണ്ടായിരിക്കണം… പിന്നെ ഒന്നും ചോദിക്കില്ല… അപ്പോതന്നെ പുള്ളിക്കാരന് കാര്യം മൊത്തം പിടികിട്ടിക്കോളും…പാഠം 3 : പഠിത്തം തുടങ്ങിയിട്ട് ഏകദേശം മൂന്നാഴ്ച കഴിഞ്ഞെങ്കിലും കാര്യമായ പുരോഗതി ഒന്നും ഇല്ല… എന്‍റെ കേട്ട്യോനാണേല്‍ കണ്ടതിനും കേട്ടതിനും ഒക്കെ ‘എല്ലി’ പ്രയോഗം തുടങ്ങി… എന്നെത്തന്നെ, എന്നെമാത്രം ഉദ്ദേശിച്ചാണ് ഈ ഒളിയമ്പുകള്‍ എന്ന് മനസ്സിലാകാഞ്ഞിട്ടല്ല… പ്രതികരിക്കാതിരുന്നത് ഒരേ ഒരു കാര്യം മാത്രം ഓര്‍ത്തിട്ടാണ്… കന്നടയില്‍ ചീത്ത പറയാനുള്ള ആമ്പിയര്‍ ആയിട്ടില്ല… അത്ര തന്നെ… എന്തായാലും എന്‍റെ അത്യാവശ്യം മനസ്സിലാക്കി ദൈവം അറിഞ്ഞു ഒരു അവസരം ഉണ്ടാക്കിത്തന്നു… അന്ന് ബസ്സില്‍ അത്യാവശ്യം നല്ല തിരക്കുണ്ട്… തിരക്കുള്ള ബസ്സിലെ കണ്ടക്റ്റര്‍മാര്‍ക്ക് ഒരു പ്രത്യേക ടെക്നിക് ഉണ്ട്… നൂറു രൂപ ഒക്കെ കൊടുത്തു ഇരുപതു രൂപയ്ക്കു ടിക്കറ്റ് എടുക്കുന്നവന്റെ കാര്യം പോക്കാ… ബാക്കിയുള്ള 80 റുപ്പീസ് ടിക്കെട്ടിന്റെ പിറകില്‍ എഴുതിത്തരും… ഇവനാര് റിസര്‍വ് ബാങ്ക് ഗവര്‍ണറോ, തുകയെഴുതി ഒപ്പിട്ടു തരാന്‍ എന്നൊന്നും വിചാരിച്ചിട്ട് കാര്യമില്ല… നമ്മ ബംഗലൂരുവില്‍ ഇങ്ങനെയൊക്കെയാ… ഇറങ്ങാനുള്ള തിരക്കിനിടയില്‍ 80 റുപ്പീസ് മറന്നുപോയാല്‍ കണ്ടക്റ്റര്‍ ഹാപ്പി…ജിംകാലാല…. അന്നെന്തോ എന്‍റെ അതേ സ്റ്റോപ്പില്‍ ഇറങ്ങാനുണ്ടായിരുന്ന ഒരുത്തനും ഇതേ അനുഭവം ഉണ്ടായി…പക്ഷെ ഇറങ്ങാന്‍ നേരം അവന്‍ ബാക്കി കിട്ടാനുള്ള കാര്യം മറന്നില്ല… അവന്‍ മിക്കവാറും ഒരു മലയാളി ആയിരുന്നിരിക്കണം… കാരണം കിട്ടാനുള്ള 50 പൈസക്ക് വരെ കണക്കു പറയാനുള്ള ചങ്കൂറ്റം മലയാളിക്കല്ലാതെ വേറെ ആര്‍ക്കുണ്ട്?… എന്തായാലും കണ്ടക്ടര്‍ ഒരു അറ്റത്തും ഇവന്‍ മറ്റേ അറ്റത്തും ആണ്… ബസ് നിര്‍ത്തിയിട്ടും ബാക്കി കിട്ടുന്ന ലക്ഷണം ഒന്നും കാണാതായപ്പോള്‍ ചെക്കന്‍ ബഹളം ഉണ്ടാക്കാന്‍ തുടങ്ങി… കണ്ടക്ടര്‍ ആദ്യം എന്തൊക്കെയോ കന്നടയില്‍ പറഞ്ഞു… എനിക്ക് ഒന്നും മനസ്സിലായില്ല… അവനും ഒന്നും മനസ്സിലായില്ല എന്ന് തോന്നണു… അതാവും ഇപ്പറഞ്ഞതൊന്നും കേള്‍ക്കാത്ത മാതിരി അവന്‍ ‘ബാലന്‍സ്’ ‘ബാലന്‍സ്’ എന്ന് പിന്നേം അലറാന്‍ തുടങ്ങി… പിന്നെ ഞാന്‍ കേള്‍ക്കുന്നത് കുറെ എന്തൊക്കെയോ കട്ടി വാക്കുകള്‍ കണ്ടക്ടറുടെ വായില്‍നിന്ന് അനര്‍ഗളനിര്‍ഗളം പ്രവഹിക്കുന്നതാണ്… മൊത്തം തെറിവിളി ആയിരുന്നുകാണും…ഉറപ്പാ… അവസാനം പറഞ്ഞത് മാത്രേ എനിക്ക് തിരിഞ്ഞുള്ളൂ… ‘__ടാ പന്നി’ എന്ന് മാത്രം കേട്ടു… ആദ്യത്തെ വാക്ക് മൊത്തം കിട്ടിയില്ലേലും അവസാനം പറഞ്ഞത് മനസ്സിലായി…പന്നി എന്ന്… ഓഹോ, അപ്പോ കന്നടയിലും പന്നി ‘പന്നി’ തന്നെയാ… ചിലപ്പോ ‘ഇറങ്ങിപ്പോടാ പന്നി’ എന്നായിരിക്കും അയാള് കന്നടയില്‍ ഉദ്ദേശിച്ചത്…ശ്ശോ…ഈ എന്റെയൊരു കാര്യം… അല്ലേലും ഒരു പുതിയ ഭാഷ പഠിക്കുമ്പോള്‍ അതിലെ ചീത്തവാക്കുകള്‍ ആദ്യം പഠിച്ചിരിക്കണമെന്ന് പണ്ടേതോ മഹാന്‍ പറഞ്ഞത് ഇപ്പോള്‍ ഞാനോര്‍ക്കുന്നു…
അന്ന് വൈകുന്നേരം സന്തോഷത്തോടെ, അതിലധികം ഉത്സാഹത്തോടെ ഞാന്‍ തോമാച്ചായന്റെ അടുത്ത് വന്ന് സംഭവങ്ങള്‍ മൊത്തം വിശദീകരിച്ചു കൊടുത്തു… കൂട്ടത്തില്‍ കന്നടയില്‍ ‘പന്നി’ എന്നൊക്കെ വിളിച്ച് എന്‍റെ ഭാഷപ്രാവീണ്യവും തെളിയിച്ചുകൊടുത്തു… പകരം കെട്ട്യോന്‍ കൈക്കരുത്തിലെ പ്രവീണ്യം കവിളത്ത് തെളിയിച്ചോ എന്ന് മാത്രം ചോദിക്കരുത്… അത് സീക്രട്ട് ആണ്… എന്തായാലും ഇതിനുശേഷം രണ്ട് ദിവസത്തേക്ക് ഞാന്‍ രാജാവായി വിലസിനടന്നു… ഇനി പുതിയ വാക്കൊന്നും പഠിച്ചില്ല എന്ന് പറയരുത്, ഇതുപോലത്തെ ചീള് കേസിനൊന്നും ഇനി കളിയാക്കാന്‍ വന്നേക്കരുത് എന്നൊക്കെ പറഞ്ഞ് വന്‍ ജാഡ… പക്ഷെ തോമാച്ചായന്‍ മാത്രം വളരെ അസ്വസ്ഥനായി കാണപ്പെട്ടു… കുത്തിക്കുത്തി ചോദിച്ചപ്പോഴല്ലേ കാര്യം മനസ്സിലായത്… ഓഫീസിലെ കന്നടക്കാരന്‍ മാനേജരുടെ മുന്‍പില്‍വെച്ച് ‘പന്നി’പ്രയോഗം നടത്തിയിട്ടുണ്ട് പോലും… അയാള്‍ക്ക് കാര്യം മനസ്സിലായിക്കാണുമല്ലോ എന്ന ആശങ്കയാണ്… ഞാന്‍ സമാധാനിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല… പക്ഷെ അതിന്‍റെ അടുത്ത വെള്ളിയാഴ്ച വൈകുന്നേരം, പതിവുള്ള ,സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ (ഈ കൂടിക്കാഴ്ച എന്ന് പറയുമ്പോള്‍ കോളേജിലെ പഴയ ഗോസിപ്പുകള്‍,വണ്‍വേ ,ടൂവേ ഒക്കെ ഒന്നുകൂടി ചികഞ്ഞു മാന്തുക, പഴയ തമാശകള്‍ പിന്നേം പിന്നേം പറഞ്ഞു ആര്‍ത്തു ചിരിക്കുക തുടങ്ങിയ കലാപരിപാടികള്‍ ഒക്കെയാണ് പ്രധാനപ്പെട്ട ഇനങ്ങള്‍…) എന്‍റെ പുതിയ കണ്ടുപിടിത്തം അങ്ങ് വിളമ്പി… എന്‍റെ കഷ്ടകാലത്തിന് പിടിച്ചുനില്‍ക്കാനുള്ള കന്നടയൊക്കെ വശമുള്ള ഒരു മിടുക്കന്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു… അവന്‍ ഇത് കേട്ടപ്പോള്‍ ഒരു കാരണവുമില്ലാതെ ചുമ്മാ അങ്ങ് ചിരിക്കാന്‍ തുടങ്ങി…കൊലച്ചിരി… പിന്നെയല്ലേ ഞെട്ടിക്കുന്ന ആ സത്യം ഞാന്‍ മനസ്സിലാക്കിയത്… അന്നത്തെ തിരക്കുള്ള ആ ബസ്സിലെ കണ്ടക്ട്ടര്‍ പറഞ്ഞത് ‘ഇറങ്ങിപ്പോടാ പന്നി’ എന്നായിരുന്നില്ല സുഹൃത്തുക്കളേ… അത് ‘ഒലകെടാ ബന്നി’ എന്നായിരുന്നു… എന്ന് വെച്ചാല്‍ ‘അകത്തോട്ട് കയറിനില്‍ക്കൂ’ എന്ന് !!… 🙁
തിരക്കുള്ള ഒരു ബസ്സിലെ കണ്ടക്ട്ടര്‍ വേറെന്തു പറയാന്‍?…
എന്തായാലും ഇതോടെ ഒരു കാര്യം വ്യക്തമായി… ഇതൊന്നും അങ്ങനെ ഈസിയായി നടക്കണ കാര്യല്ല ഇഷ്ടാ… അതുകൊണ്ട് മീനുക്കുട്ടി ധീരമായ ഒരു തീരുമാനം എടുത്തു… ഒരു കന്നടഭാഷാപഠനസഹായി അങ്ങ് വാങ്ങിച്ചു…ഇരുപതു രൂപയേ ഉള്ളൂ കേട്ടോ…