• ഓം എന്‍ട്രന്‍സായ നമ:

  Written on 2010.09.28 | Category: ചെറുകഥകള്‍ | Author: Meenukkutty

  ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം സ്കൂളില്‍ പഠിക്കുന്ന സമയം ആണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു…ഈ അഭിപ്രായത്തോട് യോജിക്കാനോ യോജിക്കാതിരിക്കാനോ ഞാന്‍ തുനിയുന്നില്ല…ഓര്‍മയിലെ കാഴ്ചകള്‍ക്ക് മങ്ങല്‍ വീണിരിക്കുന്നു…മനസ്സില്‍ തെളിയുന്ന ചിത്രങ്ങള്‍ പഠിത്തത്തില്‍ മാത്രം ശ്രദ്ധിക്കുന്ന ഒരു കുട്ടിയുടേതാണ്…ഹോംവര്‍ക്ക്‌ ചെയ്യാത്തതില്‍ ആശങ്കപ്പെടുന്നതും സമ്മാനം വാങ്ങാന്‍ സ്റ്റേജില്‍ കയറുന്നതും ചെറിയ അശ്രദ്ധ മൂലം കണക്കിന് ഫുള്‍ മാര്‍ക്ക്‌ കിട്ടാത്തതില്‍ നിരാശപ്പെടുന്നതും മറ്റും…ഓര്‍മ്മകള്‍ ഇങ്ങനെയൊന്നും ആവേണ്ടിയിരുന്നില്ല എന്ന് ഇപ്പൊ തോന്നുന്നു…പില്‍ക്കാലത്ത്‌ ഓര്‍ത്തു ചിരിക്കാനുള്ള കുറെ നല്ല അവസരങ്ങള്‍ വെറുതെ പഠിച്ചു നടന്നു നശിപ്പിച്ചതില്‍ ഞാനിന്ന് ദുഖിക്കുന്നു…

  പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് പഠിത്തത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഞാന്‍ ബോധവതിയായിത്തുടങ്ങിയത്…പക്ഷെ അപ്പോഴേക്കും നന്നായിട്ടൊന്നു ഉഴപ്പാന്‍ കഴിയാത്ത വിധം കുരുക്ക് വീണു കഴിഞ്ഞിരുന്നു…ഈ പ്ലസ്‌ടു എന്ന് പറയുമ്പോള്‍ സ്കൂള്‍ ആണോന്നു ചോദിച്ചാല്‍ അല്ല,എന്നാല്‍ കോളേജ് ആണോന്നു ചോദിച്ചാല്‍ അതുമല്ല എന്ന മട്ടില്‍ രണ്ടും കെട്ട ഒരു സംഭവമാണല്ലോ…പ്രശ്നം ഇതൊന്നുമല്ല…പ്ലസ്‌ടു പഠനത്തിന്റെ ഒപ്പം വേറൊരു കടമ്പ കൂടി ഉണ്ടല്ലോ..എന്‍ട്രന്‍സ്…പ്ലസ്‌ടു പാസായാലും ഇല്ലെങ്കിലും എന്‍ട്രന്‍സ് എഴുതിക്കോളണം എന്നത് ഒരു അലിഖിതനിയമം ആയിപ്പോയി…ചില അച്ഛനമ്മമാരുടെ ആശങ്ക കണ്ടാല്‍ എഞ്ചിനീയറിങ്ങിനോ മെഡിസിനോ സീറ്റ്‌ കിട്ടിയില്ലെങ്കില്‍ ലോകം ഇടിഞ്ഞു വീണേക്കും എന്ന് തോന്നും…നാടോടുമ്പോള്‍ നടുവേ ഓടണമല്ലോ…അങ്ങനെ മീനുക്കുട്ടിയും ഒരു ഇഞ്ചിനീയര്‍ ആയി…ആ കഥയാണ്‌ പറഞ്ഞു വരുന്നത്…എഞ്ചിനീയറാകണം എഞ്ചിനീയറാകണം എന്ന ആഗ്രഹത്തോടെ ഞാന്‍ എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിലാണ്…പി.സി.തോമസ്‌ സര്‍…അന്ന് കേരളത്തിലെ എന്ട്രന്‍സ് കോച്ചിങ്ങിന്റെ ആദ്യത്തെയും അവസാനത്തെയും വാക്ക് ഇതായിരുന്നു…പിന്നീടല്ലേ ബ്രില്ല്യന്റ്,ഫീനിക്സ്,സിംഫണി എന്നൊക്കെപ്പറഞ്ഞു മുട്ടിനു മുട്ടിനു ഒരു പഞ്ചായത്തില്‍ ഒന്നു വീതം കോച്ചിംഗ് സെന്ററുകള്‍ മുളച്ചു പൊന്താന്‍ തുടങ്ങിയത്…സത്യത്തില്‍ എഞ്ചിനീയര്‍ തന്നെ ആകണം എന്ന് എനിക്ക് ഒരു നിര്‍ബന്ധവും ഇല്ലായിരുന്നു…പക്ഷെ,എന്‍റെ വീടിനടുത്തുള്ള ഒരു ചേച്ചി ഡാക്കിട്ടര്‍ ആകാന്‍ വേണ്ടി എന്ട്രന്സിന്റെ യുദ്ധഭൂമിയില്‍ തളരാതെ വീണ്ടും വീണ്ടും പൊരുതി വീണത്‌ 3 തവണയാണ്…ഈ പണിക്കു പോയ നേരത്ത് ബി.ടെക് പഠിച്ചിരുന്നേല്‍ എഞ്ചിനീയറോ എല്‍.എല്‍‍.ബി പഠിച്ചിരുന്നേല്‍ വക്കീലോ കല്യാണം കഴിച്ചിരുന്നേല്‍ രണ്ട് പിള്ളേരുടെ അമ്മയോ ആകാമായിരുന്നു എന്നൊന്നും ചേച്ചി ഓര്‍ത്തില്ല…പക്ഷെ,ആകെയുള്ള മൂന്നു ചാന്‍സും തീര്‍ന്നപ്പോള്‍ വീട്ടുകാര്‍ ചേച്ചിയെ ഡിഗ്രിക്ക് കൊണ്ടു പോയി ചേര്‍ത്തു…അക്കാര്യം ഓര്‍ത്തപ്പോള്‍ത്തന്നെ മെഡിസിന്‍ ഞാന്‍ വേണ്ടെന്നു വെച്ചു…

  പക്ഷെ എന്ട്രന്‍സ് കോച്ചിങ്ങിനു ചേരാന്‍ ചെന്നപ്പോഴാണ് ആകെ കണ്‍ഫ്യൂഷന്‍ ആയത്…മെഡിസിന്‍ ആയാലും എന്ജിനീയറിംഗ് ആയാലും രണ്ടും കൂടെ പഠിച്ചാലും അഡ്മിഷന്‍ ഫീസ് ഒന്നു തന്നെയാണത്രേ…ഏതെടുത്താലും 10 രൂപ!!…അതായത് പതിനായിരം രൂപ…വീട്ടില്‍ നിന്നു എന്ജിനീയറിംഗ് എന്ന് പറഞ്ഞുറപ്പിച്ചാണ് വന്നതെങ്കിലും ഇത്‌ കേട്ടപ്പോള്‍ എന്‍റെ അമ്മച്ചിക്ക് പെട്ടെന്നൊരു ചാഞ്ചാട്ടം…”എന്തായാലും നമ്മള് ഇത്രേം കാശു കൊടുക്കാണ്…എന്നാപ്പിന്നെ മെഡിസിനും കൂടെ പഠിച്ചോ മോളെ…കൊടുത്ത കാശ് മുതലാക്കണ്ടേ”…അമ്മച്ചീടെ മാക്സിമം യൂട്ടിലൈസേഷന്‍ പ്രമാണം കേട്ടപ്പോള്‍ ഞാന്‍ വാ പൊളിച്ചിരുന്നു പോയി…അപ്പനാണേല്‍ ‘ഇവളെ എന്ജിനീയറിംഗ് പഠിപ്പിക്കാന്‍ ചെലവാകുന്നതിന്റെ മൊതലും പലിശയും കൂടെ ഉണ്ടായിരുന്നേല്‍ സ്ത്രീധനം കൊടുക്കാന്‍ ബാങ്കില്‍ ഇട്ടേക്കുന്നതില്‍ ഒരു ലക്ഷം കൂടെ ചേര്‍ക്കാമായിരുന്നു’ എന്നൊക്കെ ആലോചിച്ചു മിണ്ടാതെ നില്‍പ്പാണ്…ഭാഗ്യത്തിന് എങ്ങാനും രണ്ടും കിട്ടിപ്പോയാലോ എന്നൊക്കെ ചോദിച്ചു അമ്മച്ചി എന്നെ വീണ്ടും വീണ്ടും ആശയക്കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കുവാണ്… അവസാനം അമ്മച്ചീടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ടും പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു…ഇനിയിപ്പോ എങ്ങാനും ബിരിയാണി കൊടുക്കണൊന്ടെങ്കിലോ ? ഏത് …

  അവിടെ ജോയിന്‍ ചെയ്തു ആദ്യത്തെ ദിവസം ക്ലാസ്സില്‍ കയറാന്‍ നില്‍ക്കുമ്പോഴാണ് റെഗുലര്‍ ബാച്ചില്‍ പഠിക്കുന്ന ഞങ്ങളുടെ നാട്ടിലുള്ള ഒരു ചേട്ടനെ കാണുന്നത്…പരിചയമുള്ള ഒരാളെക്കണ്ട സന്തോഷത്തില്‍ ഞാന്‍ കൈ ഉയര്‍ത്തിക്കാണിച്ചു…ചേട്ടനാണേല്‍ ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്താനെന്നവണ്ണം എല്ലാ വശത്തേക്കും കണ്ണോടിച്ചിട്ടു പതുക്കെ ഒരു വളിച്ച ചിരി ചിരിച്ചു…പള്ളിയില്‍ വെച്ചു കാണുമ്പോള്‍ ചുമ്മാ പിടിച്ച് നിര്‍ത്തി കത്തിവെക്കുന്ന ചേട്ടന്‍ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല…ആകെ ഒരു വശപ്പിശക്…ചേട്ടന്‍ എന്‍റെ മുഖത്തേക്ക് നോക്കുന്നേയില്ല…ചമ്മലാണോ ടെന്‍ഷനാണോ എന്ന് വേര്‍തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഭാവം ചേട്ടന്റെ മുഖത്ത്…ഇനിയിപ്പോ ചേട്ടന് എന്നോട് വല്ല …ഏയ്‌..അങ്ങനൊന്നും ആകാന്‍ വഴിയില്ല….സോമാലിയയിലെ പിള്ളാരുടെ ശരീരപ്രകൃതിയും പഠിപ്പിസ്റ്റ് ലുക്കുമുള്ള(ലുക്ക് മാത്രേ ഉള്ളൂ കേട്ടോ) എന്നോട് ചേട്ടന് ലപ്പൊന്നും തോന്നാന്‍ വഴിയില്ല…ഞാന്‍ സ്വയം സമാധാനിച്ചു….പക്ഷെ,സൂക്ഷിച്ച്‌ നോക്കിയപ്പോഴാണ് ചേട്ടന്‍ എന്നെ നോക്കിയല്ല ടെന്‍ഷന്‍ അടിച്ചു നില്‍ക്കുന്നതെന്ന് മനസ്സിലായത്…എന്‍റെ പിറകില്‍ നില്‍ക്കുന്ന ആരെയോ നോക്കിയാണ്…തിരിഞ്ഞു നോക്കിയപ്പോഴുണ്ട്,ചേട്ടനെ കലിപ്പിച്ചു നോക്കി നില്‍ക്കുവാണ് സ്വതവേ ആണ്‍-പെണ്‍ സൌഹൃദ വിരോധിയായ തോമസ്‌ മാഷ്‌…പിന്നത്തെ കാര്യം പറയാനുണ്ടോ? ഞാന്‍ ഇത്‌ വരെ കേട്ടിട്ടില്ലാത്ത പല ഭാഷകളിലും ചേട്ടന് വയറു നിറയെ കിട്ടി…സാറ് ഭാഷാവരത്തില്‍ സംസാരിക്കുവാണോ എന്ന് വരെ ഞാന്‍ സംശയിച്ചുപോയി…അത്രേം പെണ്‍കുട്ടികളുടെ മുന്നില്‍നിന്നു ചേട്ടന്‍ വിയര്‍ത്തു കുളിച്ചു…എനിക്ക് സഹതാപം തോന്നിയില്ല…കാരണം ചേട്ടനെ ആക്രമിച്ചു കീഴടക്കിയതിനു ശേഷം സാറ് എന്‍റെ നേരെ തിരിയുമെന്ന് ഉറപ്പായിരുന്നു…എന്‍റെ മുട്ടുകാലു കൂട്ടിയിടിക്കുന്ന ശബ്ദം സാറ് കേട്ടെന്നു തോന്നണു…എന്തോ,എന്നെ ഒന്നു കണ്ണുരുട്ടി പേടിപ്പിച്ചിട്ട് ക്ലാസ്സില്‍ കേറിപ്പോകാന്‍ പറഞ്ഞു…ഞാന്‍ ജീവനും കൊണ്ടു പാഞ്ഞു…പിന്നീട് അവിടെ പഠിച്ച കാലത്തോളം സ്കൂളില്‍ പോലും ഒരു ചെക്കന്റെ മുഖത്ത് നോക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടിട്ടില്ല…

  എന്തായാലും ഒരു വര്‍ഷം എന്ജിനീയറിങ്ങും മെഡിസിനും കൂടി ഒരുമിച്ചു പഠിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി…ഇത്‌ രണ്ടും ഒരു നടക്ക് പോകണ ലക്ഷണമൊന്നും കാണുന്നില്ല…എന്ന് വെച്ചാല്‍ ബിരിയാണി കിട്ടൂല്ലാന്ന്…അങ്ങനെ മെഡിസിന്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് എന്ജിനീയറിങ്ങില്‍ മാത്രമായി ശ്രദ്ധ…അവിടെ വന്നിരുന്ന ഭൂരിഭാഗം ആള്‍ക്കാര്‍ക്കും ഏതെങ്കിലും ഒന്നു തന്നെ വേണം എന്ന നിര്‍ബന്ധബുദ്ധി ഇല്ലായിരുന്നു എന്ന് എടുത്തു പറയേണ്ടല്ലോ…നല്ല തൃശൂര് ഭാഷയില്‍ പറഞ്ഞാല്‍,”എന്തൂട്ട് തേങ്ങാക്കൊലയായാലും വേണ്ടില്ല,ഒന്നു കേറിപ്പററിയാല്‍ മതി” എന്നൊരു മനോഭാവം…ഞങ്ങള്‍ ഒരു പത്തു-പതിനഞ്ചു പേര്‍ ഒരുമിച്ചാണ് എല്ലാ ഞായറാഴ്ചയും പൊയ്ക്കൊണ്ടിരുന്നത്…കളിച്ചും ചിരിച്ചും വര്‍ത്തമാനം പറഞ്ഞും സമയം കടന്നു പോകുന്നതറിയാതെയുള്ള ആ യാത്രകള്‍ എന്തു രസമായിരുന്നെന്നോ…എന്ന് ഞാന്‍ പറയൂല്ലാ…അത്ര വല്യ രസമൊന്നും ഉണ്ടായിരുന്നില്ല..വണ്ടിയില്‍ കയറേണ്ട താമസം എല്ലാരും പുസ്തകോം തുറന്നു വെച്ചു പഠിത്തം തുടങ്ങും…വണ്ടിക്കുള്ളിലൂടെ ഫോര്‍മുലകളും തീയറങ്ങളും ഇങ്ങനെ പാറിപ്പറന്നു നടന്നു…എത്ര കുഴിമടിയന്‍ ആണെങ്കിലും അറിയാതെ ഒരു കൊതി തോന്നിപ്പോകും…ഒന്നു പഠിച്ചാലോ എന്ന്…അങ്ങനെ മീനുക്കുട്ടിയും കുറേ ഏതാണ്ടൊക്കെ പഠിച്ചു…

  പരീക്ഷ ഇങ്ങടുത്തു…അതോടെ വീട്ടിലും ഏതാണ്ട് യുദ്ധസമാനമായ അന്തരീക്ഷം ആയിത്തുടങ്ങി…രാവിലെ എന്നെ ആറു മണിക്ക് വിളിച്ചെണീപ്പിക്കാന്‍ വേണ്ടി അമ്മച്ചി അഞ്ച് മണിക്കേ ഉണരും…പിന്നെ അവിടെ ഒരു അങ്കമാണ്…എനിക്ക് പണ്ടേ അമ്മച്ചിയെ പേടിയില്ലാത്തോണ്ട് അപ്പന്റെ പേര് പറഞ്ഞാണ് ഭീഷണി മൊത്തം…പണ്ട് കൊച്ചുപിള്ളാരെ കോക്കാച്ചീനെ കാണിച്ച് പേടിപ്പിക്കൂല്ലേ ..ആ സൈസ് ഒരു വേല!!…അത് കുറെയൊക്കെ ഫലം കണ്ടു എന്ന് വേണം പറയാന്‍…പത്താം ക്ലാസ്സിലെ സ്റ്റഡി ലീവിനെക്കാളും കൂടുതല്‍ ഞാന്‍ ഉറക്കമിളച്ചു…വല്ലതും പഠിച്ചോ എന്ന് ചോദിച്ചാല്‍…ഉണ്ടെന്നും ഇല്ലെന്നും ഉത്തരം രണ്ടു തരം…

  കണക്കു പരീക്ഷയുടെ ദിവസം…രാവിലെത്തന്നെ അപ്പനും അമ്മച്ചിയും പള്ളിയില്‍ പോയി ദൈവാനുഗ്രഹം പാര്‍സല്‍ ആയി കൊണ്ടുവന്നു കൈവെപ്പ് ശുശ്രൂഷ വഴി തലയിലേക്ക് ഒഴുക്കിത്തന്നു…നിര്‍ദേശങ്ങളും അനുഗ്രഹങ്ങളും ശിരസ്സാവഹിച്ചു പേന,HB പെന്‍സില്‍,റബ്ബര്‍,കട്ടര്‍ തുടങ്ങിയ മാരകായുധങ്ങളുമായി അങ്കത്തട്ടിലേക്ക്…പരീക്ഷ നടക്കുന്ന സ്കൂളില്‍ ചെന്നപ്പോള്‍ അവിടെ അച്ഛനമ്മമാരുടെ ബഹളമാണ്…ഒരു കയ്യില്‍ വെള്ളക്കുപ്പിയും മറുകയ്യില്‍ ഗ്ലൂക്കോസ് പാക്കറ്റുമായി അമ്മമാര്‍…പരീക്ഷ തീരുന്നതിനു മുന്‍പ് ചിലപ്പോ ആധി മൂത്ത് ആ ഗ്ലൂക്കോസ് ഇവര്‍ക്കുതന്നെ വേണ്ടി വന്നേക്കുമെന്ന് ഒരു വേള ഞാന്‍ മനസ്സിലോര്‍ത്തു…വായുടെ തുമ്പത്ത് വരെയെത്തിയ നേരിയ ചിരിയെ അടിച്ചൊതുക്കി ഞാന്‍ പരീക്ഷാഹാളിലെത്തി…സീറ്റ് കണ്ടുപിടിച്ചു അത്യാവശ്യം വേണ്ട ടൂള്‍സ് മാത്രം എടുത്ത് തല്‍സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു..പിന്നീട് ഒന്നും ഓര്‍ക്കാന്‍ ശ്രമിച്ചില്ല…അകത്തു കയറുന്നതിനു തൊട്ടു മുന്‍പ് വരെ വാരി വലിച്ചു വായിച്ചു എങ്ങനെയോ തലയില്‍ തള്ളിക്കയറ്റി വെച്ചിരിക്കുന്നതൊന്നും പരീക്ഷ തുടങ്ങുന്നതിനു മുന്‍പ് പുറത്തോട്ടു ചാടിപ്പോകല്ലേ എന്നോര്‍ത്തിട്ടാണ്…ചാടുന്നുന്ടെങ്കില്‍ അത് എന്‍റെ ഉത്തരപേപ്പറിലേക്ക്‌ മാത്രം…അതാണ്‌!!

  ചോദ്യപേപ്പര്‍ കയ്യില്‍ക്കിട്ടി…സാധാരണ മുഴുവനും വായിച്ചു നോക്കാന്‍ നില്‍ക്കാതെ ആദ്യം മുതല്‍ എഴുതിത്തുടങ്ങുകയാണ് പതിവ്…അന്നെന്തോ വെറുതെയൊന്നു മറിച്ചു നോക്കി…അപ്പോ ദാണ്ടേ,ഒന്നു രണ്ടു പേജുകളില്‍ ചോദ്യം തെളിഞ്ഞിട്ടില്ല…എന്‍റെ ക്ലാസ്സില്‍ എനിക്കും വേറൊരു ആണ്‍കുട്ടിക്കും മാത്രമേ ചോദ്യപേപ്പറില്‍ കുഴപ്പമുള്ളൂ…എന്‍റെ ക്ലാസ്സില്‍ പരീക്ഷാ മേല്‍നോട്ടത്തിന് നിന്നിരുന്ന ടീച്ചറിന് ആകപ്പാടെ വേവലാതി…എന്ത് ചെയ്യണമെന്നു അറിഞ്ഞൂടാ…പുള്ളിക്കാരി ക്ലാസ്സില്‍നിന്നു പുറത്തിറങ്ങി തലങ്ങും വിലങ്ങും ഓട്ടമാണ്…ഈ സമയം മൊത്തം ഞാന്‍ ചോദ്യപേപ്പര്‍ മാറ്റിത്തരുന്നതും നോക്കി അവിടെതന്നെ നിന്നു…ബാക്കിയുള്ള ചോദ്യങ്ങള്‍ നോക്കാന്‍ പോലും മെനക്കെട്ടില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ…അത്യാവശ്യം സാമാന്യബുദ്ധി ഉണ്ടായിരുന്ന മറ്റേപ്പയ്യന്‍ സീറ്റിലിരുന്നു ഉത്തരം എഴുതാന്‍ തുടങ്ങി…ഞാന്‍ 20 മിനിട്ടോളം വെറുതെ ഇരുന്നു…അവസാനം എനിക്ക് മാത്രം ചോദ്യപേപ്പര്‍ മാറ്റിത്തന്നു…മറ്റെയാള്‍ക്ക് പുതിയ ചോദ്യപേപ്പര്‍ വേണ്ടെന്നു പറഞ്ഞു…ബാക്കിയുള്ള പേജുകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയാല്‍ത്തന്നെ രക്ഷപ്പെടാം എന്ന് അവനു തോന്നിക്കാണണം…ആ ബോധം എന്തായാലും എനിക്ക് തോന്നിയില്ല…ഇല്ലാത്തത് എന്തായാലും തോന്നില്ലല്ലോ എന്ന് ചിലപ്പോ ഇത്‌ വായിക്കുന്ന പലരും വിചാരിക്കുന്നുണ്ടാവും…ഇനിയിപ്പോ എന്തായാലും ഉത്തരങ്ങള്‍ ആലോചിച്ചു കണ്ടുപിടിക്കാന്‍ നിന്നാല്‍ അധികമൊന്നും എഴുതാന്‍ ഉണ്ടാവില്ല…ഒരേയൊരു മാര്‍ഗമേയുള്ളൂ…അത് തന്നെ..പിന്നെ ഒട്ടും അമാന്തിച്ചില്ല…O .M .R ഷീറ്റ് ഒരു ചോരക്കളമായി മാറി…ഒരുപാടൊരുപാട് A -കളും C-കളും അവിടെ കരിഞ്ഞു വീണു…(കറക്കിക്കുത്തുമ്പോള്‍ A അല്ലെങ്കില്‍ C,ഏതേലും ഒന്നു മാത്രം കറുപ്പിക്കണമെന്ന് അയല്‍വക്കത്തെ ചേച്ചി പറഞ്ഞു തന്നിരുന്നു…ചേച്ചി 3 ടൈംസ് പൊട്ടിയത് എങ്ങനെയാണെന്ന് മനസ്സിലായല്ലോ…)…ഒരു വെറൈറ്റി ആയിക്കോട്ടെന്ന് വിചാരിച്ചു ഞാന്‍ A -യും C -യും എനിക്ക് തോന്നിയ ഡിസൈനുകളില്‍ കറുപ്പിച്ചു…എന്തായാലും ആ കരവിരുതില്‍ എനിക്ക് മാത്രമേ അഭിമാനം തോന്നിയുള്ളൂ…പരീക്ഷ കഴിഞ്ഞ് അപ്പനും അമ്മച്ചിയും ഇതറിഞ്ഞപ്പോള്‍ ‘ഇപ്പൊ തിന്നുകളയും’ എന്ന മട്ടിലാണ് എന്നെ നോക്കിയത്…വെറുതെയല്ല…ഒന്നും രണ്ടുമല്ല,പതിനായിരം രൂപയല്ലേ പൊന്നുമോള് കൊണ്ടുപോയി കറുപ്പിച്ചു കളിച്ചത്…അപ്പനെ കുറ്റം പറയാന്‍ പറ്റില്ലാ…:P

  എന്തായാലും ചോദ്യപേപ്പറിലെ പ്രശ്നത്തിന്റെ പേര് പറഞ്ഞു എനിക്ക് രക്ഷപ്പെടാന്‍ അവസരം കിട്ടിയില്ല…കേരള സര്‍ക്കാര്‍ എന്നോടീ കടുംകൈ ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചതേയില്ല….കാര്യമായി പഠിച്ചു വന്ന കുറെ കട്ടപ്പുലികള്‍ക്ക്‌ 120 -ല്‍ 110 ചോദ്യത്തിന് മാത്രമേ ഉത്തരം എഴുതാന്‍ കഴിഞ്ഞുള്ളൂ എന്ന്…വളരെ കഷ്ടമായിപ്പോയി…പാവങ്ങള്‍…അതുകൊണ്ട് പരീക്ഷ ഒരു മാസം കഴിഞ്ഞ് വീണ്ടും നടത്തുമത്രേ…ഠിം…കാര്യം എന്തായാലും നമ്മടെ ആപ്പീസ് പൂട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ…ആദ്യത്തെ പരീക്ഷയുടെ സമയത്ത് സ്വസ്ഥമായി ഇരുന്നു പഠിക്കാന്‍ വേണ്ടി വീടിനടുത്ത് തന്നെയുള്ള തറവാട്ടുവീട്ടില്‍ കൊണ്ടു പോയിരുത്തിയായിരുന്നു പഠിപ്പീര്…അവിടെ പണ്ട് വാടകയ്ക്ക് താമസിച്ചിരുന്ന ആള്‍ക്കാര്‍ ഉപേക്ഷിച്ചുപോയ മനോരമ ആഴ്ചപ്പതിപ്പ് മൊത്തം പരീക്ഷക്ക്‌ മുന്‍പ് വായിച്ചു തീര്‍ക്കാന്‍ പറ്റിയിരുന്നില്ല…ഇത്തവണയും ഞാന്‍ സന്തോഷത്തോടെ പുസ്തകക്കെട്ടുമായി തറവാട്ടിലേക്ക് വെച്ചുപിടിച്ചു…ബാക്കിയുള്ളത് വായിച്ചു തീര്‍ക്കണമല്ലോ…എന്‍റെ പഠിക്കാനുള്ള ആവേശത്തില്‍ എന്തോ പന്തികേട്‌ തോന്നിയിട്ടാവണം, അമ്മച്ചിയുടെ ചാരപ്രവര്‍ത്തനത്തിന്റെ ഫലമായി തടിയന്‍ റഫറന്‍സ് ബുക്കിന്റെ ഉള്ളില്‍നിന്ന് എല്ലിച്ച ആഴ്ചപ്പതിപ്പ് അപ്പന്‍ കൈയോടെ പിടികൂടി…തൊണ്ടിമുതല്‍ കണ്ടുകെട്ടിയ സ്ഥിതിക്ക് ഇനി മസ്സില് പിടിച്ചു നിന്നിട്ടൊന്നും കാര്യമില്ലെന്ന് മനസ്സിലായതോണ്ട് ഞാന്‍ എല്ലാം സമ്മതിച്ചു കൊടുത്തു…രക്തയക്ഷിയുടെയും പുനര്‍ജന്മത്തിന്റെയും കഥയടക്കം പറഞ്ഞു കൊടുത്തു…അതില്‍പ്പിന്നെ പഠിത്തം വീട്ടിലോട്ടു മാറ്റി…പഠിക്കാനിരിക്കുന്ന മുറിയുടെ പുറത്ത് അപ്പനും അമ്മച്ചിയും ഷിഫ്റ്റ്‌ ആയിട്ട്‌ കാവല്‍ തുടങ്ങി‍…കാര്യം സീരിയസ് ആണെന്ന് മനസ്സിലായി…എങ്കില്‍പ്പിന്നെ അപ്പനേം അമ്മച്ചിയേം മെനക്കെടുത്താതെ വല്ലതും നാലക്ഷരം പഠിച്ചേക്കാം എന്ന് നോം അങ്ങട്ട് തീരുമാനിച്ചു…അങ്ങനെയാണ് മീനുക്കുട്ടി എന്ന് പേരുള്ള മിടുമിടുക്കി പെങ്കൊച്ച്, എന്‍ജിനീയര്‍ ആയത്…ശുഭം…

  Written By : Meenukkutty