-
ഒരു ആഫ്രിക്കന്‍ വീരഗാഥ
മരണത്തിനുശേഷമുള്ള ജീവിതത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല…ഏഴു ജന്മങ്ങള്‍ ഉണ്ടോ എന്നും ഉറപ്പില്ല…അങ്ങനെയാണെങ്കില്‍ ഈ ജന്മത്തില്‍ ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ മനസ്സില്‍ താലോലിക്കുന്ന സങ്കല്പങ്ങള്‍ വിവാഹം,കുടുംബം ഇതൊക്കെത്തന്നെയാണ്…കല്യാണം കഴിഞ്ഞ് ഒരു പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ എല്ലാവരുടേം മനസ്സില്‍ ഒരു പ്രാര്‍ത്ഥനയേ ഉണ്ടാകൂ, “ദൈവമേ,വല്യ അടിപിടിയും കത്തിക്കുത്തും ഒന്നും ഇല്ലാതെ നല്ല രീതിയില്‍ അങ്ങ് ജീവിച്ചു പോകാന്‍ പറ്റണേ” എന്ന്…പ്രാര്‍ത്ഥന കേട്ടോ എന്നൊന്നും പറയാറായിട്ടില്ല…എങ്കിലും ഇതുവരെ അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല…
ഭീമയുടെ പരസ്യം പോലെ “കല്യാണം കഴിച്ചാല്‍ ഹണിമൂണ്‍ യാത്ര വേണം, കെട്ട്യോനെ ആവുന്നത്ര മുടിപ്പിച്ചീടെണം” എന്നൊരു ആഗ്രഹം എനിക്കും ഉണ്ടായിരുന്നു…തോമാച്ചായന്റെ അപ്പോഴത്തെ സാമ്പത്തികസ്ഥിതി വെച്ചു നോക്കിയാല്‍ ഊട്ടി,മൂന്നാര്‍ അല്ലെങ്കില്‍ പരമാവധി ഹൈദരാബാദ് അത്രയേ ഞാന്‍ പ്രതീക്ഷിച്ചുള്ളൂ…പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് കണവന്‍ ഉറക്കെ പ്രഖ്യാപിച്ചു..”ആഫ്രിക്ക”…കര്‍ത്താവേ,അന്റാര്‍ട്ടിക്ക എന്ന് പറയുന്നതായിരുന്നു ഇതിലും ഭേദം…കേരളത്തില്‍ കിടന്നു മരിക്കണം എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു…ഇതിപ്പോ നീഗ്രോകള്‍ക്ക് വെടിവെച്ചു അരിപ്പയാക്കാന്‍ ഞാന്‍ എന്‍റെ ബോഡി വിട്ടുകൊടുക്കണം എന്നാണോ?…നഹി നഹി…പക്ഷെ കണവന് ആഫ്രിക്കയില്‍ പോകാനുള്ള ആക്രാന്തം കണ്ടപ്പോള്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു…പിന്നെ,”നീ ഒന്നു കൊണ്ടും ഭയപ്പെടേണ്ട,എല്ലാം ഞാന്‍ നോക്കിക്കോളാം ഭാര്യേ” എന്ന ഉറപ്പു കൂടിയായപ്പോള്‍ ഒരു കൈ നോക്കിക്കളയാം എന്ന് ഞാനും തീരുമാനിച്ചു…എയര്‍പോര്‍ട്ടിലെ ബാഗ്ഗേജ് കൌണ്ടറിനു മുന്നിലെത്തിയപ്പോഴാണ് ശരിക്കും ആശ്വാസമായത്…’ജസ്റ്റ് മാരീഡ്’ എന്ന് ഒറ്റനോട്ടത്തില്‍ പറയിപ്പിക്കുന്ന വിധം കയ്യില്‍ മുട്ടറ്റം വളയും നീട്ടിവരച്ച സിന്ദൂരക്കുറിയുമായി കുറേപ്പേര്‍…ഹാവൂ,അപ്പോ ചാകാന്‍ ഞാന്‍ ഒറ്റക്കല്ല…ഇതാണ് അപ്പോള്‍ എന്‍റെ മനസ്സിലൂടെ പോയത്…അല്ലേലും “ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി ” എന്നാണല്ലോ മലയാളിയുടെ പൊതുവേയുള്ള മനസ്ഥിതി…എന്‍റെ കയ്യില്‍ വളയോ നെറ്റിയില്‍ സിന്ദൂരമോ ഒന്നുമില്ല…ആകെയുള്ളത് നൂല് പോലെയുള്ള ഒരു താലിമാലയും വിരലില്‍ ഉടമസ്ഥന്റെ പേരെഴുതിയ മോതിരവും…സെക്യൂരിറ്റി കൌണ്ടറില്‍ ചെന്നപ്പോഴാണ് അത് പ്രശ്നമായത്…അവിടെ ഇരിക്കുന്നയാള്‍ക്ക് ഞങ്ങള്‍ കെട്ടിയതാണോ അതോ വേറെ വല്ല സെറ്റപ്പും ആണോ എന്നൊരു സംശയം…അതോണ്ട് ‘വെന്‍ ഡിഡ് യു ഗെറ്റ് മാരീഡ്? ‘ എന്ന് മൂന്നു തവണ ചോദിച്ചു…അവസാനം ഞാന്‍ ഒളിമ്പിക്സ് മെഡല്‍ പൊക്കികാണിക്കുന്നത് പോലെ താലി ഉയര്‍ത്തിക്കാണിച്ചപ്പോഴാണ് അയാള്‍ക്ക് സമാധാനമായത്…
ആദ്യമായാണ് ഞാന്‍ ഇന്ത്യക്ക് പുറത്തേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നത്…അതിന്‍റെ ഒരു ആവേശം ഉണ്ടായിരുന്നു…വിമാനം ടേക്ക് ഓഫ് ചെയ്യുന്ന ചടങ്ങുകളെല്ലാം സസൂക്ഷ്മം വീക്ഷിച്ച ശേഷം തിരിഞ്ഞു നോക്കിയപ്പോള്‍ ഞങ്ങളുടെ സൈഡിലുള്ള സീറ്റില്‍ ഒരു പുത്തന്‍ പെണ്ണും ചെക്കനും…അവന്‍ ആവേശത്തോടെ എന്തൊക്കെയോ തമാശകള്‍ ഹിന്ദിയിലും കേട്ടാല്‍ ഹിന്ദി പോലെയിരിക്കുന്ന വേറൊരു ഭാഷയിലും അടിച്ചുവിടുന്നുണ്ട്…പെണ്ണാണെങ്കില്‍ അവനെ നിര്‍ലോഭം ചിരിച്ചു പ്രോത്സാഹിപ്പിക്കുന്നുമുണ്ട്…ലവന്റേം ലവളുടേം ചിരിയും വര്‍ത്തമാനവും കാരണം പൈലറ്റിന്റെ നിര്‍ദേശങ്ങള്‍ ഒന്നും നേരാംവണ്ണം കേള്‍ക്കാന്‍ പോലും പറ്റണില്ല…പിന്നെ,”പിള്ളേരല്ലേ , ഹണിമൂണ്‍ അല്ലേ ” എന്നൊക്കെ കരുതി ഞാന്‍ അങ്ങ് കണ്ണടച്ചു…അതിന്‍റെ ബാക്കിയെന്നോണം ഞാന്‍ സന്തോഷത്തോടെ, പ്രതീക്ഷയോടെ എന്‍റെ കെട്ട്യോനെ നോക്കി…വിമാനം പൊങ്ങിയതും പറന്നു തുടങ്ങിയതുമൊന്നും അവിടെയൊരാള്‍ അറിഞ്ഞ മട്ടില്ല…വര്‍ത്തമാനം പറയാന്‍ പോയിട്ട് എന്‍റെ നേരെയോന്നു നോക്കാന്‍ പോലും പറ്റുമെന്ന് തോന്നണില്ല…അത്രക്ക് ബോധം കെട്ടുറക്കമാണ്…നാട്ടിലായിരുന്നെങ്കില്‍ തളത്തില്‍ ദിനേശനെപ്പോലെ ഡോക്ടര്‍ക്കൊരു കത്തിട്ടു പരിഹാരം ചോദിക്കാമായിരുന്നു…ഇനിയിപ്പോ എന്തു ചെയ്യാന്‍?…ഞാന്‍ വീണ്ടും തിരിഞ്ഞു അവരെ നോക്കി…പെണ്ണ് ഇപ്പോഴും ചിരിച്ചു കൊണ്ടിരിക്കുവാണ്…എനിക്കപ്പോ സന്തോഷത്തിനു പകരം കുശുമ്പാണ് തോന്നിയത്…”ആ,ചിരിച്ചോ ചിരിച്ചോ …നമ്മളിതൊക്കെ എത്ര കണ്ടതാ?…എന്നും ഇങ്ങനെ ചിരിക്കണം കേട്ടാ ” …ഞാന്‍ മനസ്സില്‍ പറഞ്ഞു…ഹോ,അത്രയും പറഞ്ഞപ്പോ എന്തൊരു സുഖം…പിന്നെ,ദോഷം പറയരുതല്ലോ …ഭക്ഷണം കഴിക്കാനും അവസാനം ഇറങ്ങാനുമല്ലാതെ എന്‍റെ പ്രിയഭര്‍ത്താവ് കണ്ണു തുറന്നിട്ടേയില്ല…
മൌറീഷ്യസ് – ശാന്തവും മനോഹരവുമായ കടല്‍ത്തീരങ്ങളും നിരപ്പായ റോഡുകളും തെളിഞ്ഞ ആകാശവും വൃത്തിയുമുള്ള ഒരു ചെറുരാജ്യം…ഇന്ത്യക്കാരും നീഗ്രോകളും ഫ്രഞ്ചുകാരുമായി ഒരു സങ്കരസമൂഹമാണ് അവിടെയുള്ളത്…റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പലതിനും മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ഒക്കെ പേരുകള്‍ കണ്ടപ്പോള്‍ ആഫ്രിക്കന്‍ ഭൂഖണ്ടത്തില്‍ എത്തിപ്പെട്ടതായി തോന്നിയതേയില്ല…ഔദ്യോഗികഭാഷ ക്രിയോള്‍ ആണെങ്കിലും ഫ്രഞ്ച് അധിനിവേശത്തിന്റെ ഒരു സ്വാധീനം ഭാഷയിലും സംസ്കാരത്തിലും എല്ലാം പ്രകടം…ഒരു യാത്രാവിവരണം ഒന്നുമല്ല എന്‍റെ ഉദ്ദേശം…അവിടെ പോയതുകൊണ്ട് എനിക്ക് ആകെ കിട്ടിയ ജനറല്‍ നോളജ് ഇത്രയുമാണ്…ഇത് വായിക്കുന്നവര്‍ക്കും ഇത്തിരി വിവരം വെച്ചോട്ടെ എന്ന് വിചാരിച്ചു…അത്ര മാത്രം…
സായിപ്പിനെ നാട്ടീന്ന് ഓടിച്ചിട്ട് വര്‍ഷം 60 കഴിഞ്ഞെങ്കിലും അവരെ അനുകരിക്കാനാണ് ഇപ്പോഴും എല്ലാവര്‍ക്കും ഉത്സാഹം…ഞാന്‍ പറഞ്ഞു വരുന്നത് കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന കാര്യമാണ്…പുറത്ത് ഒരു നല്ല ഹോട്ടലില്‍ പോയാല്‍ എനിക്ക് ചങ്കിടിപ്പാണ്…നമ്മള്‍ ഓര്‍ഡര്‍ ചെയ്ത സാധനം,നമ്മള് കൊടുക്കുന്ന കാശ്…എന്നാലും ഒന്ന് ആസ്വദിച്ചു കയ്യിട്ടു വാരി അലങ്കോലമാക്കി ഭക്ഷണം കഴിക്കാന്‍ പറ്റുമോ?..വീട്ടിലാണെങ്കില്‍ എങ്ങനെ കഴിച്ചാലും ഒരുത്തനും ചോദിക്കാന്‍ വരില്ല…പിന്നെ,ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം തന്നെ തിന്നണം എന്നാണല്ലോ പ്രമാണം…ആദ്യത്തെ ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ചെന്നപ്പോള്‍ അവിടെ കുറെ സാധനങ്ങള്‍ നിരത്തി വെച്ചിരിക്കുന്നു…ഇതില്‍ ഏതൊക്കെ സാധനങ്ങള്‍ എടുക്കണം? അതില്‍ത്തന്നെ ഏതാണ് ആദ്യം എടുക്കേണ്ടത് ? ..ഒരു പിടിയുമില്ല…ഞാന്‍ ഇങ്ങനെ അന്തം വിട്ടു നില്‍ക്കുന്നതൊന്നും മൈന്‍ഡ് ആക്കാതെ തോമാച്ചായന്‍ കണ്ടതൊക്കെ പ്ലേറ്റില്‍ വാരിയിട്ടു കഴിപ്പ് തുടങ്ങി…അപ്പോഴേക്കും അടുത്ത സീറ്റില്‍ ഒരു മദാമ്മ വന്ന് ഇരുന്നു…പിന്നെ എന്‍റെ ശ്രദ്ധ മുഴുവന്‍ അവരിലേക്കായി…മദാമ്മ എന്തു ചെയ്യുന്നോ ,അതെല്ലാം ഞാനും ചെയ്യും !!…മദാമ്മ ആദ്യം ബ്രെഡ് കഴിച്ചു…ഞാനും അത് തന്നെ ചെയ്തു…പിന്നെ എടുത്തത് സോസ്സെജ് ആണ്…ഞാനും അത് മുറിച്ചു വായിലിട്ടു…വായിലിട്ടു ചവച്ചു തുടങ്ങിയപ്പോഴാണ് അബദ്ധം പിടികിട്ടിയത്…വല്ലാത്തൊരു ടേസ്റ്റ്…കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ…’ഞാന്‍ ഇത് തുപ്പിക്കളയട്ടെ? ‘ എന്ന അര്‍ത്ഥത്തില്‍ കണവനോട് കണ്ണുകൊണ്ട് സമ്മതം ചോദിച്ചു…പുള്ളിക്കാരനാണേല്‍ ‘തുപ്പിയാല്‍ കൊന്നുകളയും’ എന്ന മട്ടില്‍ എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നു…അവസാനം പാവം ഞാന്‍ ആ വൃത്തികെട്ട സാധനം ഒരു കണക്കിന് കടിച്ചിറക്കി…പക്ഷെ മദാമ്മയുടെ അടുത്ത ആക്ഷന്‍ കോപ്പിയടിക്കാന്‍ അങ്ങോട്ട് നോക്കിയപ്പോഴല്ലേ രസം…പുള്ളിക്കാരി വളരെ അവജ്ഞയോടെ എന്നെ തുറിച്ചുനോക്കുന്നു…നമ്മള്‍ റോഡിലൂടെ നടക്കുമ്പോള്‍ അറിയാതെ ചാണകത്തില്‍ ചവുട്ടിയാല്‍ മുഖത്ത് വിരിയുന്ന ഒരു പ്രത്യേകതരം ഭാവമില്ലേ…അതേ,അത് തന്നെ…മദാമ്മ എന്നെ അങ്ങനെ നോക്കേണ്ട കാര്യമെന്ത് എന്ന് കുറെ ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല…പിന്നെ കുറച്ചൂടെ കൂലങ്കഷമായി ചിന്തിച്ചപ്പോള്‍ കാര്യം പിടികിട്ടി…ഇത് നിറത്തിന്റെ പേരിലുള്ള അവജ്ഞ തന്നെ…റേസിസം…എനിക്ക് മദാമ്മയുടെ അത്രേം നിറമില്ലാതെ പോയി…അല്ലാതെ എന്‍റെ ഭക്ഷണമേശയിലെ പ്രകടനം കണ്ടിട്ടൊന്നുമല്ല…സത്യമായിട്ടും…എന്തായാലും അതോടെ മറ്റുള്ളവരെ നിരീക്ഷിച്ചു ഭക്ഷണം കഴിക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തി…പിന്നീട് മൊത്തം “എന്‍റെ ഭക്ഷണം,എന്‍റെ കാശ്,എനിക്ക് തോന്നിയത് പോലെ ഞാന്‍ കഴിക്കും” എന്ന മട്ടിലായിരുന്നു ഫുഡ് അടിക്കല്‍…
ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന പരിപാടിയുണ്ട് അവിടെ…സിംഹത്തിന്റെ കൂടെ നടക്കല്‍..ഒരു അര-മുക്കാല്‍ മണിക്കൂറോളം സിംഹത്തിന്റെ വാല് പോലെ നടക്കാം…അതായത് സിംഹം മുന്നില്‍ നടക്കും…ഒരു രണ്ടിഞ്ചു ഗ്യാപ്പിട്ട് നമുക്ക് പിന്നില്‍ നടക്കാം…ഭക്ഷണത്തോട് അത്രക്ക് ആക്രാന്തം ഒന്നും ഇല്ലാത്ത സിംഹം ആയിരിക്കണേ എന്നും സിംഹത്തിന്റെ ലഞ്ച് ടൈമില്‍ മുന്നില്‍ ചെന്ന് പെടാന്‍ ഇടവരല്ലേ എന്നും നന്നായി പ്രാര്‍ഥിച്ചിട്ടാണ് ഇറങ്ങിയത്…സത്യം പറഞ്ഞാല്‍ വേറൊരു സീക്രട്ട് അജണ്ട എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു…1 .സിംഹത്തിനൊരു ഷേക്ക്‌ഹാന്‍ഡ് കൊടുക്കണം…2 .സിംഹം കോട്ടുവാ ഇടാനായി വാ പൊളിക്കുമ്പോള്‍ വായിലൊന്ന് കൈ ഇടണം…കൃത്യമായ ടൈമിങ്ങില്‍ കൈ വലിച്ചാല്‍ സിങ്കം വാ അടക്കുന്നതിനു മുന്‍പ് കാര്യം നടത്താം…ഇത്രയുമൊക്കെ മനസ്സില്‍ പ്ലാന്‍ ചെയ്താണ് പോയതെങ്കിലും അവിടെച്ചെന്ന് ജീവനുള്ള സിംഹത്തെ നേര്‍ക്കുനേര്‍ കണ്ടപ്പോള്‍ ഉള്ളില്‍ സംഭരിച്ചു വെച്ച ധൈര്യമൊക്കെ എങ്ങോട്ടോ ചോര്‍ന്നു പോകുന്ന പോലെ ഒരു തോന്നല്‍…ഞങ്ങളെ രണ്ടിനേം കണ്ടതോടെ സിംഹം പതുക്കെ ഒന്നെണീറ്റു…ബഹുമാനം കൊണ്ടൊന്നുമല്ല കേട്ടോ…ഇന്നത്തെ ലഞ്ചിന് ഇത് മതിയാകുമോ എന്നൊരു റിസര്‍ച് ആന്‍ഡ് അനാലിസിസ് നടത്താനായിരുന്നിരിക്കണം…പിന്നെ പതുക്കെ തലയും താഴ്ത്തി അതേ സ്ഥാനത്ത് ഇരുന്നു…”പ്ഫാ,രണ്ട് അസ്ഥികൂടങ്ങള്‍ വന്നിരിക്കുന്നു…നിന്നെയൊന്നും ഒന്നു മണക്കാന്‍ പോലും തികയില്ല” സിംഹം മനസ്സില്‍ പറഞ്ഞു കാണും…ഉപദ്രവിക്കാന്‍ ഭാവമില്ലെന്നു മനസ്സിലായതോടെ പോയ ധൈര്യമൊക്കെ തിരിച്ചു വന്നു…ഉള്ളിന്റെയുള്ളില്‍ മൂടിവെച്ച ആഗ്രഹങ്ങളും…സിംഹത്തെ നോക്കാന്‍ നില്‍ക്കുന്ന ആളോട് ചോദിച്ചു,”ഞാന്‍ ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്തോട്ടെ?”…പുള്ളിക്കാരന്‍ പറഞ്ഞു,”അത്രക്ക് അടങ്ങാത്ത പൂതിയാണേല്‍ കൈ കൊടുത്തോ…പക്ഷെ കൊടുത്ത കൈ അതേപോലെ തിരിച്ചുകിട്ടില്ല…” സിംഹം അമര്‍ത്തിപ്പിടിച്ചു നഖം വെച്ചു കീറിക്കളയും പോലും…ഈ സിംഹത്തിന്റെ ഒരു കാര്യം…ഒരു മയത്തിനൊക്കെ വേണ്ടേ കൈ കൊടുക്കാന്‍…ഒരു പെണ്ണാണ് കൈ തരുന്നതെന്ന് വിചാരിച്ചു ഇത്രേം ആക്രാന്തം കാണിക്കാമോ?…കൊച്ചു ഗള്ളന്‍…ഒന്നില്‍ പിഴച്ചാല്‍ രണ്ട്…രണ്ടാമത്തെ ആഗ്രഹം നടപ്പാക്കാന്‍ തക്കം പാര്‍ത്തിരിക്കുമ്പോഴാണ് ട്രെയിനര്‍ ആ നഗ്നസത്യം ഞങ്ങളോട് പറഞ്ഞത്…സിംഹത്തിന്റെ തലയുടെ അടുത്ത പ്രദേശങ്ങളിലൊന്നും തൊടാന്‍ പാടില്ലത്രേ..കാട്ടുരാജാവിന് അതൊന്നും ഇഷ്ടപ്പെടില്ലെന്ന്…പുള്ളിക്കാരന് ദേഷ്യം പിടിച്ചാല്‍ പിന്നത്തെ കാര്യം പറയണോ?..അങ്ങനെ അതും പോയി…ഡെസ്പ്… 🙁
ഭര്‍ത്താവിന്റെ കൂടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകുന്ന ഭാര്യമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…ഭര്‍ത്താവുമായുള്ള ഐ കോണ്‍ടാക്റ്റ് നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കുക…പ്രതേകിച്ചു സുന്ദരികളായ തരുണീമണികള്‍ കുട്ടിനിക്കറും ടോപ്പും ഒക്കെയിട്ട് അടുത്തൂടെ പോകുന്ന അവസരങ്ങളില്‍…പുറംകാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ സംസാരത്തിനുണ്ടാകുന്ന നീണ്ട ഇടവേള ഭര്‍ത്താവിന്റെ വായ്നോട്ടം കൂട്ടാന്‍ ഇടയാക്കും…ഭര്‍ത്താവിന്റെ മൊബൈല്‍ , ക്യാമറ ഇതിലെല്ലാം എപ്പോഴും ഒരു കണ്ണുണ്ടായിരിക്കുന്നത് നല്ലതാണ്…ഇതെല്ലാം സ്വന്തം അനുഭവത്തില്‍ നിന്നു പറയുന്നതൊന്നുമല്ല കേട്ടോ…സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട…ആദ്യത്തെ യാത്ര ആയതോണ്ട് എനിക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല…വായിക്കുന്ന നിങ്ങള്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ…
മീനുക്കുട്ടി ധൈര്യസമേതം പുതിയൊരു സ്ഥലത്ത് കൂടി ചുവടുറപ്പിച്ചു കഴിഞ്ഞു…ഇത്തവണ അങ്കത്തട്ടില്‍ ഞാനും എന്‍റെ പരീക്ഷണമൃഗവും മാത്രം…അടുക്കളയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്…പരീക്ഷണമൃഗം വേറെയാരുമല്ല…എന്‍റെ പാവം ഭര്‍ത്താവ്…ഇതുവരെ ഞാനും അടുക്കളയും തമ്മില്‍ വല്യ ബന്ധം ഒന്നുമില്ലായിരുന്നു…ഇനിയുമൊരു അങ്കത്തിനു കൂടി ബാല്യമുണ്ടെന്ന് തെളിയിക്കാന്‍ ഉറച്ചു തന്നെയാണ് പടപ്പുറപ്പാട്…ഇന്‍ഷുര്‍ ചെയ്ത ശരീരമുള്ള ആര്‍ക്കും വീട്ടിലേക്ക് സ്വാഗതം…അടുക്കളയില്‍ പുതിയ വീരഗാഥകള്‍ രചിക്കുന്നതിനിടയില്‍ സഹികെട്ട് എന്നെ വീട്ടീന്ന് ഓടിച്ചു വിടാന്‍ ആര്‍ക്കും തോന്നരുതേ എന്നൊരു പ്രാര്‍ത്ഥന മാത്രം…