• സമ്മതമാണ് നൂറുവട്ടം!!!

  Written on 2010.06.07 | Category: ചെറുകഥകള്‍ | Author: Meenukkutty

  കുറച്ചുകാലം മുന്‍പ് മീനുക്കുട്ടിയുടെ ആദ്യത്തെ പോസ്റ്റുകളിലൊന്നില്‍ പെണ്ണുകാണലിനെക്കുറിച്ച് എഴുതിയത് ആരും മറന്നുകാണില്ല എന്നു വിചാരിക്കുന്നു…കാലം കുറച്ചായെങ്കിലും കഥയിലെ നായകന്‍ ഇപ്പോഴും ‘ഭാവിവരന്‍’ സ്റ്റാറ്റസില്‍ തന്നെ നില്‍പ്പായിരുന്നു…പുള്ളിക്കാരന് ഒരു സ്ഥാനക്കയറ്റം കൊടുക്കാന്‍ നാട്ടുകാരും വീട്ടുകാരും നിര്‍ബന്ധിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി…മീനുക്കുട്ടി പുരനിറഞ്ഞു നില്‍ക്കുന്നതിലുള്ള ആരാധകരുടെ സങ്കടപ്രവാഹം ഒരു വഴിക്ക്…അങ്ങനെ പ്രിയപ്പെട്ടവരുടെ ആഗ്രഹത്തിന് മുന്‍പില്‍ തല കുനിചെങ്കിലും പള്ളിയില്‍ ചെല്ലുമ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ചുതന്നെ സമ്മതം അറിയിക്കാന്‍ മീനുക്കുട്ടി തീരുമാനിച്ചു…

  സാരി എന്നും എനിക്കൊരു പ്രഹേളിക ആയിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല…(ഈ പ്രഹേളിക എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്നൊന്നും ചോദിക്കരുത്…കുറച്ചു കട്ടി വാക്കുകള്‍ ഒക്കെ എഴുതിപ്പിടിപ്പിക്കണം എന്നുള്ളത് കുറെനാളായുള്ള എന്‍റെ ഒരു ആഗ്രഹം ആണ്…അത്രേയുള്ളൂ…അതിനു അങ്ങനെ പ്രത്യേകിച്ച് അര്‍ഥം ഒന്നും ഇല്ല..)..കാരണം അഞ്ചടി നീളത്തില്‍ ഒരു തുണി ഒരുപാട് സേഫ്റ്റി പിന്നുകള്‍ തലങ്ങും വിലങ്ങും കുത്തിക്കയറ്റി ദേഹത്ത് ചുറ്റി അനങ്ങാതെ നില്‍ക്കുന്നത് ഒരു വല്യ സംഭവം ആണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല…വല്ല ലാച്ചയോ ഗാഗ്രചോളിയോ ഒക്കെ ഇട്ടു സ്റ്റൈല്‍ ആയി നിന്നോളാം എന്നു പറഞ്ഞപ്പോഴാകട്ടെ,അവിശ്വാസപ്രമേയം വന്നപ്പോള്‍ കൂറ് മാറിയ എം.എല്‍.എ-യെ ഭരണപക്ഷത്ത് ഉള്ളവര്‍ കൈകാര്യം ചെയ്യുന്ന മട്ടിലാണ് എന്‍റെ അമ്മച്ചി എന്നോട് പെരുമാറിയത്…അതൊന്നും പിന്നീട് ഉപയോഗിക്കാന്‍ പറ്റില്ല…മ്യൂസിയത്തില്‍ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ(മഹാരാജാവ് ശശി അല്ല) കുര്‍ത്തയും കാല്‍ശരായിയും ചില്ലുകൂട്ടില്‍ വെച്ചിരിക്കുന്നതുപോലെ വെക്കേണ്ടി വരും പോലും…

  അങ്ങനെ സാരിക്കുതന്നെ നറുക്ക് വീണു…കല്യാണവും മനസമ്മതവും പോലെയുള്ള ഒരു ചടങ്ങ് നടക്കുമ്പോള്‍ അമ്മയും അച്ഛനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വ്യക്തിയുണ്ട്‌…അതേ,നമ്മുടെ ബ്യൂട്ടീഷന്‍ തന്നെ…മനസമ്മതത്തിന് പെണ്ണിനെ സമയത്ത് കിട്ടണമെങ്കില്‍ കുറഞ്ഞത്‌ ഒരു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും വര്‍ക് ഷോപ്പില്‍ കയറ്റണമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു…എന്‍റെ ഈ മുഖം വര്‍ക്കത്തുള്ള ഒരു കോലത്തിലാക്കാന്‍ രണ്ട് മണിക്കൂറെങ്കിലും പിടിക്കുമത്രെ…രണ്ടെങ്കില്‍ രണ്ട്…എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ വീട്ടുകാരും നാട്ടുകാരും തിരിച്ചറിഞ്ഞില്ലേലും ഫോട്ടോയില്‍ നല്ല വെടിപ്പായി നില്‍ക്കണം എന്ന ഒരൊറ്റ ആഗ്രഹത്തിന്‍റെ പുറത്തു എല്ലാം ഞാന്‍ സമ്മതിച്ചു…രാവിലെ 8.30 ന് എന്നെ അകത്തു കയറ്റിയെങ്കിലും പുറത്തിറക്കിയപ്പോള്‍ 11.00 ആയി…മുഖത്ത് പണി തുടങ്ങിയപ്പോള്‍ മുതല്‍ അവരെന്നെ കണ്ണാടിയില്‍ നോക്കാന്‍ സമ്മതിച്ചതേയില്ല…അര മണിക്കൂര്‍ കഴിഞ്ഞു കണ്ണുതുറക്കുമ്പോള്‍ ഒരു സുന്ദരിയെ മുന്നില്‍ കണ്ടു ഞെട്ടുന്ന ആ സുഖകരമായ അവസ്ഥയും മനസ്സില്‍ താലോലിച്ചു ഞാന്‍ വെറുതെ കണ്ണടച്ച് കിടന്നു…പിന്നെ,പള്ളിയില്‍ ചെല്ലുമ്പോള്‍ എന്‍റെ കണവന്‍ എന്നെ കണ്ടു സന്തോഷം കൊണ്ടു മതിമറന്നു ‘വൌ മീനു,വൌ’ എന്നു മനസ്സില്‍ പറയുന്നത് സ്വപ്നം കണ്ടു ഞാന്‍ പതുക്കെ ചിരിച്ചോ എന്തോ?…അറിയില്ല…എന്തായാലും കണ്ണടച്ചുള്ള ആ കിടപ്പ് വെറുതെയായില്ല…അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എനിക്ക് കണ്ണാടിയില്‍ നോക്കാന്‍ അനുവാദം കിട്ടി…കാത്തു കാത്തിരുന്ന നിമിഷം…കണ്ണാടിയില്‍ എന്‍റെ മുഖം കണ്ടപ്പോള്‍ ,ഹോ,എന്താണെന്നറിയില്ല ,എന്‍റെ കണ്ണു നിറഞ്ഞു പോയി…എന്നെ മേക്കപ്പ് ചെയ്ത ചേച്ചിയെ സമ്മതിക്കണം കേട്ടോ…ഇതിനുമുന്‍പ് എന്നെ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ഒരുത്തന്‍ പോലും എന്നെ തിരിച്ചറിയില്ല…അത്രക്ക് മാറ്റം …എന്നെ കണ്ടിട്ട് എനിക്കുതന്നെ മനസ്സിലായില്ല,പിന്നാ…രണ്ടിഞ്ചു കനത്തില്‍ പുട്ടിയടിച്ച്‌ ഒരു പരുവത്തിലാക്കി വെച്ചിരിക്കുവാണ്…ചേച്ചി അത്യാവശ്യം നന്നായി മിനക്കെട്ടിട്ടുണ്ട് എന്നു മനസ്സിലായി…എന്തായാലും ഞാന്‍ ഡാന്‍സ് മത്സരത്തിനല്ല പോകുന്നത് എന്നുള്ളതുകൊണ്ടും ഈ പരുവത്തില്‍ കണ്ടാല്‍ സമ്മതമല്ല എന്നെങ്ങാനും എന്‍റെ ചെറുക്കന്‍ പറഞ്ഞെങ്കിലോ എന്നു പേടിയുള്ളതുകൊണ്ടും രണ്ട് ഇഞ്ച് കനം കുറക്കണം എന്നു ഞാന്‍ ആവശ്യമുന്നയിച്ചു…ഇത്രയും കഷ്ടപ്പെട്ടതാണ്,രണ്ട് ഇഞ്ച് ഒന്നും പറ്റില്ല വേണേല്‍ ഒരിഞ്ചു കുറച്ചു തരാം എന്നായി ബ്യൂട്ടിഷന്‍ ചേച്ചി…അങ്ങനെ അവസാനം ഒന്നരയില്‍ ഉറപ്പിച്ചു…തിരിച്ചു വീട്ടില്‍ വന്നു കാറില്‍നിന്നു ഇറങ്ങുമ്പോള്‍ പല ഭാഗത്തുനിന്നും നീണ്ടു വരുന്ന തുറിച്ച നോട്ടങ്ങള്‍ ഞാന്‍ കണ്ടില്ലെന്നു നടിച്ചു…അല്ലാതെന്തു ചെയ്യാന്‍?…ഫോട്ടോഗ്രാഫര്‍-മാര്‍ ലൈറ്റ് അടിക്കുന്ന ചൂടില്‍ കുറെയൊക്കെ ഒലിച്ചു പൊയ്ക്കോളും എന്നു പറഞ്ഞു അമ്മച്ചി എന്നെ ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്…എന്തായാലും വരാനുള്ളത് വഴിയില്‍ താങ്ങാന്‍ ചാന്‍സ് ഇല്ല എന്നോര്‍ത്ത് ഞാന്‍ സ്വയം സമാധാനിച്ചു…

  പക്ഷെ,പള്ളിയില്‍ചെന്ന് എന്‍റെ ഫാവിവരന്‍റെ കോലം കണ്ടപ്പോഴാണ് ശരിക്കും സന്തോഷമായത്,സോറി,ആശ്വാസമായത്…പാടത്ത് കാക്കയെ ഓടിക്കാന്‍ വെക്കുന്ന അതേ സ്റ്റൈല്‍…ആറടി പൊക്കവും അതിനു തീരെ യോജിക്കാത്ത ശരീരവും പിന്നെ നേന്ത്രക്കുലക്ക് താങ്ങ് വെച്ച പോലത്തെ ഒരു നില്‍പ്പും…മുഖത്തെ മീശ അല്പം ആര്‍ഭാടമായിപ്പോയില്ലേ എന്നൊരു സംശയം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ…എന്തായാലും ചക്കിക്കൊത്ത ചങ്കരന്‍…ഞങ്ങള്‍ രണ്ടും മാച്ച് അല്ലെന്നു ഇനി ഒരുത്തനും പറയില്ല…സന്തോഷമായി ഗോപിയേട്ടാ…സന്തോഷമായി…

  പള്ളിയില്‍ ആകെ അഞ്ച് മിനിട്ടിന്‍റെ കാര്യമേയുള്ളൂ എന്നായിരുന്നു എന്‍റെ വിചാരം…സമ്മതമാണ് എന്നങ്ങു പറഞ്ഞാല്‍ പോരേ…പക്ഷെ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ സമയം അവിടെ കുറ്റിയടിച്ചു നില്‍ക്കേണ്ടി വന്നു…മനസമ്മതത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു…

  കാര്‍മ്മികന്‍ : മീനുക്കുട്ടി, ഈ നില്‍ക്കുന്ന വല്ലയില്‍ വീട്ടില്‍ കൊച്ചുതോമയെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആജീവനാന്തം നിന്‍റെ ഭര്‍ത്താവായി സ്വീകരിക്കാന്‍ സമ്മതമാണോ?

  മീനുക്കുട്ടി : [(ആത്മഗതം): സമ്മതമല്ലെങ്കില്‍പ്പിന്നെ ഇത്രേം കാശുമുടക്കി പുട്ടിയടിച്ച്‌ ഉടുത്തൊരുങ്ങി ഇവിടെ വന്നു നിക്കുവോ അച്ചോ? ] സമ്മതമാണ്.

  കാര്‍മ്മി : നിന്‍റെ സന്താനങ്ങളെ മരുഭൂമിയിലെ മണല്‍ത്തരി പോലെ ഞാന്‍ വര്‍ധിപ്പിക്കും എന്നു അബ്രാഹത്തോട്‌ അരുളിചെയ്ത പിതാവായ ദൈവത്തോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് ഈ നില്‍ക്കുന്ന തോമയെപ്പോലെ തലതെറിച്ച മൂന്നാല് സന്താനങ്ങളെ വളര്‍ത്തി വലുതാക്കി സഭയുടെ ശക്തിപ്രകടനത്തിനു ആളെക്കൂട്ടാന്‍ നിനക്ക് സമ്മതമാണോ?..മാറിമാറി വരുന്ന ഭരണകൂടങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനും സ്വാശ്രയ കോളേജുകളിലെ ഫീസ്‌ കൂട്ടാന്‍ ആള്‍ബലം കാണിച്ചു വിലപേശാനും അത് ആവശ്യമാകുന്നു…(നീളത്തില്‍,ഈണത്തില്‍)

  മീനു : റാന്‍!! (എന്നാലും നാല്‌ ഇത്തിരി കൂടിപ്പോയില്ലേ അച്ചോ?…ആ സാരമില്ല,കോളേജില്‍ തലവരി വാങ്ങാതെ പ്രവേശനം തന്നാലും മതി…ഉം,ഇമ്മിണി പുളിക്കും..)

  കാര്‍മ്മി : തോമാ, ഈ നില്‍ക്കുന്ന മീനുക്കുട്ടിയെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആജീവനാന്തം നിന്‍റെ ഭാര്യയായി സ്വീകരിക്കാന്‍ സമ്മതമാണോ?

  തോമ : സമ്മതം സമ്മതം സമ്മതം !!!

  കാര്‍മ്മി : ഓവറാക്കേണ്ട…വി.പൗലോസ്‌ ശ്ലീഹ കൊറിന്തോസുകാര്‍ക്കെഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു,”നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണം.നീ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കണം….”ഇതെല്ലാം അക്ഷരംപ്രതി അനുസരിക്കാന്‍ നീ തയ്യാറാണോ?

  തോമ : എനി അദര്‍ ഓപ്ഷന്‍??

  കാര്‍മ്മി: ഇറ്റ്‌ ഈസ്‌ ടൂ ലേറ്റ് മകനെ…അങ്ങ് സമ്മതിച്ചേര്…അല്ലെങ്കില്‍ നീ ഉണ്ണാതെ കിടക്കുന്നത് ഞാന്‍ കാണേണ്ടിവരും…

  തോമ : സമ്മതമാണച്ചോ…ഞാന്‍ ഉണ്ടില്ലേലും ഇവള്‍ക്ക് ചിക്കന്‍ ബിരിയാണിയും ബീഫ്ഫ്രൈയും വാങ്ങിക്കൊടുത്തോളാം…ഇവള്‍ ഷോപ്പിംഗ്‌ ചെയ്തു എന്നെ മുടിപ്പിക്കുന്നത് കണ്ടാലും ഞാന്‍ ചിരിച്ചുകൊണ്ട് നിന്നോളാം…പാചകത്തിന്‍റെ കാര്യത്തില്‍ ഇവള്‍ വെറും നാലാം ക്ലാസും ഗുസ്തിയും ആണെങ്കിലും ഇവളുണ്ടാക്കുന്ന ഏത് അലമ്പ് കറിയും ‘അടിപൊളി’ എന്ന ഒറ്റവാക്കില്‍ ഞാന്‍ തൊണ്ട തൊടാതെ വിഴുങ്ങിക്കോളാം…

  കാര്‍മ്മി : വിചാരിച്ചത് പോലെയല്ല…നിനക്ക് ബുദ്ധിയുണ്ട്…പരസ്പരം വിവാഹവാഗ്ദാനം നടത്തിയിരിക്കുന്ന മീനുക്കുട്ടിയെയും തോമയെയും പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആശീര്‍വദിക്കുന്നു…

  സമൂഹം : ആമ്മേന്‍

  അപ്പൊ പരിപാടിയൊക്കെ കഴിഞ്ഞു…പള്ളിയോടു ചേര്‍ന്നുള്ള പാരിഷ് ഹാളില്‍ വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയിട്ടുണ്ട്…എല്ലാവരും കഴിച്ചിട്ടേ പോകാവൂ കേട്ടോ…

  ഇതെല്ലാം വിവരിക്കുമ്പോഴും ഇവിടെ നടന്നത് എന്‍റെ തന്നെ മനസമ്മതം ആണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല…ഒരു അപരിചിതന്‍റെ കണ്ണുകളിലൂടെ എല്ലാം നോക്കിക്കാണുകയാണെന്നേ തോന്നുന്നുള്ളൂ…വിവാഹം,കുടുംബം തുടങ്ങിയ സങ്കല്പങ്ങള്‍ എല്ലാം വളരെ വിദൂരമായ സ്വപ്‌നങ്ങളായിരുന്നു ഇത്രനാളും…കല്യാണപ്രായമായി എന്ന തോന്നല്‍ ചെറുപ്പം വിട്ടകലുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണോ?…കാലം എത്രവേഗമാണ് കടന്നുപോകുന്നത്…

  Written By : Meenukkutty