• കള്‍ച്ചര്‍ ഷോക്ക്

    Written on 2010.05.03 | Category: ചെറുകഥകള്‍ | Author: Meenukkutty

    പുതിയ നഗരം…നഗരക്കാഴ്ചകള്‍…കേരളത്തിലെ നാട്ടുവീഥികളുടെ ഊഷ്മളതയില്‍ നിന്നു തിരക്കേറിയ ബംഗ്ലൂര്‍ നഗരത്തിലേക്ക് ചേക്കേറുമ്പോള്‍ മനസ്സില്‍ നിറയെ പരിഭ്രമവും അമ്പരപ്പുമായിരുന്നു…ഒരു പുതിയ സ്ഥലത്തേക്ക് ഒറ്റയ്ക്ക് പറിച്ചുനടപ്പെടുമ്പോള്‍ ഏതൊരാളും അനുഭവിക്കുന്ന അതേ മാനസിക സംഘര്‍ഷങ്ങള്‍‍…പുതിയ സ്ഥലത്തെ ഭക്ഷണം,താമസം,കൂട്ടുകാര്‍ അങ്ങനെ ആശങ്കകളുടെ ലിസ്റ്റ് അനന്തമായി നീളുന്നു…

    പുതിയ ജോലിസ്ഥലത്ത് ജോയിന്‍ ചെയുന്ന ദിവസം….രാവിലെ ബസ്‌നമ്പര്‍ ഒക്കെ തപ്പിപ്പിടിച്ചു എത്തിയപ്പോഴേക്കും ഒന്‍പതര ആയി…വൈകിപ്പോയല്ലോ എന്നോര്‍ത്ത് ആധി പിടിച്ച് എത്തിയപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലുമില്ലാത്ത അവസ്ഥ…സെക്യുരിറ്റിയും ഞാനും മാത്രം…കുറേനേരം കാത്തിരുന്നപ്പോള്‍ H.R വന്നു…ഒരു അമേരിക്കന്‍ കമ്പനിയുടെ പുറംപൂച്ചുകള്‍ ഒട്ടുംതന്നെ കുറയ്ക്കാത്ത സംസാരവും പെരുമാറ്റവും…പഴയ കമ്പനിയില്‍ നിന്നു വ്യതസ്തമായി ഇവിടെ എല്ലാവര്‍ക്കും ലാപ്ടോപ് ആണ്..ആരും തന്നെ ഡെസ്ക്ടോപ്പില്‍ ജോലി ചെയ്യുന്നില്ല എന്നു മനസ്സിലായി…വൈകുന്നേരം വീട്ടില്‍ പോകുമ്പോള്‍ ലാപ്ടോപ് കൊണ്ടുപോകുകയും ചെയ്യാമത്രേ…രണ്ട് വര്‍ഷം ഡെസ്ക്ടോപ്പില്‍ ജോലി ചെയ്ത എനിക്ക് അതൊരു പുതുമയായിരുന്നു…ഞാന്‍ ജോലി ചെയ്യാന്‍ പോകുന്ന ഗ്രൂപ്പില്‍ ആകെ പതിനഞ്ചു പേരേയുള്ളൂ എന്നു നേരത്തെ അറിയാമായിരുന്നു…പക്ഷെ അതില്‍ ഒരു പെണ്‍കുട്ടി പോലും ഇല്ലെന്നു മനസ്സിലായത്‌ ഇവിടെ വന്നപ്പോഴാണ്…ആ പോട്ടെ,പെണ്‍കുട്ടി ഇല്ലെങ്കില്‍ വേണ്ട …കാണാന്‍ കൊള്ളാവുന്ന കുറച്ചു മലയാളി ചെക്കന്മാരെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു ദൈവമേ എന്നോര്‍ത്താണ് വലതുകാല്‍ വെച്ചു കോണ്‍ഫറന്‍സ് റൂമില്‍ കയറിയത്…അവിടെ കണ്ട കാഴ്ച എന്‍റെ ചങ്ക് തകര്‍ത്തുകളഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ…മരുന്നിനു പോലും ഒരു മലയാളി ഇല്ല…അതും പോരഞ്ഞിട്ട് എല്ലാം എക്സ്പൈറി ഡേറ്റ് കഴിയാറായ കിളവന്മാരും!!!…എന്‍റെ ഒരു അവസ്ഥ…ഇതിനേക്കാള്‍ ഭേദം കൊച്ചിയിലെ മാനേജരുടെ തെറിവിളി ആയിരുന്നു എന്നു ഒരു നിമിഷം മനസ്സില്‍ ആലോചിച്ചു പോയെങ്കില്‍ അതിനു എന്നെ ഒരിക്കലും കുറ്റം പറയാന്‍ പറ്റില്ല…നിങ്ങള്‍ പറയൂ,പറ്റുമോ?…എന്‍റെ ജി-ടോക്ക് സ്റ്റാറ്റസ് ‘ജീവിതം നായ നക്കി’ എന്നാക്കിയാലോ എന്നൊരും ആലോചനയും ഉണ്ടായിരുന്നു…പിന്നെ എന്‍റെ ആരാധകരുടെ അഭിപ്രായം മാനിച്ചു അത് വേണ്ടെന്നു വെച്ചു…മീനുക്കുട്ടിയെപ്പോലുള്ള ഒരാള്‍ അങ്ങനെ പറഞ്ഞാല്‍ അവരുടെയെല്ലാം ആത്മവിശ്വാസം കുറയുമത്രെ…

    എന്തായാലും നനഞ്ഞു,എന്നാല്‍പ്പിന്നെ നന്നായി എണ്ണ തേച്ചു കുളിച്ചു കയറിക്കളയാം എന്നങ്ങട്ടു തീരുമാനിച്ചു…(കന്നടയില്‍ എണ്ണക്ക് എന്താണാവോ പറയുക?)…ആദ്യത്തെ ദിവസം ആയതുകൊണ്ട് എല്ലാവര്‍ക്കും ഭയങ്കര സ്നേഹം…’കാന്‍ വീ ഹാവ് കോഫി ടുഗതെര്‍’ എന്നു ഗ്രൂപ്പ് ഹെഡ്…’നോ,താങ്ക്സ്..ഐ ഓള്‍റെഡി ഹാട് വണ്‍ ‘ എന്നു ജാഡ തീരെ കുറയ്ക്കാതെ ഞാനും…സത്യത്തില്‍ എനിക്ക് ഒരു കാപ്പി കിട്ടിയാല്‍ക്കൊള്ളം എന്നു ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു…പക്ഷെ കാപ്പി കുടിക്കാന്‍ പോയാല്‍ അങ്ങേര് ഓരോ ടെക്നിക്കല്‍ കാര്യങ്ങള്‍ പറഞ്ഞോണ്ടിരിക്കും…എനിക്കാണേല്‍ പണിയെടുക്കുന്ന കാര്യം കേള്‍ക്കുന്നതേ അലര്‍ജിയാ…പക്ഷെ ഗ്രൂപ്പ് ഹെഡിന്‍റെ കയ്യീന്ന് രക്ഷപെട്ട് ഒറ്റയ്ക്ക് കാപ്പി കുടിക്കാന്‍ ചെന്നപ്പോഴല്ലേ പണി പാളിയ കാര്യം മനസ്സിലാകുന്നത്‌…അവിടെ നെസ്കഫെ കോഫി മെഷീനില്‍ ആണ് കാപ്പി ഉണ്ടാക്കുന്നത്…എനിക്കാണേല്‍ ആ കുന്ത്രാണ്ടം പ്രവര്‍ത്തിപ്പിക്കാന്‍ അറിഞ്ഞൂടാ…പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ…വേറെ വഴിയില്ലാത്തോണ്ട് അന്ന് പച്ചവെള്ളം കുടിച്ചു വിശപ്പടക്കി…സോറി,ദാഹം അകറ്റി…

    സ്കൂള്‍ തുറന്നു വരുന്ന ആദ്യത്തെ ദിവസം സാധാരണ ഒന്നും പഠിപ്പിക്കാറില്ലല്ലോ…ഞാനും അങ്ങനെ ഒരു പ്രതീക്ഷയില്‍ ആയിരുന്നു…ആദ്യത്തെ ദിവസം എല്ലാരേയും പരിചയപ്പെട്ടു ജോളിയായി നടക്കാം എന്നായിരുന്നു വിചാരം…പക്ഷെ പ്രതീക്ഷകളെല്ലാം തകര്‍ത്തുകൊണ്ട് ആദ്യദിവസം തന്നെ പണി കിട്ടി…അതും കട്ടപ്പണി…എന്‍റെ ഐ.ടി ദൈവങ്ങളേ,എന്നോടിത് വേണമായിരുന്നോ?…കിട്ടിയ പണിയെക്കുറിചോര്‍ത്തു ടെന്‍ഷനടിച്ചു ഒരു വിധം വൈകുന്നേരം വരെ സമയം തള്ളിനീക്കി…എങ്കിലും കിട്ടിയ പണി തുടങ്ങിവെക്കാന്‍ പോലും ഞാന്‍ മിനക്കെട്ടില്ല എന്ന കാര്യം പ്രത്യേകം എടുത്തു പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ…അല്ലേലും ആദ്യദിവസം തന്നെ പണിയെടുക്കുന്നത് മോശമല്ലേ…

    വൈകുന്നേരം വീട്ടില്‍പ്പോകാന്‍ ബസ്‌ കാത്തുനില്‍ക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞുനിന്നത് പറഞ്ഞു പഴകിയ ചില മല്ലു ജോക്സ് ആയിരുന്നു…’മഡിവാള ഹോഗുമോ’ എന്നു ചോദിക്കുന്നതും ‘ആ,ഹോഗുമായിരിക്കും’ എന്നു ബസ്സിലിരിക്കുന്ന ഒരു മലയാളി തിരിച്ചു പറയുന്നതും സ്വപ്നം കണ്ടെങ്കിലും ആ വക സംഭവങ്ങളൊന്നും ഉണ്ടായില്ല…ഇവള്‍ ഒരു മലയാളി തന്നെ എന്നു വിചാരിച്ചു പ്രതീക്ഷയോടെ മുഖത്തോട്ടു നോക്കുമ്പോഴായിരിക്കും ചെല്ലക്കിളി ഫോണില്‍ നല്ല ഉച്ചത്തില്‍ ഹിന്ദിയിലും കന്നടയിലും തമിഴിലുമൊക്കെ പേശുന്നത്…ഈ കന്നഡയും തെലുങ്കുമൊന്നും കേട്ടാല്‍ ഇപ്പോഴും വേര്‍തിരിച്ചറിയാന്‍ എനിക്ക് കഴിയില്ല കേട്ടോ…കന്നടയോ തെലുങ്കോ ആണെന്ന് മാത്രം പറയാം…രണ്ടും കേട്ടാല്‍ ഒരു കുടത്തില്‍ കല്ലിട്ടു കുലുക്കുന്ന പോലെയിരിക്കും….

    പണ്ട് ടി.വിയില്‍ ഇംഗ്ലീഷ് സിനിമകള്‍ കാണുമ്പോള്‍ ഇടക്ക് ചില സീനുകള്‍ വരുമ്പോള്‍ അറിയാതെ കണ്ണുപൊത്തുന്ന ഒരു ശീലം ഉണ്ടായിരുന്നു എനിക്ക്…കണ്ണ് ശരിക്കും പൊത്തിയിരുന്നോ അതോ കൈവിരലുകള്‍ക്കിടയില്‍ വിടവുണ്ടായിരുന്നോ എന്നൊന്നും ചോദിക്കരുത്…കാരണം കഥയില്‍ ചോദ്യമില്ല…ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്താം…പറഞ്ഞു വന്നത് ഇവിടെ അങ്ങനെ കണ്ണുപൊത്തിയിട്ടും കാര്യമില്ല എന്നാണ്…കണ്ണടച്ച് വഴിയിലൂടെ നടന്നാല്‍ പാണ്ടിലോറിയുടെ അടിയില്‍ എത്രയും വേഗം എത്തിച്ചേരാം…കാര്യങ്ങളൊക്കെ മനസ്സിലായിക്കാണും എന്നു വിചാരിക്കുന്നു…കേരളത്തിലെ കപട സദാചാരവാദികളുടെ ഇടയില്‍നിന്നു ഈ നഗരത്തില്‍ വരുമ്പോള്‍ ആദ്യം എല്ലാരും ഒന്നും ഞെട്ടും…അത് തീര്‍ച്ച…’കള്‍ച്ചര്‍ ഷോക്ക്’ എന്നാണത്രെ ഈ പ്രതിഭാസത്തിനു പറയുന്ന പേര്…പണ്ടൊരു സുഹൃത്ത്‌ പറഞ്ഞതിന്‍റെ അര്‍ഥം ഇപ്പോഴാണ് മനസ്സിലാകുന്നത്‌…

    പലതും കണ്ടും കേട്ടും മനസ്സിലാക്കിയും ഈ നഗരത്തില്‍ ഒരു ജീവിതം കരുപ്പിടിപ്പിക്കാനും ഓര്‍മകളുടെ ചില്ലുജാലകം തുറന്നുവെക്കാനും സ്വപ്നങ്ങളുടെ ഈ പറുദീസയില്‍ ഒരു വ്യാഴവട്ടക്കാലം കൂടി…

    Written By : Meenukkutty