• ഭൂമിക്കൊരു പ്രണയഗീതം

    Written on 2010.03.26 | Category: കവിതകള്‍ | Author: Renju

    സര്‍വ്വംസഹയായ ഭൂമിയാമമ്മേ ,
    നിന്നോടെനിക്കൊരു പ്രേമം…
    അമ്മയായ് കാണേണ്ട നിന്നെ പ്രേമിച്ചതെന്‍ –
    കര്‍മ്മദോഷം മൂലമാകാം , അല്ലെങ്കിലെന്‍ –
    മുജ്ജന്മ പാപഫലമാകാം …
    ഉമിത്തീ പോലെയെന്‍ മനസ്സില്‍ നീറുന്നൊരാ –
    പ്രേമഭാരം ഞാന്‍ ഓതട്ടേ മാതേ ,
    മാരിവാരിയെറിയുമൊരത്ഭുത സന്ധ്യയില്‍ –
    കണ്ടു ഞാന്‍ ആദ്യമായി നിന്‍ മുഖം എന്‍പ്രിയേ
    അന്നെനിക്കില്ല നിന്നോടനുരാഗം…
    പിന്നെ ഞാനറിയാതെ വന്നൊരാരാഗം
    മാരിവില്‍ നിറമാര്‍ന്ന വിണ്ണിനു കീഴെ
    എന്‍ മുന്നിലൂടെ നീ പാറിക്കളിക്കവേ ,
    ചഞ്ചലമായോരെന്‍ മാനസലീലയില്‍
    നീ വന്നു രാഗകണങ്ങള്‍ വിരിയിച്ചു…
    രാഗത്തിനന്ത്യം ദുഖത്തിലെന്നു –
    രാവേറെ ചിന്തിച്ചുറച്ചത് കൊണ്ടോ –
    സൂര്യ , ചന്ദ്ര താരഗണങ്ങളെ വിട്ടിട്ട് ,
    നീയെന്നെ സ്നേഹിക്കില്ലെന്നുറച്ചിട്ടോ –
    നിനക്കായ്‌ ഞാന്‍ നെയ്തൊരാ രാഗകാവ്യം
    എന്‍ മനസ്സില്‍ ഞാന്‍ കാത്തു സൂക്ഷിച്ചു…
    ഒടുവില്‍ ഞാനാ പ്രേമതാളത്തിനടിമയായ്
    നിന്നെ സമീപിച്ച കര്‍ക്കിടകരാത്രിയില്‍-
    മിന്നലും കാറ്റുമകമ്പടി സേവിച്ച നിന്‍-
    രൌദ്രഭാവം കണ്ടു ഞാന്‍ തോറ്റു നില്‍ക്കുമ്പോഴും-
    എന്നുള്ളിലൂറുന്ന ദുഖത്തിനുറവിടം എന്തെ –
    ന്നറിയാതെ ഞാന്‍ നൊന്തു നില്‍ക്കുമ്പോഴും
    ചങ്ങാതിയാണെന്നുറച്ചു ഞാന്‍ സ്നേഹിച്ച
    എന്‍ സോദരിയോടുപമിച്ചു ലാളിച്ച
    കളിക്കൂട്ടുകാരി നോക്കി ചിരിക്കുമ്പോഴും
    സത്യം പറയുവാനെന്നെ പഠിപ്പിച്ച –
    മാതാ പിതാ ഗുരുക്കന്മാരെല്ലാം
    സത്യമറിയാതെന്നെ ക്രൂശിചിടുമ്പോഴും
    നാട്ടിലെ സോദരര്‍ നോക്കി നോവിക്കുമ്പോഴും –
    എന്‍ മനസ്സില്‍ നീ പുളകങ്ങള്‍ വിരിയിച്ചു…
    അന്ന് തൊട്ടുള്ളോരെന്‍ വനവാസകാലത്ത്
    ഈ ലോകമെന്‍റെ ഹൃദയം കറുപ്പിച്ചു …
    നിന്നെക്കുറിച്ചുള്ള എന്‍റെ പ്രതീക്ഷകള്‍
    കള്ളക്കഥകളാല്‍ തകര്‍ക്കപ്പെടുമ്പോഴും –
    ഈ പ്രേമലീലയായ് ഗതിതെറ്റി നില്‍ക്കുമെന്‍
    ജീവിതമെന്നെ തുറിച്ചു നോക്കുമ്പോഴും
    ജീവിതമെന്തെന്നറിയാതെയെങ്കിലും
    നിന്നെ ഞാന്‍ എന്നുള്ളില്‍ സ്നേഹത്താല്‍ ബന്ധിച്ചു…
    ഭൂമികെ,എനിക്കറിയീല നിന്‍ മാനസം …
    നിന്നുടെ മോഹവും ഇന്നെനിക്കറികീല
    നിന്നെ പ്രേമിച്ചതെന്‍ സ്വാര്‍ത്ഥതയാകാം
    അല്ലെങ്കിലെന്‍ രാഗസങ്കല്പ്പമാകാം
    നിന്നെക്കുറിച്ചുള്ള എന്നിലെ രാഗം
    മിഥ്യയല്ലെന്നു നീ അറിയുക എന്‍ പ്രിയേ
    നീയില്ലാതെനിക്കില്ലിനിയൊരുനാളും
    എന്‍ ജീവനെ ഞാന്‍ നിനക്കായ്‌ സമര്‍പ്പൂ..
    കാണാം നിനക്കിതിനെയായെന്‍ പ്രായശ്ചിത്തം
    അല്ലെങ്കിലായെന്‍ പ്രണയോപഹാരം….

    Written By : Renju