• ഒരു കോര്‍പ്പറേറ്റ് പ്രണയകഥ

  Written on 2009.11.17 | Category: ചെറുകഥകള്‍ | Author: Meenukkutty

  ഈ കഥയ്ക്ക് നിങ്ങള്‍ ഇതിനു മുന്‍പ് കേട്ടിട്ടുള്ള ഏതെങ്കിലും കഥകളുമായി എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ് …ബംഗ്ലൂര്‍-ലെ ഒരു മള്‍ട്ടിനാഷണല്‍ കോര്‍പ്പറേറ്റ് ഭീമനെയും അവിടുത്തെ ജീവനക്കാരെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്…

  ഈ കഥയിലെ നായകന്‍ ചാക്കപ്പന്‍…ഒരു കാഞ്ഞിരപ്പള്ളിക്കാരന്‍ നസ്രാണി…പേരില്‍ മാത്രേ അച്ചായന്‍റെ ഗമയുള്ളൂ …ജീവിക്കാന്‍ വല്യ ചുറ്റുപാടൊന്നൂല്ല …നായിക റോസമ്മ…പു.കാ.കു…മനസ്സിലായില്ല അല്ലേ?…തൃശ്ശൂരിലെ പുരാതന കാതോലിക കുടുംബത്തിലെ ഏക പെണ്‍തരി…റോസമ്മ ഐ.ഐ.ടി പാസ്‌ ഔട്ട് ആണ്…ലവന്‍ വെറും ലോക്കല്‍…കേരളത്തിലെ ഏതോ സ്വാശ്രയ കോളേജിലെ ആദ്യത്തെ ബാച്ച് പാസ്‌ ഔട്ട് ആണ്… അതുകൊണ്ട് തന്നെ ഒരേ പ്രോജെക്ടില്‍ ആണ് ജോലി ചെയ്യുന്നതെങ്കിലും ലവള്‍ക്ക് ലവനെ വല്യ മതിപ്പൊന്നൂല്ലാ…

  ജന്മം കൊണ്ടു തൃശൂര്‍ക്കാരിയാണെങ്കിലും റോസമ്മ (ഇതു അമ്മൂമ്മയുടെ സ്മരണാര്‍ത്ഥം ഇട്ട പേരാണ്..അവള്‍ എല്ലാവരോടും റോസ് എന്ന് പരിചയപ്പെടുത്തും) പഠിച്ചതും വളര്‍ന്നതും അങ്ങ് മുംബൈ-ല്‍ ആണ്…അവളുടെ പപ്പാ ഇന്ത്യന്‍ ആര്‍മിയിലെ എന്തോ വല്യ സംഭവം ആയിരുന്നു പോലും…അതുകൊണ്ട് അവള്‍ക്കു പല നാടുകള്‍ കണ്ടു പരിചയം ഉണ്ട്…നല്ല മണിമണിയായി വല്യ മൂപ്പില്‍സു സായിപ്പിനോട്‌ ഇംഗ്ലീഷില്‍ പേശും…നമ്മുടെ നായകന്‍റെ മെയിന്‍ പ്രശ്നവും ഇതാണ്…സായിപ്പിനെ കാണുമ്പോള്‍ ടിയാന്‍ കവാത്ത് മറക്കും…പറയാന്‍ വന്നതെല്ലാം അങ്ങ് വിഴുങ്ങിക്കളയും…തു കാണുമ്പോഴുള്ള അവളുടെ ചിരിയടക്കിപ്പിടിച്ചുള്ള നോട്ടം കാണുമ്പോള്‍ ഭൂമി തുരന്നു കീഴോട്ടു പോയാല്‍ മതിയെന്ന് അവന് എപ്പോഴും തോന്നാറുണ്ട്…പക്ഷെ എങ്ങോട്ട് തുരക്കാന്‍?…നടക്കാനുള്ള വഴി പോലും കോണ്‍ക്രീറ്റ് ഇട്ടു വെച്ചിരിക്കുവല്ലേ… അത് കൊണ്ടു മാത്രമാണ് അവന്‍ പലപ്പോഴും ക്ഷമിക്കുന്നത്…

  കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ നായിക മനസ്സുകൊണ്ട് ഒരു നാട്ടിന്‍പുറത്തുകാരിയായിരുന്നു…അങ്ങനെയിരിക്കുമ്പോള്‍ ചാക്കപ്പന് അവളോട്‌ പെട്ടെന്ന് ഒരു ദിവസം അനുരാഗം പൊട്ടിമുളച്ചു…എങ്ങനെ എന്ന് ചോദിക്കരുത്…മുളച്ചു അത്ര തന്നെ…അവളുമായുള്ള സംസാരത്തില്‍നിന്ന് അവന്‍ ഒരു കാര്യം മനസ്സിലാക്കിയിരുന്നു…അതിനുശേഷമാണ് ഈ പെട്ടെന്നുള്ള പൊട്ടിമുളക്കല്‍ …ഉള്ളിന്‍റെയുള്ളില്‍ ഒരു തനി തൃശൂര്‍കാരിയായി ജീവിക്കാനാണത്രേ നമ്മുടെ റോസമ്മക്കിഷ്ടം…അവള്‍ ഒരിക്കല്‍ പറഞ്ഞു :

  “ഈ ഹൈ ഫൈ കോര്‍പ്പറേറ്റ് ജീവിതം എനിക്ക് മടുത്തു….

  എനിക്ക് സ്പൂണും ഫോര്‍ക്കും ഉപയോഗിക്കാതെ കൈകൊണ്ടു ചോറ് വാരിക്കഴിക്കാനാണിഷ്ടം…

  ഒരു നല്ല നസ്രാണിചെറുക്കനെ കെട്ടി അവന്‍റെ മൂന്നാല് പിള്ളാരേം വളര്‍ത്തി സന്തോഷമായി ജീവിക്കണം…”: അവള്‍ ആഗ്രഹം വെളിപ്പെടുത്തി…

  അതോടെ അവന്‍ മനസ്സില്‍ ഉറപ്പിച്ചു..”നിന്നെ ഞാന്‍ തന്നെ കെട്ടുമെടീ റോസാക്കൊച്ചേ…കൊച്ചുഗള്ളി …”

  അങ്ങനെ പതുക്കെപ്പതുക്കെ അവരുടെ പ്രണയം വളര്‍ന്നു…നാടറിഞ്ഞു…നാട്ടാരറിഞ്ഞു…സഹക്യുബിക്ള്‍വാസികള്‍ എല്ലാം അറിഞ്ഞു…അങ്ങനെ ആ വാര്‍ത്ത അവരുടെ പ്രോജെക്ടിന്‍റെ തലവന്‍റെ അടുത്തും എത്തി…ജോണ്‍ ഹോനായി…നമ്മുടെ വില്ലന്‍…അവനാണേല്‍ റോസമ്മയെ പ്രേമിക്കാന്‍ തുടങ്ങിയിട്ട് അന്നേക്കു മൂന്നു വര്‍ഷം തികയുന്ന ദിവസമായിരുന്നു…അവളറിഞ്ഞില്ലെന്നു മാത്രേയുള്ളൂ…എങ്ങനെയും ലവനെ പ്രോജെക്ടില്‍നിന്നു റിലീസ് ചെയ്യണം…അവര്‍ തമ്മില്‍ കാണാനുള്ള സാഹചര്യങ്ങള്‍ മൊത്തം ഒഴിവാക്കണം…ഓണ്‍സൈറ്റ് വിട്ടാലോ?…പക്ഷെ ഇംഗ്ലീഷ് എന്ന് കേള്‍ക്കുമ്പോള്‍ മുട്ടുകാലു കൂട്ടിയിടിക്കുന്ന ഇവനെ എങ്ങനെ അങ്ങോട്ട് വിടും??…അവളെ വിട്ടാല്‍ ശരിയാകില്ല…അവളെക്കാണാതെ നീറി നീറി ഞാന്‍ പരീക്കുട്ടിയെപ്പോലെ ഈ കടാപ്പുറത്തുകൂടെ അലഞ്ഞു തിരിഞ്ഞു നടന്നു നെഞ്ചു പൊട്ടി ചത്തു പണ്ടാരമടങ്ങും…അതും വയ്യ…

  ഹോനായി ഇങ്ങനെ ആലോചിച്ചു തലപുണ്ണാക്കിക്കൊണ്ടിരിക്കുന്നതറിയാതെ നമ്മുടെ ഇണക്കുരുവികള്‍ ചാക്കപ്പനും(ചാക് എന്നാണ് റോസമ്മ ഇപ്പോള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നത്) റോസമ്മയും കാന്ടീനിലും കോണ്‍ഫറന്‍സ് റൂമിലും ലൈബ്രറിയിലും ഒക്കെയായി സ്വൈര്യവിഹാരം തുടര്‍ന്നു…അവന്‍ അവളെ ചായ ഉണ്ടാക്കാന്‍ പഠിപ്പിച്ചു , കാപ്പി ഉണ്ടാക്കാന്‍ പഠിപ്പിച്ചു , കള്ളബില്‍ എഴുതി reimburse ചെയ്യാന്‍ പഠിപ്പിച്ചു…വേറെ പലതും പഠിപ്പിച്ചു എന്ന് പിന്നാമ്പുറസംസാരം….പരദൂഷണം പറയുന്നവര്‍ പറഞ്ഞോട്ടെ…കള്‍ച്ചര്‍ലെസ്സ് ഇടിയട്ട്സ്…അവര്‍ രണ്ടു പേരും മനസ്സിലോര്‍ത്തു…അവര്‍ക്ക് പരസ്പരം പറയാന്‍ ഒരുപാടു കാര്യങ്ങള്‍ ഉണ്ടായിരുന്നു…ലോകസമ്പദ്‌വ്യവസ്ഥ തകിടംമറിഞ്ഞതോ സെന്‍സെക്സ് കയ്യാലപ്പുറത്തെ തേങ്ങ പോലെ അങ്ങോട്ടെന്നോ എങ്ങോട്ടെന്നോ ഇല്ലാതെ ആടിക്കളിക്കുന്നതോ ഭീകരരുടെ ആക്രമണഭീഷണിയോ ഒന്നും അവരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ആയിരുന്നില്ല…

  പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെയാണ് അവരുടെ കണക്കുക്കൂട്ടലുകളെ തകിടം മറിക്കുന്ന ഒരു സംഭവം ഉണ്ടായത്…ഇത്രയും നാള്‍ രഹസ്യമായും പരസ്യമായും താങ്ങിനിര്‍ത്തിയ പാകിസ്ഥാനെ കണ്ണില്‍ച്ചോരയില്ലാതെ ആക്രമിക്കുന്ന താലിബാന്‍ സേന (നന്ദിയില്ലാത്ത വര്‍ഗം – ഈയുള്ളവള്‍ മനസ്സില്‍ പറഞ്ഞു പോകുന്നു) വിട്ട ഒരു പോര്‍വിമാനം ലക്ഷ്യം തെറ്റി ഇന്ത്യന്‍ മണ്ണില്‍ വന്നു വീണു…മണ്ണില്‍ വീണു എന്ന് പറഞ്ഞാല്‍ ശരിയാകില്ല…കൃത്യമായി പറഞ്ഞാല്‍ ബംഗ്ലൂര്‍-ലെ നമ്മുടെ മള്‍ട്ടിനാഷണല്‍ കമ്പനിയുടെ പത്താം നിലയിലേക്ക് ഇടിച്ചു കയറുകയായിരുന്നു…അതും ഒരു september 11 -ന്…ആ വിമാനം ഇടിച്ചു കയറിയത് 24 നിലകളുള്ള ഒരു വെറും കെട്ടിടത്തിലേക്കായിരുന്നില്ല…നമ്മുടെ ചാക്കപ്പന്‍റെയും റോസമ്മയുടെയും സ്വപ്നങ്ങളിലേക്കായിരുന്നു…അതെ,ആ ഇടിയില്‍ ചാക്കപ്പന്‍,റോസിന്‍റെ ചാക് , അതിദാരുണമായി കൊല്ലപ്പെട്ടു…
  [ഇവിടെ ഒരു ശോകഗാനത്തിന്‍റെ ട്യൂണ്‍ വായിക്കുന്നവര്‍ സ്വന്തമായി ഇട്ടോണം… :(( ]

  ദുരന്തത്തില്‍ 10 പേരുള്ള അവരുടെ പ്രോജെക്ടിലെ 8 പേരും മരിച്ചു…ജോണ്‍ ഹോനായിയും റോസമ്മയും മാത്രം ബാക്കി…പ്രിയതമന്‍ മരിച്ച ദുഖത്തില്‍ ചങ്കു പൊട്ടിക്കരയുന്ന റോസമ്മയെ പഞ്ചാര വാക്കുകള്‍ പറഞ്ഞു ആശ്വസിപ്പിച്ചു അതിലൂടെ അവളുടെ ഹൃദയത്തില്‍ കയറിപ്പറ്റാം എന്നാണ് ഹോനായി കണക്കുക്കൂട്ടിയത്…പക്ഷെ റോസമ്മയുടെ മറുപടി ഹോനായിയുടെ കണക്കുക്കൂട്ടല്‍ തെറ്റിച്ചു…മരിച്ചവരുടേം രക്ഷപ്പെട്ടവരുടേം കണക്കെടുക്കാന്‍ ചുമതലപ്പെട്ടവര്‍ എത്തിയപ്പോള്‍ റോസമ്മയോട് അവളുടെ പേര് ചോദിച്ചു…അവള്‍ പറഞ്ഞു : “റോസമ്മ ചാക്കപ്പന്‍”…അങ്ങനെ ഹോനായി വീണ്ടും ശശിയായി…അന്തം വിട്ടു കുന്തം വിഴുങ്ങി നിന്ന ഹോനായിയെ നോക്കി ചിരിച്ചു കൊണ്ട് സ്വര്‍ഗത്തിലിരുന്നു ചാക്കപ്പന്‍റെ ആത്മാവ് പറഞ്ഞു :

  “മോനേ ഹോനായി, ഈ കാഞ്ഞിരപ്പള്ളിക്കാരന്‍ ക്രിസ്ത്യാനി എന്ന് പറഞ്ഞാല്‍ ആരാന്നാ നിന്‍റെ വിചാരം?…നീ അവള്‍ക്കു അടുത്ത ടാസ്ക് കൊടുക്കുന്നതിനുമുന്‍പേ ഞാന്‍ അവള്‍ക്കു 10 മാസത്തേക്ക് ഒരു പണി കൊടുത്തു..ടിന്‍ ടിന്‍ ടിടിന്‍…”

  റോസമ്മയുടെയും ചാക്കപ്പന്‍റെയും കണ്ണീരില്‍ കുതിര്‍ന്ന പ്രണയകഥ ഇവിടെ അവസാനിക്കുന്നു….

  P.S:ആര്‍ക്കെങ്കിലും ഈ കഥയില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഇവിടെ ഒരു കമന്റ്‌ ഇട്ടു പ്രധിഷേധിക്കാവുന്നതാണ്…

  Written By : Meenukkutty