• വടക്കന്‍വീട്ടില്‍ കൊച്ചുകുഞ്ഞ് എന്ന താന്തോന്നി

  Written on 2010.03.22 | Category: Movie Reviews | Author: Meenukkutty

  എറണാകുളം പത്മ തീയേറ്ററില്‍ നിന്നു കഴിഞ്ഞ ദിവസം ‘താന്തോന്നി’ കണ്ടു…മലയാളസിനിമയില്‍ സൂപ്പര്‍താരവാഴ്ച മമ്മൂട്ടി-മോഹന്‍ലാല്‍ കാലഘട്ടത്തില്‍ അവസാനിക്കില്ല എന്നൊരു ആശ്വാസത്തോടെയാണ് തീയേറ്ററില്‍ നിന്നു ഇറങ്ങിയത്‌…ഉറപ്പുള്ള ഒരു കഥയുടെ പിന്‍ബലം ഇല്ലെങ്കില്‍ക്കൂടി തീയേറ്ററുകളില്‍ നിന്നു നല്ല പ്രതികരണം ആണ് സിനിമക്ക് ലഭിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്…പുതുമയുള്ള കഥകള്‍ വിരളമാണെന്നിരിക്കെ അതൊരു പോരായ്മയായി കണക്കാക്കാനാവില്ല…

  കഥയുടെ പോരായ്മ അവതരണരീതിയിലും തീപ്പൊരി ഡയലോഗുകളുടെ പെരുമഴയിലും മുങ്ങിപ്പോയി എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി…വടക്കന്‍വീട്ടില്‍ എന്നു പേരുള്ള പാലായിലെ പ്രതാപവും പെരുമയും നിറഞ്ഞ ക്രിസ്ത്യന്‍ തറവാട്ടിലെ കൊച്ചുകുഞ്ഞ് എന്ന താന്തോന്നിയുടെ അല്ലെങ്കില്‍ തറവാടിയുടെ കഥയാണിത്…കഥ വളരെ പ്ലെയിന്‍ ആയി പറഞ്ഞു പോകാതെ സസ്പെന്‍സുകള്‍ തിരുകിക്കയറ്റി അവസാനംവരെ കണ്ടിരിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിച്ചതില്‍ തിരക്കഥാകൃത്ത്‌ അഭിനന്ദനം അര്‍ഹിക്കുന്നു…അത് പോലെ കഥയിലെ വഴിത്തിരിവുകള്‍ കൃത്യസമയത്ത് പ്രേക്ഷകന് മുന്നില്‍ തുറന്നിടുകയും ചെയ്തിട്ടുണ്ട്…നായകന്‍റെ രംഗപ്രവേശവും കലക്കീട്ടുണ്ട്ട്ടാ…

  ഉശിരുള്ള അച്ചായന്‍ കഥാപാത്രങ്ങള്‍ ഇതിനുമുന്‍പ് പലരും ചെയ്തിട്ടുണ്ട്…പക്ഷെ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ശേഷം ഇത്ര തന്മയത്വത്തോടെ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പ്രിഥ്വിരാജിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നാണ് എന്‍റെ വിലയിരുത്തല്‍…സിനിമ കണ്ടിറങ്ങുമ്പോള്‍ കിഴക്കന്‍ പത്രോസിലെ മമ്മൂട്ടിയെ ഓര്‍മ വന്നാല്‍ അതില്‍ തെറ്റ് പറയാനാകില്ല…അനുകരണവിവാദം ഒന്നുമില്ലാതെ തന്നെ മമ്മൂട്ടിയോട് കിടനില്‍ക്കാന്‍ ഇതിലൂടെ പ്രിഥ്വിരാജിന് കഴിഞ്ഞിട്ടുണ്ട് എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്…

  Prithviraj in Thanthonni

  “ഒടക്കാന്‍ നിക്കല്ലേ , ഒടച്ചു കയ്യീ തരും” എന്ന പഞ്ച് ഡയലോഗ് ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു…

  ഗ്ലാമറിന്റെയും സ്റ്റൈലിന്റെയും കാര്യത്തില്‍ ഓരോ സിനിമ കഴിയുമ്പോഴും ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്ന പ്രിഥ്വി മലയാളികളുടെ സ്റ്റൈല്‍ ഐക്കണ്‍ ആയി മാറാന്‍ അധികസമയം വേണ്ടിവരില്ല…(കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടു മമ്മൂട്ടി രംഗത്ത് ഉള്ളിടത്തോളം അത് നടക്കുമെന്ന് തോന്നുന്നില്ല…എന്നാലും)…

  സിനിമയിലെ ആക്ഷന്‍ സീനുകള്‍ അല്പം കടന്ന കൈയ്യായിപ്പോയില്ലേ എന്നൊരു സംശയം ബാക്കിയുണ്ട്…പക്ഷെ,അംബികയുടെ ചെറുപ്പകാലം അഭിനയിക്കുന്ന പെണ്‍കുട്ടിക്ക് സുമലതയുമായുള്ള രൂപസാദൃശ്യം അവിശ്വസനീയമാണ്…പതിവിനു വിപരീതമായി സുരാജ് വെഞാറമൂടിന്റെ കോമഡി നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്…പക്ഷെ ആദ്യപകുതിക്ക് ശേഷം നായകന്‍റെ സന്തതസഹചാരിയായ സുരാജിന്റെ ഡേറ്റ് കിട്ടിയില്ല എന്നു തോന്നുന്നു …ഇന്റെര്‍വെല്ലിനു ശേഷം കക്ഷിയെ കാണാനേയില്ല…അതുപോലെ നായകനും നായികയും എങ്ങനെ അല്ലെങ്കില്‍ ഏതുവകയില്‍ പ്രേമത്തിലായി എന്ന കാര്യവും ഇപ്പോഴും ഒരു കടംകഥയാണ്…മുറപ്പെണ് സമ്പ്രദായം ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നിലവിലില്ലാത്ത സ്ഥിതിക്ക്….

  നവാഗതനായ സംവിധായകന്‍ ജോര്‍ജ് വര്‍ഗീസിന് സിനിമ നല്ലൊരു തുടക്കം തന്നെയാണ് നല്‍കിയിരിക്കുന്നത്…ബാലേട്ടന്‍ ,രാജമാണിക്യം തുടങ്ങിയ സിനിമകളിലൂടെ കഴിവ് തെളിയിച്ച തിരക്കഥാകൃത്ത്‌ ടി.എ.ഷാഹിദ് ഈ സിനിമയിലും പ്രേക്ഷകരോട് നീതി പുലര്‍ത്തിയിട്ടുണ്ട് എന്നു പറയാതെ വയ്യ…

  Prithviraj

  Written By : Meenukkutty