-
നാണയനിയന്ത്രിത കമ്പ്യൂട്ടര്‍
കഥയുടെ തലക്കെട്ട് കേട്ട് ഞെട്ടരുത്…കാരണം, ഇത് കഥയല്ല…കോളേജിലെ ആറാം സെമസ്റ്ററില്‍ ഞങ്ങള്‍ ചെയ്ത ഗമണ്ടന്‍ പ്രോജെക്ടിന്‍റെ പേരാണ്…കാര്യം മിനി പ്രോജെക്റ്റ് എന്നൊക്കെയാണ് പേരെങ്കിലും മിനി ആയിട്ടൊന്നും ചെയ്യാന്‍ ആരും മെനക്കെടാറില്ല…ആദ്യമായി ചെയ്യുന്നതായത് കൊണ്ടു എല്ലാവര്‍ക്കും ഒടുക്കത്തെ ആര്‍ത്തി ആയിരിക്കും…പേടിക്കേണ്ട…ഒരെണ്ണം ചെയ്തു കഴിയുമ്പോഴേക്കും അതൊക്കെ അങ്ങ് മാറിക്കോളും…മെയിന്‍ പ്രോജെക്റ്റ് ആകുമ്പോഴേക്കും എല്ലാരും നോര്‍മല്‍ ആകും…
ഒരു ടീമില്‍ പരമാവധി 6 പേര്‍ മാത്രമേ പാടുള്ളൂ എന്നായിരുന്നു നിയമം…ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ വളരെ കുറവായിരുന്നതുകൊണ്ട് ഓരോ ടീമിലും ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു…എന്‍റെ ടീമിലും ഞാന്‍ ഏക പെണ്‍തരി ആയിരുന്നു…ഞങ്ങള്‍ ചെയ്യാനുദേശിച്ച പ്രോജെക്ടിന്‍റെ രത്നചുരുക്കം ഇങ്ങനെയാണ് : പൊതുസ്ഥലങ്ങളില്‍ , നാലു വഴി കൂടുന്നിടത്തെല്ലാം ഒരു രൂപ നാണയം ഇട്ടു പ്രവര്‍ത്തിപ്പിക്കുന്ന ടെലിഫോണ്‍ എല്ലാവരും കണ്ടിട്ടുണ്ടാകും…അതുപോലെ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റേഷനിലും അങ്ങനെ നാലാള് കൂടുന്നിടത്തെല്ലാം 5 രൂപ നാണയം ഇട്ടു ഇന്‍റെര്‍നെറ്റ് ബ്രൌസ് ചെയ്യാനുള്ള ഒരു സംവിധാനം…അതായിരുന്നു ഞങ്ങളുടെ മഹത്തായ ലക്‌ഷ്യം…ഇത്തിരിക്കുഞ്ഞന്‍ മൊബൈലില്‍ ഇന്‍റെര്‍നെറ്റ് വ്യാപകമായി തുടങ്ങിയിട്ടില്ലാത്ത കാലമായിരുന്നു അത്…ഉടുതുണിക്ക് മറുതുണിയില്ലാത്ത പട്ടിണിപ്പാവങ്ങളുടെ നാട്ടില്‍ , സൂക്ഷിച്ചില്ലെങ്കില്‍ കാലില്‍ ഇട്ടിരിക്കുന്ന പഴകി തേഞ്ഞ ചെരുപ്പ് വരെ അടിച്ചുമാറ്റുന്ന വിരുതന്മാരുടെ നാട്ടില്‍, അതും നമ്മുടെ ഇന്ത്യയില്‍ , ഇതൊന്നും നടപ്പുള്ള കാര്യമല്ല എന്നു പറഞ്ഞ ദോഷൈകദൃക്കുകള്‍ കുറവല്ലായിരുന്നു…പക്ഷെ ഞങ്ങള്‍ സ്വപ്നം കണ്ടത് 15 വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ഇന്ത്യയാണ്…വികസിത ഇന്ത്യ…ട്വന്റി ട്വന്റിയിലെ ഇന്ത്യ…(കലാം സര്‍ അങ്ങനെ സ്വപ്നം കാണുമെന്നു ഞങ്ങള്‍ മുന്‍കൂട്ടിക്കണ്ടു…ഞങ്ങളുടെ ഒരു കാര്യം!!)…
ഞങ്ങളുടെ നാണയനിയന്ത്രിത കമ്പ്യൂട്ടറിന്‍റെ വിശദാംശങ്ങളിലേക്ക്…യാത്രക്കൊരുങ്ങി റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റേഷനിലോ നില്‍ക്കുമ്പോഴായിരിക്കും ഒരു പക്ഷെ നിങ്ങള്‍ക്ക് അന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത ഓര്‍മ വരുന്നത്…അതേ, നിങ്ങളുടെ ഗേള്‍ ഫ്രണ്ടിന്‍റെ അല്ലെങ്കില്‍ ഭാര്യയുടെ ജന്മദിനം…കുട്ടിക്ക് പോളിയോ വാക്സിന്‍ കൊടുക്കാന്‍ മറന്നാലും ഭാര്യയുടെ ജന്മദിനം മറക്കാന്‍ പാടില്ലെന്ന് നിങ്ങള്‍ അപ്പോഴായിരിക്കും ഓര്‍ക്കുന്നത്…ഒരു പക്ഷെ ഇക്കാര്യത്തില്‍ മുന്‍കാല അനുഭവങ്ങളും നിങ്ങള്‍ക്കുണ്ടായിരിക്കാം…(ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ ഒരു വര്‍ഷം മുഴുവന്‍ ശനിയുടെ അപഹാരം ഉണ്ടാകും എന്നു കഴിഞ്ഞ ദിവസം കൈനോട്ടക്കാരന്‍ പറഞ്ഞത് ഇതുമായി കൂട്ടിവായിക്കാനുള്ള ബുദ്ധി അപ്പോള്‍ ദൈവം നിങ്ങള്‍ക്ക് തന്നു എന്നു വിചാരിക്കുക)…ഒരു ഗ്രീറ്റിംഗ് കാര്‍ഡ് വാങ്ങിക്കൊടുക്കാന്‍ സമയമില്ലെന്നിരിക്കെ നിങ്ങള്‍ക്ക് മുന്നില്‍ ഒരേയൊരു വഴി മാത്രമേയുള്ളൂ…ഒരു ഓണ്‍ലൈന്‍ ഗ്രീറ്റിംഗ് കാര്‍ഡ് ഭാര്യയുടെ മെയില്‍ ഐഡിയിലോട്ട് അയക്കുക…വണ്ടി വിടാന്‍ വെറും അര മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇന്‍റെര്‍നെറ്റ് കഫെ അന്വേഷിച്ചു പോകുന്നത് മണ്ടത്തരമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു…ഇതുപോലുള്ള അപകടം പിടിച്ച അവസ്ഥകളിലാണ് ഞങ്ങളുടെ നാണയനിയന്ത്രിത കമ്പ്യൂട്ടര്‍ നിങ്ങളുടെ സഹായത്തിനെത്തുന്നത്…നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം…പോക്കറ്റില്‍ നിന്നു 5 രൂപ നാണയം എടുക്കുക , കമ്പ്യൂട്ടര്‍ പെട്ടിയുടെ അരികിലുള്ള നിശ്ചിത ദ്വാരത്തില്‍ നാണയം ഇടുക , കീബോര്‍ഡും മൌസും പ്രവര്‍ത്തനക്ഷമമാകുന്നത് വരെ കാത്തുനില്‍ക്കുക , ബ്രൌസര്‍ തുറന്നു നിങ്ങള്‍ക്ക് ആവശ്യമുള്ളത് ചെയ്യുക…ഒരു 5 രൂപ നാണയം ഉപയോഗിച്ച് പരമാവധി 10 മിനിട്ട് വരെ ബ്രൌസ് ചെയ്യാവുന്നതാണ്…ഈ അദ്ഭുത മെഷീനിനെക്കുറിച്ച് കോളേജ് ഹോസ്റ്റെലിലെ കുക്ക് ശാന്ത ചേച്ചി, വാച്ച്‌മാന്‍ ഗോപിച്ചേട്ടന്‍ ഇവര്‍ക്ക് പറയാനുള്ളത് കൂടി ഇവിടെ എഴുതണമെന്നു എനിക്കാഗ്രഹമുണ്ട്…പക്ഷെ അതിനു എനിക്കിനി ഒരിക്കലും കഴിയില്ല…അതിനൊരു കാരണമുണ്ട്…അത് വഴിയേ പറയാം…
പ്രൊജെക്ടിനു അനുവദിച്ചിട്ടുള്ള ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…ടീമിലെ എല്ലാവരും ഏകദേശം ഒരേ മനസ്സുള്ളവരായത് കൊണ്ടു ടീമിന്‍റെ പ്രവര്‍ത്തനം മൊത്തത്തില്‍ ബ്രിട്ടാനിയ ആരോറൂട്ട് ബിസ്കറ്റിന്‍റെ പരസ്യവാചകം പോലെ വര്‍ത്തമാനം-ലാത്തിയടി മട്ടില്‍ പതുക്കെപ്പതുക്കെ ഇഴഞ്ഞിഴഞ്ഞു നീങ്ങിക്കൊണ്ടുമിരുന്നു…ആറു പേരുള്ള ടീമില്‍ ഒരാള്‍ ഏകദേശം അദൃശ്യനായിരുന്നു…അതായത് ഇദേഹത്തെ പ്രോജെക്റ്റ് തീരുന്നതുവരെ ലാബിലോ പരിസരപ്രദേശങ്ങളിലോ ആരും കണ്ടതായി റിപ്പോര്‍ട്ടില്ല…ഈ കഥാപാത്രത്തെ നമുക്ക് Mr.X എന്നു വിളിക്കാം…നാണയനിയന്ത്രിത കമ്പ്യൂട്ടറിലെ പ്രധാനഘടകമായ 5 രൂപ നാണയം അതിന്‍റെ ഭാരം കണക്കാക്കി സെന്‍സ് ചെയ്യാന്‍ ഒരു ലോഡ്സെല്‍(Transducer) ആവശ്യമുണ്ടായിരുന്നു…മാര്‍ക്കറ്റില്‍ ഈ വസ്തുവിന് 4 ഗ്രാം അതായത് അരപ്പവന്‍ സ്വര്‍ണത്തിന്‍റെ അടുത്ത് വില വരുമെന്ന് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു…കുറഞ്ഞ ചെലവില്‍ പ്രോജെക്റ്റ് ചെയ്യുക എന്ന ലക്ഷ്യവും ഞങ്ങളുടെ അജണ്ടയില്‍ ഉണ്ടായിരുന്നത് കൊണ്ടു പരിചയമുള്ള ഒരു സ്വര്‍ണക്കടയില്‍ നിന്നു ചുളുവില്‍ സാധനം ഒപ്പിക്കാന്‍ തീരുമാനിച്ചു…(അല്ലേലും ഈ പ്രോജെക്റ്റ് എന്നു പറയുന്നത് തന്നെ 75 % ഒപ്പിക്കല്‍സ് + 25 % തള്ള് ആണല്ലോ..)…പ്രോജെക്റ്റ് അവസാനിക്കാന്‍ ഇനി ഒരു മാസം മാത്രമേയുള്ളൂ എന്നു മനസ്സിലായപ്പോള്‍ എല്ലാവര്‍ക്കും ചെറുതായി പേടി കയറിത്തുടങ്ങി…അങ്ങനെ ചുളുവില്‍ ഒപ്പിച്ച ലോഡ്സെല്‍ , കാശ് മുടക്കി വാങ്ങിയ ഡി.സി.മോട്ടോര്‍ , കീ പാഡ്, എല്‍.ഇ.ഡി ഡിസ്പ്ലേ , ലാബില്‍ നിന്നു ഫ്രീ ആയി എടുക്കുന്ന കപ്പാസിറ്റര്‍ , റെസിസ്ടര്‍ ഇത്യാദി വസ്തുക്കളുമായി ബ്രെഡ്‌ബോര്‍ഡില്‍ ഞങ്ങള്‍ 5 പേര്‍ ഒറ്റക്കും കൂട്ടായും മല്‍പ്പിടുത്തം തുടങ്ങി…
പക്ഷെ ഞങ്ങളുടെ മസിലുപിടുത്തം കൊണ്ടൊന്നും ലോഡ്സെല്‍ അയയുന്ന യാതൊരു ലക്ഷണവും കാണുന്നില്ല…എന്തോ ചെറിയ ചില പ്രശ്നങ്ങള്‍ കാരണം സ്വര്‍ണക്കടക്കാര്‍ മാറ്റിവെച്ച സാധനം ആണ് ഞങ്ങള്‍ക്ക് ഓസിനു കിട്ടിയതെന്ന് വളരെ വൈകിയാണ് അറിഞ്ഞത്…പക്ഷെ അതുകൊണ്ടൊന്നും പിന്മാറാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു…എങ്ങനെയും അതിനെ പ്രവര്‍ത്തിപ്പിച്ചേ അടങ്ങു എന്നു ഞങ്ങള്‍ക്ക് വാശി…(വേറൊന്നും കൊണ്ടല്ല…പുതിയത് വാങ്ങാന്‍ കയ്യില്‍ കാശില്ല…നല്ലത് ആരും വെറുതെ തരികേമില്ല)…അതിനിടയില്‍ ഈ സംഭവങ്ങള്‍ എല്ലാം ഒരു പെട്ടിക്കുള്ളില്‍ യോജിപ്പിച്ച് വെക്കണം എന്നുള്ള ഉദ്ദേശത്തോടെ ടീമിലെ ഒരുത്തന്‍ വീട്ടില്‍ മരപ്പണിക്ക് വന്ന ചേട്ടനെക്കൊണ്ട് ഒരു ബോക്സ് ഉണ്ടാക്കിപ്പിച്ചു….കുട്ടി ജനിച്ചിട്ടില്ലെങ്കിലും തൊട്ടില്‍ ഉണ്ടാക്കി വെക്കാമല്ലോ എന്നൊരു ദീര്‍ഘവീക്ഷണം…ഇനി ഞങ്ങളുടെ സംഭവം അവസാനനിമിഷം ആണ് ശരിയാകുന്നതെങ്കില്‍ ഡോക്യുമെന്റ് ചെയ്യാന്‍ സമയം കിട്ടിയില്ലെങ്കിലോ എന്നോര്‍ത്ത് ഞാന്‍ അതൊക്കെ നേരത്തെ തന്നെ വളരെ ഭംഗിയായി ചെയ്തു വെച്ചു…ഡോക്യുമെന്‍റെഷന്‍ കണ്ടിരുന്നെങ്കില്‍ ഇതൊരു പ്രോഡക്റ്റ് ആയി മാര്‍ക്കറ്റില്‍ ഇറക്കാന്‍ ഏതെങ്കിലും ഗവണ്മെന്റ് ഏജന്‍സി രംഗത്ത് വന്നേനെ…
അങ്ങനെ പ്രോജെക്റ്റ് ഡെമോ ഒഴിച്ച് ബാക്കിയെല്ലാം റെഡി ആയി…പ്രോജെക്റ്റ് എച്ച്.ഒ.ഡി-ക്ക് മുന്‍പില്‍ അവതരിപ്പിക്കേണ്ടതിന്‍റെ തലേ ദിവസം…രാവിലെ മുതല്‍ 5 പേരും തലകുത്തിനിന്നു പരിശ്രമിച്ചതിന്‍റെ ഫലമായി വൈകുന്നേരമായപ്പോഴേക്കും ലോഡ്സെല്‍ മര്യാദക്കാരനായി ഔട്ട്‌പുട്ട് തരാന്‍ തുടങ്ങി…ഞങ്ങള്‍ക്ക് പകുതി ആശ്വാസമായി…എന്തെങ്കിലുമൊക്കെ വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ…ഭാഗ്യം…കുറേനേരം കൂടി കിണഞ്ഞു പരിശ്രമിച്ചപ്പോള്‍ ഡി.സി.മോട്ടോര്‍ 5 രൂപ നാണയത്തിന്‍റെ ഭാരം അനുസരിച്ച് കൃത്യമായി അങ്ങോട്ടും ഇങ്ങോട്ടും തിരിയാനും കീപാഡിലേക്കും മൌസിലേക്കുമുള്ള സ്വിച് ഓണ്‍ ആകാനും തുടങ്ങി…സന്തോഷം കൊണ്ടു കരയണമെന്നു തോന്നിപ്പോയ നിമിഷങ്ങള്‍…പ്രോജെക്റ്റ് ഡെമോ എന്തായാലും ബ്രെഡ്‌ബോര്‍ഡില്‍ തന്നെ നടത്തേണ്ടി വരുമെന്ന് ഏകദേശം ഉറപ്പായി…പ്രോജെക്റ്റ് അബ്സ്ട്രാക്ടില്‍ ‘ ടഫ് മെക്കാനിക്കല്‍ സ്ട്രക്ചര്‍’ എന്നൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരുന്നത്…അതുകൊണ്ട് ഞങ്ങളുടെ മരത്തിന്‍റെ ബോക്സ് എന്തായാലും ഉപയോഗിക്കേണ്ടി വരും…രാവിലെയാകുമ്പോഴേക്കും എല്ലാം ബോക്സില്‍ ആക്കി കുട്ടപ്പനാക്കി കൊണ്ടുവരാം എന്നു പറഞ്ഞു നാലു പേര്‍ ഒരു വഴിക്കും ഞാന്‍ ഹോസ്റ്റെലിലേക്കും തിരിച്ചു…അന്ന് രാത്രി ഒത്തിരി സന്തോഷത്തോടെ,അതിനേക്കാള്‍ ആശ്വാസത്തോടെ ഞാന്‍ കിടന്നുറങ്ങി…
രാവിലെ പത്തു മണിക്കാണ് ഡെമോ നടത്താന്‍ തീരുമാനിച്ചിരുന്നത്…അതുകൊണ്ട് 9 മണിക്ക് തന്നെ ഞാന്‍ ലാബില്‍ ഹാജരായി…അപ്പോഴതാ എന്നും ലേറ്റ് ആയി വരുന്ന നാല്‍വര്‍ സംഘം എന്നെക്കാള്‍ മുന്‍പേ ലാബില്‍ എത്തിയിട്ടുണ്ട്…വേറൊരു അദ്ഭുതം കൂടി സംഭവിച്ചിട്ടുണ്ട്…Mr.X നാലു പേരുടേം കൂടെ നില്‍പ്പുണ്ട്…പക്ഷെ ഇദേഹത്തിന്‍റെ ഒഴികെ ബാക്കി എല്ലാരുടേം മുഖത്ത് ഒരു മ്ലാനത ഇല്ലേ എന്നൊരു സംശയം…സംഭവിച്ചതെന്താണെന്ന് ചോദിക്കേണ്ടി വന്നില്ല…അവരുടെയെല്ലാം മുഖത്ത് നിന്നു അത് വായിച്ചെടുക്കാമായിരുന്നു…ബോക്സില്‍ ഇറക്കി വെക്കുന്നതിനിടയില്‍ എന്തോ സംഭവിച്ചു…പ്രോജെക്റ്റ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല…ഇനി അത് ശരിയാക്കിയെടുക്കാനുള്ള സമയവുമില്ല…എല്ലാം തീര്‍ന്നു…ആ നിമിഷം ഭൂമി പിളര്‍ന്നു കീഴോട്ടു പോയാല്‍ മതിയെന്ന് തോന്നിപ്പോയി എനിക്ക്…
ഇനി സങ്കടപ്പെട്ടിട്ടു കാര്യമില്ലെന്ന് മനസ്സിലായതോണ്ട് മനസ്സ് ശാന്തമാക്കി പ്രോജെക്റ്റ് വൈവക്കു വേണ്ടി പഠിക്കാം എന്നു ഞങ്ങള്‍ തീരുമാനിച്ചു…Mr .X ഞങ്ങളുടെ കൂടെ കൂടി കാര്യങ്ങള്‍ ഏകദേശം മനസ്സിലാക്കി വെച്ചു…അദേഹം ഇപ്പോഴാണ് പ്രോജെക്ടിന്‍റെ ഉദ്ദേശം തന്നെ മനസ്സിലാക്കുന്നതെന്ന് പ്രത്യേകം എടുത്തു പറയേണ്ടല്ലോ…ഞങ്ങള്‍ എല്ലാം പറഞ്ഞു പഠിപ്പിച്ചു കൊടുത്തു…സമയം പത്തു മണിയായി…ഇനിയാണ് ആക്ഷന്‍…എച്.ഒ.ഡി വന്നു…സാറ് നോക്കുമ്പോഴുണ്ട് ഒരു മരത്തിന്‍റെ പെട്ടി, അതിന്‍റെ അകത്തു കുറെയധികം വയറുകള്‍ , ഒരു ബ്രെഡ് ബോര്‍ഡ് ,വേറെ കുറച്ചു ഐറ്റംസ് , പിന്നെ പെട്ടിക്കു ചുറ്റും വിഴുങ്ങസ്യ എന്ന ഭാവത്തില്‍ 6 മണ്ടന്മാര്‍ …സോറി,5 മണ്ടന്മാരും ഒരു മണ്ടിയും…സാറ് വിചാരിച്ചു എന്തോ വല്യ സംഭവം ആണെന്ന്…’ശരി,ഡെമോ നോക്കാം’ എന്നു സാറ് പറഞ്ഞു…കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല…പിന്നെ,ചമ്മിച്ചമ്മി ഒരാള്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു…’ഇന്നലെ വരെ വര്‍ക്ക് ചെയ്തതാണ് സര്‍, ഇന്നിപ്പോ പെട്ടിയിലാക്കിയപ്പോ വര്‍ക്ക് ചെയ്യുന്നില്ല’…ഇത് വിശ്വസിക്കുന്ന ഒരു വെറും മണ്ടനായിരുന്നേല്‍ ഞാനിപ്പോ നിന്‍റെയൊക്കെ എച്ച്.ഒ.ഡി ആയി ഇവിടെ ഉണ്ടാവില്ലായിരുന്നു എന്ന മട്ടില്‍ സാറിന്‍റെ വക ഒരു പുച്ഛചിരി…പണി പാളിയെന്ന് കരുതി വിഷമിചിരിക്കുമ്പോഴാണ് ഞങ്ങളെയൊക്കെ അമ്പരപ്പിച്ച ഒരു സംഭവം അവിടെ അരങ്ങേറിയത്…പോക്കറ്റില്‍ നിന്നു ഒരു 5 രൂപ നാണയം പുറത്തെടുത്തു നമ്മുടെ കഥാനായകന്‍( Mr .X) വിവരണം അല്ലെങ്കില്‍ തള്ള് ആരംഭിച്ചു…സാറിനു തടയാന്‍ ഒരു അവസരം പോലും കിട്ടിയില്ല…” സര്‍,വെറും 5 രൂപ നാണയം ഉപയോഗിച്ച് പൊതുസ്ഥലങ്ങളില്‍ ഇന്‍റെര്‍നെറ്റ് ബ്രൌസ് ചെയ്യാന്‍ അവസരമൊരുക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രോജെക്ടിന്‍റെ ഉദ്ദേശം.നാണയം ദാ ഈ ദ്വാരത്തില്‍ ഇടുമ്പോള്‍ ഒറിജിനല്‍ ആണെങ്കില്‍ മോട്ടോര്‍ ഈ വശത്തേക്ക് തിരിയും,അല്ലെങ്കില്‍ മറുവശത്തേക്ക് തിരിഞ്ഞു പുറത്തോട്ടു വീഴും.ഒറിജിനല്‍ നാണയം ആണെങ്കില്‍ ലോഡ്സെല്‍ അതിന്‍റെ ഭാരത്തെ വോള്‍ട്ടേജ് ആക്കി മാറ്റി കീപാഡിലേക്കും മൌസിലേക്കുമുള്ള സ്വിച് ഓണ്‍ ആക്കും.അതോടെ 10 മിനിട്ട് നേരത്തേക്ക് ബ്രൌസ് ….ആനമയിലൊട്ടകം…” ദാ,കെടക്കണ്…കഥാനായകന്‍ കഥ വിവരിക്കുന്നതും കേട്ട് 5 പൊട്ടന്മാര്‍ ആട്ടം കാണുന്നമാതിരി വായും പൊളിച്ചിരിപ്പാണ്…അങ്ങനെ മണ്ണും ചാരി നിന്നവന്‍ മാര്‍ക്കും കൊണ്ടു പോയി…കോളേജിന്‍റെ ചരിത്രത്തിലാദ്യമായി ” സ്റ്റില്‍ മോഡല്‍ ” വെച്ചു മിനി പ്രോജെക്റ്റ് ഡെമോ നടത്തിയ ടീം എന്ന ബഹുമതി ഞങ്ങള്‍ക്ക് സ്വന്തമായി കിട്ടുകയും ചെയ്തു ….