• കുഞ്ഞേ,നിനക്കു തരാന്‍…

  Written on 2009.11.05 | Category: കവിതകള്‍ | Author: Meenukkutty

  ഉടലു കോച്ചിവലിക്കുന്ന തണുപ്പിന്‍റെ നാട്ടില്‍
  ശേഷിക്കുന്നുണ്ടാവില്ല ഇനിയൊന്നും …
  മാര്‍ക്സിയന്‍ കമ്മ്യുണിസത്തിന്‍റെ അടിവേരുകള്‍,
  ആഴ്ന്നിറങ്ങിയൊരു നാടും…
  ആഗോളതാപനത്തില്‍ ഞെട്ടറ്റു വീണേക്കാം-
  കുഞ്ഞേ,നിനക്കു തരാന്‍ ഒന്നുമില്ലെന്‍റെ കയ്യില്‍…

  പിടയുന്നു ബാല്യങ്ങള്‍ കരാളഹസ്തങ്ങളില്‍,
  അഴലുന്നു യൗവനം മാംസചന്തകളില്‍,
  മനസാക്ഷി നഷ്ടപ്പെട്ടവര്‍ക്കിടയില്‍ നിന്‍റെ-
  രോദനം കേള്‍ക്കാനാരുമില്ലെന്നറിയുക
  കുഞ്ഞേ,നിനക്കു തരാന്‍ ഒന്നുമില്ലെന്‍റെ കയ്യില്‍

  പെറ്റമ്മയുടെ മാറ് പിളര്‍ന്നു രക്തം കുടിക്കുന്നവരുടെ
  സംഗമസ്ഥാനമാണീ ജന്മഭൂമിയിന്ന് …
  ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ പാടിപ്പതിഞ്ഞ
  ഹൃദയങ്ങള്‍ ഇനിയില്ല ഇവിടെയെന്നോര്‍ക്കുക
  കുഞ്ഞേ,നിനക്കു തരാന്‍ ഒന്നുമില്ലെന്‍റെ കയ്യില്‍

  മരവിച്ചു വീണൊരെന്‍ ആര്‍ദ്രമേനിയിലര്‍പ്പിക്കാന്‍ –
  രക്തപുഷ്പങ്ങളുമായി നീ വരിക…

  വേണ്മേഘക്കീറുകള്‍ തുളച്ചു കയറാനൊരുബെടുന്ന-
  സൂചിമുഖിപ്പക്ഷിയെപ്പോലെ
  ഒരു തിരിച്ചുവരവ് ഞാന്‍ കാത്തിരിക്കുന്നു…
  അറിവിന്‍റെ പരിണാമഗുപ്തിയിലെങ്ങോ –
  അക്ഷരമുത്തശ്ശിയായി വാഴുന്നൊരു കാലം…
  ഇതെന്‍റെ സ്മരണിക-
  ഇനിയും പിറക്കാനിരിക്കുന്ന തലമുറകള്‍ക്ക്…

  Written By : Meenukkutty