-
വീഴ്ചക്കഥകള്‍ – അവസാന ഭാഗം
കലാലയ ജീവിതത്തിലെ എന്‍റെ അവസാനത്തെ വീഴ്ച എന്നെഴുതണം എന്നാണ് ആദ്യം കരുതിയത്…ഒടുക്കത്തെ വീഴ്ച എന്നെഴുതിയാലും തെറ്റില്ല…കാരണം അത് ഒരു ഒന്നൊന്നര വീഴ്ച ആയിരുന്നു…മുന്‍പ് പറഞ്ഞ കഥകളില്‍നിന്നു വ്യത്യസ്ഥമായി ഈ കഥയ്ക്ക് പിറകില്‍ നാടകീയമായ ഒരു സംഭവങ്ങളുമില്ല…എന്‍റെ കോളേജിലെ ഫസ്റ്റ് ഫ്ലോര്‍-ഇല്‍നിന്നു താഴത്തെ ഫ്ലോര്‍-ലേക്കുള്ള സ്ടെപ്സില് ആണ് കഥയ്ക്ക് ആധാരമായ സംഭവം നടക്കുന്നത്…അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമ പോലെ ഇനിയും വലിച്ചു നീട്ടി ഞാന്‍ നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നില്ല …അതായതു ഞാന്‍ പറഞ്ഞു വരുന്നതു പടവുകള്‍ വേഗത്തില്‍ ഓടിയിറങ്ങിയപ്പോള്‍ ഞാന്‍ തല്ലിയലച്ചു വീണ കാര്യമാണ്…സിമെന്‍ട് തറ ആയതുകൊണ്ട് വീഴ്ചക്ക് ഒരു മയവും ഉണ്ടായിരുന്നില്ല…മുഖം കുത്തി വീഴാതിരുന്നത് കൊണ്ടു മുഖത്തെ പെയിന്ടു പോയില്ല…ഭാഗ്യം…
ഗവണ്മെന്റ്,കോളേജുകള്‍ പണിയുമ്പോള്‍ ഇതുപോലുള്ള കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് സിമെന്ടു തറ മാറ്റി മിനിമം ടയ്ല്‍സ് എങ്കിലും ഇടണം എന്നാണ് മീനുക്കുട്ടിയുടെ ശക്തമായ അഭിപ്രായം…വീണു രണ്ടു സെക്കന്‍ഡ് നേരത്തേക്ക് കണ്ണ് തുറക്കാന്‍ പറ്റിയില്ല…എങ്ങനെയോ കഷ്ടപ്പെട്ട് തുറന്നപ്പോ തല നേരെ നില്‍ക്കുന്നില്ല …തെറ്റിദ്ധരിക്കരുത്…വെള്ളമടിക്കുന്ന ശീലം എനിക്ക് പണ്ടേ ഇല്ല…അമ്മയാണെ സത്യം…പക്ഷെ ആ ചുരുങ്ങിയ സമയം കൊണ്ടു പറ്റാവുന്ന അത്രേം നക്ഷത്രങ്ങള്‍ ഞാന്‍ എണ്ണി തീര്‍ത്തു…എത്ര എണ്ണം ഉണ്ടായിരുന്നു എന്ന തലതിരിഞ്ഞ ചോദ്യം ചോദിക്കുന്നവരോട് മീനുക്കുട്ടിക്കു ഒന്നേ പറയാനുള്ളൂ…’വെറുതെ ആളെ വടിയാക്കരുത്’…
കണ്ണുതുറന്നപ്പോള്‍ പ്രിന്‍സിപ്പലും ടീച്ചേര്‍സ്-ഉം പിള്ളേരും അടക്കം ഒരു പട തന്നെ മുന്നിലുണ്ട്…പ്രിന്‍സിപ്പല്‍ ആണെങ്കില്‍ എന്തിനും തയ്യാറായി നില്‍പ്പാണ്…കോളേജിന്‍റെ സ്വന്തം വണ്ടിയില്‍ ഫ്രീ ആയി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാം എന്നാണ് പറയുന്നത്…ഞാന്‍ അന്തം വിട്ടുപോയി..സിഗരറ്റ് വലിക്കാനല്ലാതെ ആ മനുഷ്യന്‍ വാ തുറക്കുന്നത് ഞാന്‍ ആദ്യമായി കാണുവായിരുന്നു…പക്ഷെ മെഡിക്കല്‍ കോളേജ് എന്ന് കേട്ടപ്പോള്‍ ഞാന്‍ ചെറുതായൊന്ന് ഞെട്ടി എന്നുള്ളത് സത്യമാണ്…എഴുന്നേല്‍ക്കാം എന്ന മട്ടായപ്പോള്‍ കൂട്ടുകാരുടെ സഹായത്തോടെ മെല്ലെ എഴുന്നേറ്റു നിന്നു…’കുഴപ്പമില്ല സര്‍,ഞാന്‍ പൊയ്ക്കോളാം‘ എന്ന് പ്രിന്‍സിപ്പലിനെ സമാധാനിപ്പിച്ചു പതുക്കെ നടന്നു തുടങ്ങി…
കുറച്ചു കഴിഞ്ഞപ്പോള്‍ കേട്ടറിഞ്ഞു എന്‍റെ ക്ലാസ്സ്മേറ്റ്സ് കുറേപ്പേര്‍ ചുറ്റും കൂടി…കാലിനെന്തു പറ്റിയെന്നു ചോദിച്ചപ്പോഴാണ് സത്യത്തില്‍ ഞാന്‍ എന്‍റെ സംഭവബഹുലമായ കാലിലേക്ക് ആദ്യമായി ഒന്നു നോക്കിയത്…നോക്കുമ്പോള്‍ ദാണ്ടേ കിടക്കുന്നു കൊഴുക്കട്ട വലുപ്പത്തില്‍ ഒരു സാധനം…നീര് വെച്ചു വീര്‍ത്തിരിപ്പാണ്…എല്ലാരും കൂടെ എന്നെ വണ്ടി വിളിച്ചു ആശുപത്രിയില്‍ കൊണ്ടുപോയി…ചെന്നപാടെ ഒരു ഉന്തുവണ്ടിയില്‍ കയറ്റി എക്സ്‌റെ എടുക്കാന്‍ കൊണ്ടുപോയി…എക്സ്‌റെ എടുത്തുകഴിഞ്ഞപ്പോള്‍ എന്തോ കണ്ടുപിടിച്ച മട്ടില്‍ ഡോക്ടര്‍ എന്നെയൊരു നോട്ടം…ആവോ ഞാനൊന്നും കണ്ടില്ല…ചുരുക്കിപ്പറഞ്ഞാല്‍ കാലില്‍ പൊട്ടല്‍ ഉണ്ടെന്നുംപറഞ്ഞു എന്‍റെ കാല് പ്ലാസ്റ്റര്‍ ഇട്ടു …അങ്ങനെ എന്‍റെ പാവം കാലിനെ വെള്ളപ്പൊതിക്കുള്ളിലാക്കി …
എന്‍റെ അവസ്ഥ കണ്ടു സഹതാപം തോന്നിയിട്ടാവണം ഇത്തവണ പേരിടാന്‍ ആരും മിനക്കെട്ടില്ല…നന്ദിയുണ്ട് കേട്ടോ…