• പുല്‍ക്കൂട്‌ റെസിപ്പി !!!

    Written on 2009.12.29 | Category: ചെറുകഥകള്‍ | Author: Meenukkutty

    ഡിസംബര്‍ 25 – ദൈവപുത്രന്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ച പുണ്യദിനം…എങ്ങും വര്‍ണക്കടലാസ്സുകളും നാനാനിറത്തിലും രൂപത്തിലുമുള്ള നക്ഷത്രങ്ങളും പുല്‍ക്കൂടും കൊണ്ടു അലങ്കരിച്ച ഭവനങ്ങള്‍…പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനെയും ഫാമിലിയെയും കണ്ടാല്‍ ജീവനുണ്ടെന്നു തോന്നിപ്പോകും…നക്ഷത്രത്തിന്‍റെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട…കിക്കിടിലന്‍…ഞങ്ങളുടെ നാട്ടിലെ അത്യാവശ്യം മിടുക്കുള്ള ചെറുപ്പക്കാര്‍ സ്വന്തം വീട്ടില്‍ ഉണ്ടാക്കിയ പുല്‍ക്കൂടിനെയും നക്ഷത്രത്തെയും പറ്റിയാണ് ഇവിടെ സൂചിപ്പിച്ചത്…ഭംഗിവാക്ക് പറയുകയാണെന്ന് വിചാരിക്കരുത്…ഞങ്ങളുടെ വീട്ടിലെ പുല്‍ക്കൂട്‌ അതിന്‍റെയൊന്നും ഏഴയലത്ത് വരില്ല…വീട്ടിലെ പുല്‍ക്കൂട്‌ നിര്‍മാണം താഴെ വിവരിക്കുന്നു…

    പുല്‍ക്കൂട്‌ നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങള്‍ ചുവടെ :
    1 . ചെറിയ മേശ – 1
    2 . റെഡിമെയ്‌ട്‌ കൂട് – 1
    3 . ഉണ്ണി സെറ്റ് – 1
    4 . ചെത്തിയ പുല്ല് – ഒരു മണ്‍കുട്ട നിറയെ
    5 . മണല്‍ – ആവശ്യത്തിന്
    6 . നക്ഷത്രം – 1
    7 . അലങ്കോലപ്പണിക്കുള്ള ഐറ്റംസ് – ആവശ്യത്തിന്
    8 . വാചകമടി – ആവശ്യത്തിലധികം
    9 . മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കാനുള്ള കഴിവ് – ആവശ്യത്തിന്

    ചേരുവകള്‍ എട്ടും ഒന്‍പതും നന്നായി മിക്സ്‌ ചെയ്തതിനു ശേഷം പുല്‍ക്കൂട്‌ നിര്‍മാണത്തിലേക്ക് കടക്കുക…

    PHASE I : Discussion and Initial Setup

    ഇരുപത്തിനാലാം തിയതി ഒരു ഉച്ച ഉച്ചര ഉച്ചേമുക്കാലോടുകൂടി ചര്‍ച്ച തുടങ്ങും…എന്തിനാണെന്നല്ലേ?…കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പുല്‍ക്കൂട്‌ എങ്ങനെ അടിപൊളിയാക്കാം എന്നു ഒരു മണിക്കൂറോളം കൂലങ്കഷമായി ചിന്തിച്ച് ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത , ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത തിരുമണ്ടന്‍ ഐഡിയാസ് ഒരുപാടെണ്ണം വിളമ്പി ഒരു വഴിയാകുമ്പോള്‍ അപ്പന്‍ പതുക്കെ രംഗത്ത് വരും…” എന്തായാലും എന്‍റെ മക്കള് ഒരുപാട് ചിന്തിച്ചു തല പുണ്ണാക്കിയതല്ലേ …ഇത്തിരി നേരം റസ്റ്റ്‌ എടുക്ക്…നമുക്ക് പഴയത് തന്നെ ഇപ്രാവശ്യവും എടുത്തുവെക്കാം “…അപ്പനല്ലേ പറയുന്നേ…അനുസരണയുള്ള മക്കള്‍ ധിക്കരിക്കാന്‍ പാടുണ്ടോ?…അങ്ങനെ മനസ്സില്ലാമനസ്സോടെ അപ്പന്‍റെ എഞ്ചിനീയര്‍ മക്കള്‍ ,ഇരുമ്പിന്‍റെ ദൃഡതയും വര്‍ഷങ്ങളുടെ പാരമ്പര്യവുമുള്ള സെയിം ഓള്‍ഡ്‌ പുല്‍ക്കൂട്‌ (ഞങ്ങളുടെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടു അപ്പന്‍ ഇരുമ്പിന്‍റെ കമ്പി മുറിച്ചു വെല്‍ഡ് ചെയ്തു ഒരു റെഡിമെയ്‌ട്‌ കൂട് ഉണ്ടാക്കി വെച്ചിട്ടുണ്ട്) എടുത്തോണ്ട് വരും…പ്രായത്തില്‍ മൂപ്പുള്ളത് കൊണ്ടു പുല്‍ക്കൂടിന്‍റെ പ്രതിഷ്ടാചടങ്ങ് ഐശ്വര്യമായി ഞാന്‍ തന്നെ നിര്‍വഹിക്കും…എന്നു വെച്ചാല്‍ ഒരു ചെറിയ മേശയുടെ ഒത്ത നടുക്കായിട്ടു സംഭവം അങ്ങ് വെക്കും…അതിനുശേഷം എല്ലാ ആംഗിളിലും ചെന്ന് നിന്നു പൊസിഷന്‍ കറക്റ്റ് ആണോന്നു ചെക്ക് ചെയ്യും…എന്നിട്ട് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പണി ചെയ്ത മട്ടില്‍ നെറ്റിയിലെ വിയര്‍പ്പു ഒരു കൈകൊണ്ടു തുടച്ചു കളഞ്ഞു അവശനിലയില്‍ ഒരു മൂലയ്ക്ക് ചെന്ന് ഇരിക്കും…

    PHASE II : Research and Analysis

    അടുത്തത് എന്‍റെ അനിയനുള്ള പണിയാണ്…മേശയുടെ പുറകിലത്തെ രണ്ടു കാലിലും നിറയെ ചില്ലകളുള്ള ഓരോ മരക്കൊമ്പ് വെട്ടിക്കൊണ്ടു വന്നു ഫിറ്റ്‌ ചെയ്യണം…കുഴിമടിയനായ അവന്‍ ഇത്‌ ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയും വേണ്ട…മരക്കൊമ്പ് വെട്ടിക്കൊണ്ടു വാ എന്നു പറഞ്ഞു തീരുന്നതിനു മുന്‍പേ വെട്ടുകത്തിയുമെടുത്തു അങ്കക്കലി മൂത്ത ചേകവരെപ്പോലെ ഒരൊറ്റപ്പോക്കാണ്…പോക്ക് കണ്ടാല്‍ വിചാരിക്കും ഒരു മരം തന്നെ വെട്ടിയെടുത്തോണ്ടു വരും എന്ന്…ഓ, ചുമ്മാതാണെന്നേ…പറമ്പിലെ എല്ലാ മരത്തിന്‍റെയും താഴെ നിന്നു മുകളിലേക്ക് നോക്കി വെട്ടാന്‍ പറ്റിയ കൊമ്പുകളുടെ ഒരു ലിസ്റ്റ് എടുക്കും…എന്നിട്ട് വെറുംകൈയ്യോടെ തിരിച്ചു വന്നു പറയും…”പുല്‍ക്കൂട്ടില്‍ വെക്കാന്‍ പറ്റിയ ഇഷ്ടം പോലെ മരക്കൊമ്പുകള്‍ ഉണ്ട്…പക്ഷെ എല്ലാം നല്ല ഉയരത്തിലാണ്…കയറിട്ടു ഇറക്കേണ്ടി വരും”…(മുഖത്ത് വല്യ നിരാശയുണ്ടാവും)…ഇത്‌ കേള്‍ക്കുമ്പോള്‍ ‘ എവിടെ നോക്കട്ടെ ‘ എന്നും പറഞ്ഞു അപ്പന്‍ മരം നോക്കാന്‍ പോകും…എന്നിട്ട് കൂളായി രണ്ടു കൊമ്പുകള്‍ മുറിച്ചോണ്ട് വരികേം ചെയ്യും…അങ്ങനെ അവന്‍റെ പണി എളുപ്പമായി…

    PHASE III : Implementation

    പുല്‍ക്കൂട്‌ നിര്‍മാണത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമാണിത്…അതായത് റിസോഴ്സസ് കുറവായിരിക്കുകയും ഉള്ള റിസോഴ്സസ് തന്നെ പണിയെടുക്കാന്‍ ഒടുക്കത്തെ മടി കാണിക്കുകയും ചെയ്യുന്ന അവസ്ഥ…ഇങ്ങനെയുള്ള അവസരങ്ങളില്‍ മേലനങ്ങാതെ പിടിച്ച് നില്‍ക്കണമെങ്കില്‍ ചേരുവ നമ്പര്‍ : 9 കുറച്ചധികം വേണം…ഒരു ഐ.ടി.കമ്പനിയില്‍ ജോലി ചെയ്യുന്ന ഞാന്‍ ഇക്കാര്യത്തില്‍ എക്സ്പെര്‍ട്ട് ആയിരിക്കുമെന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടല്ലോ…എന്‍ജിനീയറിംഗ് കോളേജില്‍ നിന്നു പുറത്തു ചാടാന്‍ ഇനിയും ഒന്നരക്കൊല്ലം വേണമെന്നുള്ളതുകൊണ്ട് എന്‍റെ അനിയന്‍ ഈ വിദ്യ പതുക്കെ പഠിച്ചു വരുന്നതേയുള്ളൂ…എന്‍റെ ഭാഗ്യം…ഇനിയുള്ള പണിയെ മൂന്നായി തരം തിരിക്കാം…1 .നാലും അഞ്ചും ചേരുവകള്‍ അവനവന്‍റെ മനോഗതം പോലെ കൂടിനു ചുറ്റും അറേഞ്ച് ചെയ്യുക 2 . മൂന്നാമത്തെ ചേരുവ നല്ല വൃത്തിയായി കൂടിന്‍റെ ഉള്ളിലും പുറത്തുമായി കൃത്യമായ അകലത്തില്‍ വെക്കുക 3 . ആറും ഏഴും ചേരുവകള്‍ ഉപയോഗിച്ച് നല്ലതുപോലെ അലങ്കരിക്കുക…അതോടെ പുല്‍ക്കൂട്‌ റെഡി… പക്ഷെ പ്രശ്നം അതല്ല…ഇതെല്ലാം ആര് ചെയ്യും എന്നതാണ്…”എനിക്ക് തീരെ വയ്യ…ബാക്കി നീ ചെയ്യ്” എന്നു ഞാനും “ചേച്ചിക്ക് ചെയ്യാവുന്ന ചീള് പണി മാത്രേ ബാക്കിയുള്ളൂ” എന്നു അവനും …ഈ വാദപ്രതിവാദം കുറച്ചു നേരമാകുമ്പോള്‍ അപ്പന്‍ പതുക്കെ അങ്ങോട്ട്‌ വരും…അപ്പന്‍ പണി തുടങ്ങുകയാണെങ്കില്‍ ചുമ്മാ അവിടെയും ഇവിടെയും ചുരണ്ടിയും മാന്തിയും നേരം കളയാം എന്നായിരിക്കും ഞങ്ങളുടെ മനസ്സില്‍…പക്ഷെ അവിടെ ഞങ്ങള്‍ക്ക് തെറ്റി…അത്രയും നേരം പാവത്താനായിരുന്നു എല്ലാം ക്ഷമിച്ചു സഹിച്ച അപ്പന്‍ ഉഗ്രരൂപം പുറത്തെടുക്കും …”മര്യാദക്ക് അടി കൂടാതെ കരോള്‍ വരുന്നതിനു മുന്‍പ് വേഗം പണി തീര്‍ത്തോ…അല്ലേല്‍ ഇത്‌ മൊത്തം ഞാന്‍ അടുപ്പില്‍ വെച്ചു കത്തിച്ചു കളയും”…കാര്യം പന്തിയല്ലെന്ന് മനസ്സിലാകുമ്പോള്‍ രണ്ടു പേരും കൂടി ഒരു പരാതിയും കൂടാതെ ഉത്സാഹിച്ചു പണി തീര്‍ക്കും…’ ആ പിള്ളേരെ കണ്ടു പടിക്ക്…എന്തൊരു ഒത്തൊരുമ’ എന്ന് അയല്‍വക്കത്തെ വീട്ടീന്ന് ഒരു കമന്റും…സന്തോഷിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്തു വേണം…

    P.S:അടുത്ത ക്രിസ്തുമസ്സിനു എല്ലാവരും ഈ റെസിപ്പി പരീക്ഷിക്കണം…വളരെ നല്ല അനുഭവം ആയിരിക്കും…ഞാന്‍ ഗ്യാരണ്ടി !!!

    Written By : Meenukkutty