-
ന്നാലും…ന്‍റെ…പച്ച വാട്ടര്‍ബോട്ടില്‍…
നല്ല തിരക്കുള്ള ഒരു വൈകുന്നേരം…ഏകദേശം അഞ്ച് – അഞ്ചര ആയിക്കാണും…സ്കൂള്‍ വിട്ടുവരുന്ന കുട്ടികളുടെയും ജോലി കഴിഞ്ഞു തളര്‍ന്നു വരുന്ന പെണ്‍കുട്ടികളുടെയും വീട്ടമ്മമാരുടെയും തിരക്കാണ് ജംഗ്ഷനിലെ ബസ്‌സ്റ്റോപ്പില്‍…അമ്മച്ചീടെ കയ്യില്‍ത്തൂങ്ങി ഞാനും ആ കൂട്ടത്തില്‍ നില്‍പ്പുണ്ട്…വെറും നാല് വയസ്സ് മാത്രം പ്രായമുള്ള ശിശുവാണ് ഞാനന്ന്…വൈകുന്നേരം ആയതോണ്ട് തിരക്കില്ലാത്ത ബസ്സില്‍ കയറാമെന്ന പ്രതീക്ഷ വേണ്ടേ വേണ്ട…എന്നാലും എനിക്കത് പ്രശ്നമല്ലായിരുന്നു…കാരണം,തിരക്കുള്ള ബസ്സില്‍ കയറിയാല്‍ എവിടെയും പിടിച്ചില്ലേലും വീഴാതെ നില്‍ക്കാം, കൊച്ചായത് കൊണ്ടു ദയ തോന്നി ആരേലും മടിയില്‍ കയറ്റി ഇരുത്താനും മതി….ഇങ്ങനെയുള്ള നിഷ്കളങ്കമായ വിചാരങ്ങളാണ് തിരക്കുള്ള ബസ്സിനെ ഇഷ്ടപ്പെടാനുള്ള കാരണം…
കാത്തിരിപ്പു തുടങ്ങിയിട്ട് പത്തു-പതിനഞ്ചു മിനിട്ടായി…എനിക്കാണെങ്കില്‍ കാലു വേദനിക്കാന്‍ തുടങ്ങി…നിലത്തിരിക്കാന്‍ അമ്മച്ചി സമ്മതിക്കുന്നുമില്ല…വെറുതെ വായിനോക്കി നില്‍ക്കുന്നതിനും ഒരു പരിധിയില്ലേ ?…അടുത്ത് നില്‍ക്കുന്ന ചേച്ചിയുടെ കയ്യിലിരിക്കുന്ന ചെറുക്കനേം അപ്പുറത്ത് യൂണിഫോമിട്ട് നില്‍ക്കുന്ന ചേട്ടനേം (എന്‍റെ സ്കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ചേട്ടനാ…:) ) ഇപ്പോതന്നെ ഒരുപാടു തവണ നോക്കി ചിരിച്ചു കഴിഞ്ഞു…ഇനിയും ചിരിച്ചു കാണിച്ചാല്‍ എനിക്കെന്തേലും കുഴപ്പമുണ്ടെന്നു അവര് വിചാരിക്കും…അങ്ങനെ കഷ്ടപ്പെട്ട് അടുത്തുള്ള പല വസ്തുക്കളിലേക്കും ശ്രദ്ധ തിരിച്ചുവിട്ടോണ്ടിരിക്കുവാണ് …അങ്ങനെയിരിക്കുമ്പോഴാണ് അടുത്തുള്ള കടയുടെ മുന്‍വശത്ത് തൂക്കിയിട്ടിരിക്കുന്ന വാട്ടര്‍ബോട്ടിലുകളില്‍ എന്‍റെ കണ്ണുടക്കിയത്…ദോഷം പറയരുതല്ലോ…ആ കൂട്ടത്തില്‍ ഒരു പച്ച വാട്ടര്‍ബോട്ടില്‍ എന്‍റെ മനസ്സ് കീഴടക്കിക്കളഞ്ഞു…
കുറച്ചു നേരം ഞാന്‍ അതിന്‍റെ ഭംഗി ആസ്വദിച്ചു നിന്നു…(ചെറുതെങ്കിലും മനോഹരം…എന്‍റെ selection sense ഓര്‍ത്തിട്ട് എനിക്ക് എന്നെക്കുറിച്ച് തന്നെ അഭിമാനം തോന്നിയ നിമിഷങ്ങള്‍…ഹോ! എന്‍റെയൊരു കാര്യം…) പിന്നെ അമ്മച്ചിയെ ഒന്നു തോണ്ടി നോക്കി…” ങ്ങും ” ..അമ്മച്ചി തല ചെരിച്ചു നോക്കിയിട്ട് തീരെ ദയയില്ലാതെ ഒരു ചോദ്യം…അത് ഞാന്‍ പ്രതീക്ഷിച്ചില്ല…ഇത്രേം നേരം ബസ് സ്റ്റോപ്പില്‍ കുറ്റിയടിച്ചു നിന്നിട്ടും ഞാന്‍ ഒരു നാരങ്ങാവെള്ളം പോലും ചോദിച്ചിട്ടില്ല…(N.B:വീട്ടീന്ന് പുറത്തേക്കിറങ്ങിയാല്‍ നാരങ്ങാവെള്ളം കുടിക്കാന്‍ ആഗ്രഹം തോന്നുന്നത് എന്‍റെ ഒരു പതിവായിരുന്നു..) എന്നിട്ടും എന്നോട് ഇങ്ങനെ കരുണയില്ലാതെ പെരുമാറാന്‍ അമ്മക്ക് എങ്ങനെ തോന്നി?…ആ പോട്ടെ …എന്നാലും വാട്ടര്‍ ബോട്ടില്‍ വിട്ടു കളയാന്‍ എന്‍റെ മനസ്സ് സമ്മതിച്ചില്ല…
‘കരയുന്ന കുഞ്ഞിനേ പാലുള്ളൂ’ എന്നു കേട്ടിട്ടില്ലേ ?…ആദ്യം ഒന്നു നയത്തില്‍ പറഞ്ഞു നോക്കാം…ഏറ്റില്ലെങ്കില്‍ ഒന്നു ഭീഷണിപ്പെടുത്തി നോക്കാം…അതും ഏറ്റില്ലെങ്കില്‍ അവസാനത്തെ ആയുധം പുറത്തെടുക്കാം…കരഞ്ഞു വിളിച്ചു എങ്ങനേം കാര്യം സാധിക്കണം…ആദ്യത്തെ പടിയായി അമ്മച്ചിയുടെ ചെവിട്ടില്‍ പതുക്കെ പറഞ്ഞു…’എനിക്ക് ആ വാട്ടര്‍ ബോട്ടില്‍ വാങ്ങിത്തരാവോ?’…എന്‍റെയല്ലേ അമ്മ…എന്‍റെ അതെ നമ്പര്‍ പുറത്തെടുത്തു…വളരെ മയത്തില്‍ എന്നോട് ‘നോ’ പറഞ്ഞു…”അത് കൊള്ളൂല മോളു,വേറെ വാങ്ങിത്തരാം”…പിന്നേ,ഇത് ഞാന്‍ കുറെ കേട്ടതാ…ഇന്നാളൊരു ദിവസം വീടിനു മുന്നിലുള്ള വഴിയില്‍ക്കൂടി റോഡ് റോളര്‍ പോകുന്നത് കണ്ടു അതേപോലത്തെ ഒരെണ്ണം വാങ്ങിത്തരാന്‍ പറഞ്ഞപ്പോഴും ഇങ്ങനെ പറഞ്ഞാ എന്നെ പറ്റിച്ചത്…ഇനി അത് ചെലവാകൂലാ അമ്മച്ചീ…
അനുനയം ഏറ്റില്ലെങ്കില്‍ ഭീഷണി…”വാട്ടര്‍ ബോട്ടില്‍ കിട്ടിയില്ലെങ്കില്‍ ഞാന്‍ ഇവിടുന്നു നീങ്ങുന്ന പ്രശ്നമില്ല”…അല്പം ഉച്ചത്തില്‍ തന്നെ പറഞ്ഞുനോക്കി…അപ്പൊ ദാണ്ടേ,അമ്മയും അതേ നമ്പര്‍…”മര്യാദക്ക് മിണ്ടാതെ അടങ്ങിയിരുന്നോ…അല്ലേല്‍ വീട്ടില്‍ ചെല്ലുമ്പോള്‍ നല്ല ചുട്ട പെട കിട്ടും”, എന്ന്…അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ…അവസാനത്തെ ആയുധം പുറത്തെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു…ആദ്യം ചെറിയ രീതിയില്‍ തുടങ്ങി പിന്നെ ഉച്ചസ്ഥായിയില്‍ എത്തുന്ന ഒരു കരച്ചില്‍ യജ്ഞം തന്നെയായിരുന്നു എന്‍റെ മനസ്സില്‍…ആദ്യപടിയായി ചെറുതായി കീറാന്‍ തുടങ്ങി,”എനിക്ക് ആ പച്ച വാട്ടര്‍ ബോട്ടില്‍ വേണം…ങ്ങീ..ങ്ങീ “…അമ്മ മിണ്ടാതിരിക്കാന്‍ കുറെ പറഞ്ഞു നോക്കി…ആര് കേള്‍ക്കാന്‍?…എന്‍റെ കരച്ചിലിന്‍റെ ശബ്ദം കൂടിക്കൂടി വന്നു…അടുത്ത് നില്‍ക്കുന്നവരുടെ മുഴവന്‍ ശ്രദ്ധ എന്നിലേക്കായി…അമ്മച്ചിയാണേല്‍ ഇടക്ക് എനിക്ക് ഓരോ നുള്ള് വെച്ചുതരാന്‍ തുടങ്ങി…ഓരോ നുള്ള് കിട്ടുമ്പോഴും ഞാന്‍ കുറച്ചൂടെ ഉച്ചത്തില്‍ കീറും…എന്നിട്ടും അമ്മച്ചിക്ക് ഒരു കുലുക്കവുമില്ല…വാട്ടര്‍ ബോട്ടില്‍ വാങ്ങിത്തരുന്ന ലക്ഷണം ഒന്നും കാണുന്നില്ല…കുറേനേരം നിന്നു കരഞ്ഞു…ഗുണമില്ല…പിന്നെ നിലത്തിരുന്നു കരയാന്‍ തുടങ്ങി…ഗുണം നഹി നഹി…അടുത്ത നമ്പര്‍ നിലത്തു കിടന്നു കരച്ചിലാണ്…ഭാഗ്യത്തിന് അത് വേണ്ടി വന്നില്ല…അപ്പോഴേക്കും ബസ് വന്നു…
ബസില്‍ക്കേറാന്‍ എനിക്ക് തീരെ മനസ്സില്ലായിരുന്നു…അമ്മച്ചി എന്നെ പിടിച്ച് വലിച്ചു കേറ്റുകയായിരുന്നു…എന്‍റെ പച്ച വാട്ടര്‍ ബോട്ടിലിനെ പിന്നെയും പിന്നെയും തിരിഞ്ഞു നോക്കി ഞാന്‍ ഒരു കണക്കിന് ബസില്‍ക്കേറി…മനമങ്ങും മിഴിയിങ്ങും എന്ന മട്ടില്‍ ബസില്‍വെച്ചും ഞാന്‍ കരച്ചില്‍ തുടര്‍ന്നു…അമ്മച്ചിയുടെ നുള്ളും അടിയും ഇടക്കിടെ കിട്ടുന്നുണ്ട്…ബസില്‍ ഉള്ളവരെല്ലാം വളരെ സഹതാപത്തോടെ എന്നെ നോക്കുന്നുണ്ട്…എന്തു കാര്യം?…എന്‍റെ അമ്മക്ക് തോന്നിയില്ലല്ലോ ആ വാട്ടര്‍ ബോട്ടില്‍ വാങ്ങിത്തരാന്‍…ഒരു കണക്കിന് സ്റ്റോപ്പ് എത്തി…ഇനിയാണ് അവസാനത്തെ ആക്ഷന്‍…എന്തായാലും വാട്ടര്‍ ബോട്ടില്‍ വാങ്ങിതന്നില്ല…എങ്കില്‍പ്പിന്നെ ഇറങ്ങുന്നതിനു മുന്‍പ് അമ്മച്ചിയെ മാക്സിമം നാറ്റിചേക്കാം എന്ന് വിചാരിച്ചു ബസിന്‍റെ കമ്പിയില്‍ത്തൂങ്ങി വല്യ വായില്‍ ഒരൊറ്റ കരച്ചില്‍…അത്യുഗ്രന്‍ പ്രകടനം…
അമ്മയുടെ അല്പമെങ്കിലും ബാക്കിയുണ്ടായിരുന്ന ക്ഷമ കൂടി നശിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ…എന്നെ പിടിച്ച് വലിച്ചു താഴെയിറക്കി ഒരല്പദൂരം നടത്തിച്ചു…ഇനിയാണ് ക്ലൈമാക്സ് …അടുത്തുള്ള വീടിന്‍റെ വേലിക്കല്‍ നിന്നിരുന്ന പുളിയുടെ കൊമ്പ്(പുളിവാറല്‍ എന്ന് ലോക്കലായി പറയും) ഒടിച്ചെടുത്തു…എന്നിട്ട് ചറ പറ ചറ പറ ,തലങ്ങും വിലങ്ങും പൊതിരെ തല്ല്…:(
ഇനിയും കീറിയിട്ടു കാര്യമില്ലെന്ന് മനസ്സിലായതോണ്ട് കൃത്യമായ മോഡൂലേഷനില്‍ ഞാന്‍ കരച്ചില്‍ യജ്ഞം അവസാനിപ്പിച്ചു…അല്ലേലും ഈ അമ്മച്ചി എപ്പോഴും ഇങ്ങനാ…എപ്പോഴും ലേറ്റാ… ഇതങ്ങു നേരത്തെ തന്നിരുന്നെങ്കില്‍ ഞാന്‍ ഇത്രേം കരഞ്ഞു കുളമാക്കുമായിരുന്നോ??…കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയാല്‍ !!!