• വീഴ്ചക്കഥകള്‍ തുടരുന്നു…

  Written on 2009.10.25 | Category: ചെറുകഥകള്‍ | Author: Meenukkutty

  താഴെ വീഴുന്നത് ആത്മാര്‍ത്ഥ സുഹൃത്താണെങ്കില്‍ പോലും ചിരി അടക്കിപിടിക്കാനോ മസില് പിടിച്ചു ചിരിക്കാതിരിക്കാനോ എനിക്ക് വല്യ ബുദ്ധിമുട്ടാണ്… അത്പോലെ തന്നെ ബാക്കിയുള്ളവര്‍ക്കും …എന്‍റെ കൂട്ടുകാര്‍ എന്ന് പറയുന്നവര്‍ എന്‍റെ ഓരോ വീഴ്ചയും ഒരു ആഘോഷമാക്കി ചിരിച്ചു മറിഞ്ഞു…പിന്നെ,അത്യാവശ്യം നല്ല തൊലിക്കട്ടി ഉള്ളതുകൊണ്ട് അതുവെച്ചു ഞാന്‍ അഡ്ജസ്റ്റ് ചെയ്തു…

  വീഴ്ച ഇന്‍ പെരിയാര്‍ :-
  പെരിയാര്‍ എന്ന് പറയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നതു കുഞ്ഞോളങ്ങളെ തഴുകിനീങ്ങുന്ന ചെറുവഞ്ചിയും അതിലിരുന്നു “പെരിയാറേ,പെരിയാറേ പര്‍വതനിരയുടെ പനിനീരേ” എന്ന് പാടിതിമിര്‍ക്കുന്ന സത്യനെയും പദ്മിനിയെയും ആണ് …സോറി…അറിയാതെ ഞാന്‍ ഒന്നു ഓര്‍മകളില്‍ മുങ്ങിതപ്പിപോയി….

  നാലാം സെമസ്റ്ററില്‍ പിള്ളേരെല്ലാം കൂടി ടീച്ചേര്‍സ്-നെ ഒന്നും അറിയിക്കാതെ സ്വന്തം പ്ലാന്‍ ചെയ്ത കോടനാട് ട്രിപ്പ്‌-നിടയിലാണ് സംഭവം…കോടനാട് എത്തി,കുഞ്ഞാനകളെ ഒക്കെ കണ്ടു,അതിന്‍റെയൊക്കെ ഒപ്പം തലയാട്ടി ഡാന്‍സ് ചെയ്തു പതുക്കെ പുഴയിലേക്ക് നീങ്ങി…നേരെചൊവ്വേ ഉള്ള കടവ് ഉണ്ട്…പക്ഷെ എന്‍റെ കൂടെയുള്ള തലതെറിച്ച വിത്തുകള്‍ക്ക് അതൊന്നും പോരാ…നിറയെ പുല്ലാനിക്കാടുകള്‍ നിറഞ്ഞു നില്ക്കുന്ന സ്ഥലത്തേക്കാണ്‌ പോക്ക്…അതിന്‍റെ ഇടയില്‍ പണ്ടു ഉപയോഗിച്ചിരുന്ന കടവുകള്‍ ഉണ്ട് പോലും…ഇപ്പോള്‍ പക്ഷെ അതൊന്നും ആരും ഉപയോഗിക്കാതെ നശിച്ചു കിടപ്പാണ്…അതൊന്നും പ്രശ്നമല്ല…സഹസികതയാണത്രെ വേണ്ടത്…ആയിക്കോട്ടെ…മുന്‍പേ നടക്കുന്ന പുരുഷകേസരികളെ ഞങ്ങളും അനുഗമിച്ചു…സാഹസികതയ്ക്കു ഞങ്ങളും പിറകിലല്ല എന്നൊന്ന് കാണിച്ചുകൊടുക്കേണ്ടേ ?…

  അങ്ങനെ നോക്കി നോക്കി ഒരു പഴയ കടവ് കണ്ടെത്തി…കടവ് എന്ന് പറയുമ്പോള്‍ അതില്‍ സ്ടെപ്സ് ഒന്നും കാണാനില്ല…അതിന്‍റെ ഒരു വശത്ത് പഴയ പടവുകളുടെ ബാക്കിപത്രം പോലെ എന്തോ ഒന്നു കാണാനുണ്ട്….മറുവശം കുത്തനെ ഉള്ള ഇറക്കം ആണ്…എല്ലാവരും കുറച്ചെങ്കിലും പടവുകള്‍ ഉള്ള വശത്തുകൂടി ഇറങ്ങാന്‍ തുടങ്ങി…”വിനാശകാലേ വിപരീതബുദ്ധി” എന്ന് കേട്ടിട്ടില്ലേ?…അതുപോലെ എനിക്കും സേഫ് സൈഡില്‍ക്കൂടി ഇറങ്ങുന്ന ചെറുക്കന്മാരെ ഒന്നു കളിയാക്കാന്‍ തോന്നി…ധൈര്യമുള്ള പെണ്‍പിള്ളാര് ഈ സൈഡില്‍ക്കൂടി ഇറങ്ങുന്നത് കണ്ടുപടിക്ക് എന്ന് പറഞ്ഞോണ്ട് കുത്തനെയുള്ള മറ്റേ സൈഡിലൂടെ ഇറങ്ങാന്‍ തുടങ്ങി…എന്‍റെ ഒരു അഹങ്കാരം നോക്കിക്കേ…പക്ഷെ ഒന്നും കാണാതെ പട്ടരു വെള്ളത്തില്‍ ചാടില്ലല്ലോ…എങ്ങനെയും ഇറങ്ങാം എന്നൊരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു…പകുതിവഴി കുഴപ്പമൊന്നുമില്ലാതെ ഇറങ്ങുകയും ചെയ്തു…

  പക്ഷെ പ്രശ്നം വന്നത് അതിന് ശേഷമാണ്…നല്ല രീതിയില്‍ ഇറങ്ങിക്കൊണ്ടിരുന്ന എനിക്ക് പകുതിയെത്തിയപ്പോള്‍ തിരിഞ്ഞു നിന്നു കൂടെയുള്ള ചെറുക്കന്മാരെ ഒന്നു കൊഞ്ഞനം കുത്തണമെന്നു തോന്നി…നിങ്ങള്‍ പറയൂ,അതൊരു തെറ്റാണോ?…പക്ഷെ ഇത്രയും ആലോചിക്കാന്‍ അപ്പോ ടൈം കിട്ടിയില്ല…പിന്നെ നല്ല സ്പീഡില്‍ ആയിരുന്നു ഇറക്കം…ഞാന്‍ അങ്ങ് വെറുതെ നിന്നുകൊടുത്താല്‍ മതിയായിരുന്നു…നല്ല സേഫ് ആയി ലാന്‍ഡ്‌ ചെയ്തു…കഴുത്തറ്റം വെള്ളത്തില്‍…വല്ല നീന്തല്‍ കോച്ച്-ഉം കണ്ടിരുന്നെങ്ങില്‍ ബാക്ക്സ്ട്രോക് സ്വിമ്മിംഗ്-ഇല്‍ നല്ല ഭാവി ഉണ്ടെന്നു പറഞ്ഞു കൊത്തിക്കൊണ്ടു പോയേനെ…ആ,എന്തു പറയാനാ,ഇന്ത്യക്ക് ഒരു മെഡല്‍ നഷ്ടം…

  ഒരുവിധം മുങ്ങിപ്പൊങ്ങി നിലം തൊട്ടപ്പോഴേക്കും ആകെ നനഞ്ഞു ഒരു പരുവമായി…ഇറങ്ങിയത്‌ വല്യ സാഹസികമായാണെങ്കിലും കയറിയപ്പോള്‍ സേഫ് സൈഡ് തന്നെ വേണ്ടി വന്നു…ദൈവത്തിന്‍റെ ഓരോരോ കളികളേ…എല്ലാവരും ആദ്യം ഒന്നു പേടിച്ചു പോയെങ്കിലും എന്‍റെ ചമ്മിയ മുഖം കണ്ടപ്പോള്‍ പിന്നെ അത് കൂട്ടച്ചിരിക്ക് വഴിമാറി…എന്‍റെ ക്ലാസ്സിലെ പെണ്‍കുട്ടികള്‍ വളരെ ബുദ്ധിപരമായാണ് പിന്നെ പെരുമാറിയത്…ആണ്‍പിള്ളാരേയെല്ലാം ഓടിച്ചു വിട്ടിട്ടു അവരെല്ലാം എനിക്ക് ചുറ്റും നിന്നു…മൊത്തം നനഞ്ഞു നിന്ന എനിക്ക് ചുറ്റും ചൈനയുടെ വന്മതില്‍ പോലെ…എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു പിള്ളാരെ എന്ന് മനസ്സില്‍ പറഞ്ഞു…പക്ഷെ പിന്നീടാണ്‌ ചതി മനസ്സിലായത്…എന്നെ വെയിലത്ത്‌ നിര്‍ത്തി ഉണക്കിയെടുക്കാനായിരുന്നു അവരുടെ പ്ലാന്‍!!!…എങ്കില്‍പ്പിന്നെ ഒരു അയയിലോട്ടു അങ്ങ് ഇടാമായിരുന്നില്ലേ?…ഉണങ്ങുമ്പോള്‍ എടുക്കാമായിരുന്നല്ലോ…ഞാന്‍ പ്രധിഷേധിച്ച് നോക്കി…എന്തു കാര്യം?..ഉണങ്ങിയില്ലെങ്കില്‍ എന്നെ വണ്ടിയില്‍ കേറ്റില്ല എന്നവര്‍ പറഞ്ഞു…വേറെ വഴിയില്ലാതെ ഞാന്‍ ആ പൊരിവെയിലത്ത് നിന്നു…എന്തായാലും എന്‍റെ കൂട്ടുകാര്‍ അല്ലേ?…എന്നോടിത് ചെയ്യാന്‍ പാടുണ്ടോ?

  പകുതിയോളം ഉണങ്ങിയപ്പോള്‍ ഞാന്‍ വണ്ടിയില്‍ കയറി…പക്ഷെ വെയിലത്ത്‌ നിര്‍ത്തിയതില്‍ പ്രധിഷേധിച്ച് ഞാന്‍ ആരോടും മിണ്ടാന്‍ പോയില്ല …നനഞ്ഞ എന്നോടിത് ചെയ്തപ്പോള്‍ ഉണങ്ങിയ ബാക്കിയുള്ളവരോട്‌ അവര് എന്തു ചെയ്യും?…വണ്ടി തിരിച്ചു കോളേജില്‍ എത്തുന്നതുവരെ ഞാന്‍ ഒരു നനഞ്ഞ കോഴിയെപ്പോലെ മിണ്ടാതെ അടങ്ങിയൊതുങ്ങി വണ്ടിയില്‍ ഇരുന്നു…ഒരു പക്ഷെ ആദ്യമായും അവസാനമായും എന്‍റെ കൂട്ടുകാര്‍ എന്നെ അങ്ങനെ കണ്ടത് അന്നായിരിക്കും…

  എല്‍ദോ,പേരിടുന്ന കാര്യത്തില്‍ നീ മെച്ചപ്പെട്ടു വരുന്നുണ്ട്…ഇത്തവണ കിട്ടിയ പേരാണു-വാട്ടര്‍ ഗേള്‍…

  Written By : Meenukkutty