-
ഒരു മഞ്ചിന്‍റെ കഥ …എന്റെയും
” രെഞ്ചൂ,നീ ഇന്നു സ്നേഹയെ കണ്ടോ? അവള്‍ ഇന്നു കളറില്‍ ആണ് ” ക്ലാസ്സിലോട്ടു വന്നു കയറിയ ഉടനെ സുരേഷ് വിളിച്ചു പറഞ്ഞു .. കേട്ട പാതി കേള്‍കാത്ത പാതി ഞാന്‍ ഇറങ്ങി ഓടി . എന്റെ മടിയില്‍ ഇരുന്ന അസ്സിന്മേന്റ്റ് പേപ്പറുകള്‍ ക്ലാസ്സില്‍ ആകെ ചിന്നി ചിതറി …
എടാ അവള്‍ കോളേജ് ഗേറ്റില്‍ എത്തിയിട്ടേ ഉള്ളു … സുരേഷ് പിന്നില്‍ നിന്നും പറഞ്ഞു. ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല .. ഒരു ആഴ്ചക്ക് ശേഷം കാണുകയാണ് അവളെ … അതും കളറില്‍ ആണ് എന്ന് …. തള്ളെ … എന്നെ കൊണ്ടു ഞാന്‍ തോറ്റു … എന്റെ മനസ്സില്‍ ഒരുപാടു ലഡ്ഡുകള്‍ പൊട്ടി കൊണ്ടിരുന്നു ….
ഞാന്‍ ഓടി ഓഫീസ് റൂമിന്റെ സൈഡില്‍ എത്തി … നല്ല ഒരു സ്ഥലം കണ്ടെത്തി നിന്നു … അവിടെ നിന്നാല്‍ ഗേറ്റ് മുതല്‍ കോളേജ് വരെയുള്ള ദൂരം നന്നായി കാണാം … എന്ന് വച്ചാല്‍ ഞങ്ങളുടെ കോളേജിന്റെ വാച്ച് പോയിന്റ് ആണ് അത് … അഥവാ വായനോക്കി പോയിന്റ് …
കറക്റ്റ് ആണ് അവന്‍ പറഞ്ഞതു തെറ്റിയിട്ടില്ല …. ഇല്ലേലും ഈ ഒരു കാര്യത്തില്‍ അവനെ വിശ്വസിക്കാം. കോളേജില്‍ പഠിക്കുന്ന ഏതൊരു പെണ്ണിനെ കുറിച്ചും അവനോടെ ചോദിച്ചാല്‍ മതി … എല്ലാം അവന്റെ കയ്യില്‍ റെഡി ആണ് ….. ചുരുക്കി പറഞ്ഞാല്‍ ഞങ്ങളുടെ കോളേജിന്റെ സ്വന്തം ഗൂഗിള്‍ ആണ് അവന്‍ .. പക്ഷെ അവന് അതിന്റെ അഹങ്കാരം ഒന്നും ഇല്ല കേട്ടോ ….. പിന്നെ ഒരേ ഒരു പ്രശ്നമേ ഉള്ളു…..വെള്ളം…. അത് അകത്തോട്ടു ചെന്നാല്‍ പുറത്തോട്ടു വരുന്നതു ഈ കഥകള്‍ ആയിരിക്കും …. ആ അത് പോട്ടെ …
അവള്‍ ഏകദേശം അമ്പതു മീറ്റര്‍ അടുത്ത് എത്തിയിരിക്കുന്നു …. കൊള്ളാം അവന്‍ പറഞ്ഞപോലെ തന്നെ കിടിലന്‍ ആയിട്ടുണ്ട് …ഒരു വയലറ്റ് ചുരിദാര്‍ ആണ് വേഷം , പക്ഷെ എന്തോ ഒരു പുതിയ സ്ടിച്ചിംഗ് ആണ് …. പുതിയ വല്ല stylum ആയിരിക്കും … വല്ല പട്യാല യോ പഞ്ചാബി യോ … അങ്ങനെ എന്തെങ്കിലും ഒക്കെ പേരു കാണും ആയിരിക്കും … എന്ത് അയാള്‍ എന്താ … നമുക്കൊരു കാഴ്ച അല്ലെ … എല്ലാ തുന്നല്‍ക്കാര്കും നന്ദി .. ഇത്തവണ പോരാത്തതിന് ഹെയര്‍ സ്റ്ലും മാറ്റിയിട്ടുണ്ട് …. ഹ്മം….. കിടു മോനേ …. ഞാന്‍ മനസ്സില്‍ പറഞ്ഞു ….
ഞാന്‍ നില്കുന്നത് ഫസ്റ്റ് ഫ്ലോരില്‍ ആണ് …. അതിലൂടെ വേണം അവള്‍ക്ക് കടന്നു പോകാന്‍ …. അവള്‍ സ്റെപ്സ് കയറി എന്റെ മുന്നില്‍ എത്തി … എല്ലാവരെയും നോക്കുന്ന പോലെ തന്നെ എന്നെയും നോക്കി ചിരിച്ചു …. എന്നിട്ട് സാവധാനം കടന്നു പോയി …..
പുന്നെല്ലു കണ്ട എലിയെ പോലെ ഞാന്‍ ഹാപ്പി ആയി … എത്ര നാളായി എങ്ങനെ ഒരു ദര്സനം കിട്ടിയിട്ട് …. നിന്നെ ഞാന്‍ എടുത്തോളമെടി ഗൊച്ചു ഗള്ളി എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടു ഞാന്‍ ക്ലാസ്സിലോട്ടു നടന്നു …..
ഈശ്വരാ… ബാക്കി എഴുതാനുള്ള അസ്സിന്മേന്റ്സ് നെ കുറിച്ചു അപ്പോളാണ് ഞാന്‍ ഓര്‍ത്തത് …. ഞാന്‍ ക്ലാസ്സിലോട്ടു പാഞ്ഞു ….
ക്ലാസ്സിലോട്ടു കയറിയതും അവിടുത്തെ കാഴ്ച കണ്ടു ഞാന്‍ ശരിക്കും ഞെട്ടി .. ക്ലാസ്സിലാകെ ഞാന്‍ പറത്തിവിട്ട അസ്സിന്മേന്റ്റ് പേപ്പറുകള്‍ ഓടിച്ചിട്ട് പിടിക്കുകയാണ് സിനി…. ഈശ്വരാ …. ഇനി ഞാന്‍ ഇവളോട് എന്ത് പറയും ..ഒരു തരത്തില്‍ കയ്യും കാലും പിടിച്ചിട്ടാണ് അവളുടെ കമ്പ്ലീറ്റ് ആയ അസ്സിന്മേന്റ്റ് വാങ്ങിച്ചത് … ഹ്മം … ആലോചിച്ചു തീരുന്നതിനു മുന്നേ അവള്‍ ചീറി കൊണ്ടു അടുത്തെത്തി ..
എടാ ദുഷ്ടാ….. ഇതിനാണോ നിനക്കു ഞാന്‍ അസ്സിന്മേന്റ്റ് തന്നത് ??
ഇപ്പോളത്തെ പെണ്പിള്ളേര്‍ ആദ്യം വിളിക്കുന്ന തെറി ആണ് “ദുഷ്ടന്‍” … പക്ഷെ എന്റെ ഒരു ഫ്രണ്ട് പറഞ്ഞതു, അവര്‍ക്ക് ഇഷ്ടമുള്ളവരെ മാത്രമെ അവര്‍ അങ്ങിനെ വിളിക്കൂ എന്നാണ് …..പക്ഷെ ഇവളുടെ ദുഷ്ടാ വിളിയില്‍ അങ്ങിനെ ഒരു ഇഷ്ടം എനിക്ക് എവിടെയും കാണാനായില്ല …“അതെ .. ഞാന്‍ .. പിന്നെ … അവള് .. ” എനിക്ക് ഒന്നും പറയാന്‍ പറ്റുന്നില്ല …
ഞാന്‍ സുനിത മിസ്സ് നെ കാണാന്‍ പോയതാ .. അപ്പൊ ഫാന്‍ ഓഫ് ആയിരുന്നു … പിന്നെ ആരോ ഫാന്‍ ഓണ്‍ ആക്കിഅപ്പോഴാ പറന്നു പോയത് …ഞാന്‍ ഒരു തരത്തില്‍ ഒപ്പിച്ചെടുത്തു …. …
“പിന്നേ … ഫാന്‍ ഇട്ടാല്‍ ഇങ്ങനെ പറക്കോ …. നീ ശ്രദ്ടിക്കാഞ്ഞിട്ടല്ലേ ” അവള്‍ ചോദിച്ചു …
“സോറി … ഇനി ഞാന്‍ ശ്രദ്ധിക്കാം .. ” ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട സന്തോഷത്തില്‍ ഞാന്‍ പറഞ്ഞു …
“എടി സിനി .. അവന്‍ നിന്നെ പറ്റിക്കുകയാണ് …. അവന്‍ അവന്റെ ലവളെ കാണാന്‍ പോയതാണ് ….” എവിടെനിന്നോ സുരേഷിന്റെ ശബ്ദം അവിടെ പറന്നെത്തി …..
അവന്‍ പറഞ്ഞു നിറുത്തുന്നതിന് മുന്നേ ഞാന്‍ ജനല് ചാടി പുറത്തു കടന്നു … എന്തായാലും തോറ്റു .. എങ്കില്‍അവളെ കൊഞ്ഞനം കുത്തിയേക്കാം എന്ന് വിചാരിച്ചു ഞാന്‍ തിരിഞ്ഞു നോക്കി ….
എന്തോ ഒരു സാധനം പറന്നു വരുന്ന പോലെ എനിക്ക് തോന്നി … അതെ … അത് തോന്നലായിരുന്നില്ല …. അമേരിക്കവിട്ട മിസൈല്‍ പോലെ അത് ലകഷ്യ സ്ഥാനത്ത് തന്നെ പതിച്ചു … എന്റെ മുഖത്ത് മുഴുവന്‍ ചോക്ക് പൌഡര്‍ !! …. ആ അതിക്രമത്തിന് എതിരെ എന്റെ മനസ്സിലെ കമ്മുനിസ്റ്റ് കാരന്‍ ഉയര്‍ന്നെങ്കിലും അവളുടെ കയ്യില്‍ കിട്ടിയിരിക്കുന്ന അടുത്ത സാധനം ചെയറിന്റെ ഒടിഞ്ഞ കാല്‍ ആണെന്ന് കണ്ടപ്പോള്‍ ഞാന്‍ തോല്‍വി സമ്മതിച്ചു .. ഓടാവുന്ന സ്പീഡില്‍ ഓടി …
ഹ്മം … ഇന്നു എന്തായാലും ഇനി ഫസ്റ്റ് പീരീഡ് ക്ലാസ്സില്‍ കേറാന്‍ പറ്റില്ല …. അസ്സിന്മേന്റ്റ് ഇല്ലാതെ ചെന്നാല്‍ അച്ചാമ്മ മാടം തെറി വിളിക്കും , പോരാത്തതിന് ക്ലാസ്സില്‍ നിന്നു ഇറക്കി വിടുകയും ചെയ്യും … വൃത്തികെട്ട ഓരോരോ സാധനങ്ങള്‍ … എന്തിനാ അവരെ കുറ്റം പര്‍ഗയുന്നെ ഇതിനൊക്കെ കാരണം അവളാണ് …. ആ സിനി … അവള്‍ക്ക് എന്തിന്റെ കുഴപ്പമാണ് ? അസ്സിന്മേന്റ്സ് ഒന്നു താഴെ വീണു പോയി .. അത് ഇത്ര വലിയ പ്രശ്നമാണോ … വൃത്തികെട്ടവള്‍ … നിനക്കു ഞാന്‍ വെച്ചിട്ടുണ്ട് … ഞാന്‍ മനസ്സില്‍ പറഞ്ഞു … എന്തായാലും ഇന്നത്തെ കാര്യം പോക്കാ..
ഞാന്‍ നേരെ നടന്നു .. ഇക്കാടെ കടയിലേക്ക് …
ഞങ്ങളുടെ കോളേജിന് അടുത്തുള്ള ഒരേ ഒരു കട ആണ് …. കോളേജിലേക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും അവിടെ ഉണ്ട് …ബീഡിയും സിഗരറ്റും ഉള്‍പ്പടെ ….പക്ഷെ ആരും അവിടെ പോകാറില്ല, ഞങ്ങള്‍ കുറച്ചു പേര്‍ ഒഴികെ … കാരണം അങ്ങേരുടെ കയ്യിലിരിപ്പ് തന്നെ… മൂപ്പര്‍ ഒരു മുതലാളിത്ത വ്യവസ്ഥിധിയുടെ ആളാണ് ….. വാങ്ങാന്‍ വരുന്നവന്‍ എന്ത് വാങ്ങിക്കണം എന്നത് വരെ അങ്ങോരാണ് തീരുമാനിക്കുക …. അതോടെ അങ്ങോട്ടുള്ള പോക്ക് എല്ലാവരും നിറുത്തി … പക്ഷെ ഞാന്‍ ഇപ്പോഴും അങ്ങോരുമായി നല്ല കമ്പനി ആണ് … അത്യാവശ്യം തരക്കേടില്ലാത്ത ബിസ്സിനെസ്സ് എന്റെ കയ്യില്‍ നിന്നും കിട്ടുന്നതിനാല്‍ അങ്ങോരും ഹാപ്പി ആണ് ….പിന്നെ മറ്റൊരു കാര്യം അങ്ങോര്‍ കലാഭവന്‍ മണി യുടെ വലിയ ഒരു ആരാധകന്‍ ആണ്. എപ്പോളും മണിയുടെ പാട്ടു ആണ് കടയില്‍ … രാവിലെ എട്ടു മുതല്‍ വയ്കീട്ടു ആറു മണി വരെ … അതും നല്ല ശബ്ദത്തില്‍ … മിക്കവാറും ഇംഗ്ലീഷ് ഉം കണക്കും പീരീഡ്‌കള്‍ ഉറങ്ങാതെ കഴിച്ചു കൂട്ടുന്നത് ഈ മണിപ്പാട്ടിന്റെ ബലത്തില്‍ ആണ്. ഒരിക്കല്‍ ഈ പാട്ടു വല്ലാതെ ഒരു ശല്യം ആയപ്പോള്‍ ഞങ്ങടെ സാക്ഷാല്‍ പ്രിന്‍സിപ്പല്‍ തന്നെ ചോദിയ്ക്കാന്‍ ഇറങ്ങിയതാണ് … “ഞമ്മടെ കായ് കൊണ്ടു ഞമ്മള് ബാങ്ങിയ പെട്ടില് മണിന്റെ പാട്ടു ബെച്ച ഇങ്ങന്ക് എന്താ എടങ്ങേറ് മാഷേ …” എന്നാണ് ഞങ്ങടെ എല്ലാരുടെയും മുന്നില്‍ വച്ചു മുതലാളി ഇക്ക പ്രിന്‍സിപ്പല്‍ സാറിനോട് പറഞ്ഞതു …. അതോടെ മാഷുന്മാരും ആ കടയിട്ടുള്ള പോക്ക് നിറുത്തി … ഇപ്പൊ അവര്‍ക്കും ഉണ്ടല്ലോ യൂണിയന്‍ !!!
കടയില്‍ നിന്നുള്ള പാട്ടു ഉയര്ന്നു കേള്‍ക്കുന്നുണ്ട് .. “ഓടേണ്ട ഓടേണ്ടാ ഓടി തളരെണ്ടാ …ഓമന പൂമുഖം വടിടെണ്ടാ … ” മണി അങ്ങിനെ ആസ്വദിച്ചു പാടുകയാണ് …..
ഇനി ഇക്ക എന്റെ ഓട്ടം എങ്ങാനും കണ്ടോ ആവോ ? പലപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട് ..എന്നെ കുറിച്ച എന്ന് എനിക്ക് തോന്നുന്ന പാട്ടുകള്‍ ആവും മിക്കവാറും വരിക..
“നമസ്കാരം ഇക്കാ ” ഇക്കാക്ക് ഒരു നല്ല നമസ്കാരം കൊടുത്തു കൊണ്ടു ഞാന്‍ കടയിലേക്ക് കേറി.
നമസ്കാരം … നമസ്കാരം … എന്തൊക്കെ ഉണ്ടെടാ വിശേഷം …. ഇന്നു നിന്റെ “കെഡി” കളറില്‍ ആണല്ലോ ? ഇക്ക ഒരു കണ്ണടച്ച് കൊണ്ടു ചോദിച്ചു …
സ്നേഹയെ ഉദ്ദേശിച്ചാണ് ഇക്കാടെ കമന്റ് ….. അങ്ങോരുടെ മറ്റേ കണ്ണ് കൂടി അടപ്പിക്കാന്‍ പാകത്തിന് ഒന്നുകൊടുക്കാന്‍ തോന്നിയെങ്കില്‍ അങ്ങോരുടെ മസ്സില്സ് നെ ഓര്ത്തു ഞാന്‍ ക്ഷമിച്ചു …
ഇതു എന്താണ് ഇവന്മാരുടെ ഉദ്ദേശ്യം ….. ഇന്നു രാവിലെ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് “നിന്റെ ലവളു” “നിന്റെ കെഡി” “നിന്റെ പെണ്ണ് ”
—- പിന്നെ ഈ “ലവളു” , “കെഡി ” എന്നത് എല്ലാം ഞങ്ങള്‍ തൃശൂര്കാര്‍ ഉപയോഗിക്കുന്ന ഭാഷ ആണ് .. അതിന്പ്രത്യേകിച്ച് ഒരു മീനിംഗ് ഇല്ല … സിറ്റുവേഷന്‍ അനുസരിച്ച് മാറികൊണ്ടിരിക്കും —-
എന്താണ് എനിക്ക് സ്നേഹയും ആയുള്ള ബന്ധം ? ….. എന്നോ … എപ്പളോ … എവിടെയോ … വച്ചു എനിക്ക് അവളോട്‌ഒരിഷ്ടം തോന്നിയിട്ടുണ്ട് .. അത് സത്യമാണ് … പക്ഷെ അത്രയേ സത്യമുള്ളൂ … അതിനാണ് ഇവന്മാരെ ഇത്രയൊക്കെപറഞ്ഞു നടക്കുന്നത് ….
എനിക്ക് അവളെ ഇഷ്ടമാണെന്ന കാര്യം അവള്‍ക്ക് ഇതുവരെ അറിയുക പോലുമില്ല …. അല്ല അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല … ഞാന്‍ പറഞ്ഞാലല്ലേ അവളിതു അറിയൂ ..ഞാന്‍ ആരാ മോന്‍ !!
ഞാന്‍ ഇതിനെ കുറിച്ച ഒരാളോടു മാത്രമെ പറഞ്ഞിട്ടുള്ളൂ .. അത് സിനിയോടാണ്… കാരണം സിനി യും സ്നേഹയും നല്ല ഫ്രണ്ട്സ് ആണ് പോരാത്തതിന് പോക്കും വരവും എല്ലാം അവര്‍ ഒരുമിച്ചാണ് അതുകൊണ്ട് “കിട്ടിയാല്‍ഊട്ടി …. ഇല്ലേല്‍ ചട്ടി” എന്ന പഴഞ്ചൊല്ല് നോക്കി പറഞ്ഞതാണ്. ഇനി അവളെങ്ങാനും ഇതു സ്നേഹയോട്ചോര്‍ത്തിയിട്ടുണ്ടോ എന്തോ ? എന്തായാലും ഇതുവരെ കുഴപ്പം ഒന്നു ഉണ്ടായിട്ടില്ല… ഇല്ലേലും സിനി ഒരുപാവമാ …. അവള്‍ അങ്ങിനെ ഒന്നും ചെയ്യില്ല, ഞാന്‍ മനസ്സില്‍ ഓര്ത്തു…
എന്റെ മനസ്സില്‍ ഇങ്ങനെ ഒരു പ്രേമം മൊട്ടിടാന്‍ തന്നെ കാരണം സിനി ആണ്….ഞങ്ങള്‍ ക്ലാസ്സില്‍ അടുത്ത അടുത്തസീറ്റില്‍ ആണ് ഇരിക്കുന്നത് … എന്ന് വെച്ചാല്‍ അവള്‍ ഫസ്റ്റ് ലൈനില്‍ അഞ്ചാമത്തെ സീറ്റ്, ഞാന്‍ സെക്കന്റ് ലൈനില്‍അഞ്ചാമത്തെ സീറ്റ് … ഇന്‍സ്ട്രുമെന്ടഷന്‍ ന്റെയും സോളിഡ് ഫിസിക്സ് ന്റെയും ചത്ത ക്ലാസുകള്‍ ഞങ്ങള്‍ തള്ളി നീക്കുന്നത് “പൂജ്യം വെട്ടി കളിച്ചും ” ടീച്ചറിന്റെ പടം വരച്ചും എല്ലാമാണ് … അങ്ങിനെ ഉള്ള ഒരു ക്ലാസ്സിലാണ് ആദ്യമായി സ്നേഹ ഞങ്ങളുടെ ഇടയിലേക്ക് കടന്നു വന്നത് …
ഞങ്ങളുടെ ക്ലാസ്സിന്റെ ഏകദേശം റൈറ്റ് സൈഡ് ആയിട്ടാണ് അവളുടെ ക്ലാസ്സ് … ഒരു ദിവസം ഞാന്‍ ആ ക്ലാസ്സിലോട്ടു നോക്കിയപ്പോള്‍ അവിടെ നിന്നു കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണ് എന്നെ നോക്കി ചിരിക്കുന്നു …ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ….
തള്ളെ .. എന്നെ കൊണ്ടു ഞാന്‍ തോറ്റു … “നീ ഒടുക്കത്തെ ഗ്ലാമര്‍ആണെടാ പന്നി ” ഞാന്‍ എന്നോടുതന്നെ പറഞ്ഞു …ഉടന്‍ തന്നെ പോക്കറ്റില്‍ ഉണ്ടായിരുന്ന കണ്ണാടിയും ചീര്‍പും പുറത്തെടുത്ത് മുഖവും തലമുടിയും എല്ലാം ഒന്നു സെറ്റപ്പ് ആക്കി, വീണ്ടും അങ്ങോട്ട് നോക്കി …
തള്ളെ അവള്‍ എന്നോട് കൈ പൊക്കി കാണിക്കുന്നു …. ഈശ്വരാ… ഇന്നു കണി കണ്ടവന്‍ ആരായാലും അവന്‍ നന്നയിപ്പോട്ടെ .. ഞാന്‍ മനസ്സില്‍ കരുതി… തിരിച്ചു കൈ പോക്കാനായി തുടങ്ങുപ്പോഴാണ് ഫസ്റ്റ് ലൈനില്‍ നിന്നു ഒരുകൈ പൊങ്ങുന്നതും താഴുന്നതും ഞാന്‍ ശ്രദ്ധിച്ചത്….തോന്നിയതാണോ ? … ഞാന്‍ ഒന്നു കൂടി ശ്രദ്ധിച്ചു നോക്കി …
ഇല്ല തെറ്റിയിട്ടില്ല ….. ഞാന്‍ ഒരു തവണ കൂടി “ശശി” ആയിരിക്കുന്നു… അവള്‍ കൈ കാണിക്കുന്നത് എനനോടല്ല സിനിയോടാണ്….കഴിഞ്ഞ ദിവസം കണ്ട ബാലയിലെ ടയലോഗ് ഞാന്‍ ഏറ്റു ചൊല്ലി “ഈശ്വരാ … എന്നോട്എന്തിനീ ക്രുരത ”
പിന്നെ എന്റെ ആ നോട്ടം കൂടി കൂടി വന്നു, അറിഞ്ഞോ അറിയാതെയോ പലപ്പോഴും ഞങ്ങളുടെ കണ്ണുകള്‍തമ്മില്‍ ഉടക്കി … അങ്ങിനെ ആണ് ഞാന്‍ ഈ കാര്യങ്ങള്‍ എല്ലാം സിനിയോട് പറഞ്ഞതു അവളാണല്ലോ എന്റെ അടുത്ത കൂടുകാരി ..അപ്പൊ പിന്നെ പറയണ്ടേ ..
ഇത്രയുമാണ് എനിക്ക് സ്നേഹയും ആയുള്ള ബന്ധം ….ഈശ്വരാ …അതിനാണ് ഇവന്മാര്‍ ഈ അപവാദങ്ങള്‍എല്ലാം പറയുന്നതു … ഹ്മം…പോട്ടെ … എന്റെ നമ്പറും വരും..
“എന്താണ്ടാ നിനക്കു ക്ലാസ്സില്‍ പോകണ്ടേ ?? തലയില്‍ തട്ടി കൊണ്ടു ഇക്ക ചോദിച്ചു … അപ്പോളാണ് എനിക്ക് പരിസര ബോധമുണ്ടായത് ….
ഇക്ക സമയം എത്രായി ? …. ഞാന്‍ ചോദിച്ചു ..
“ഒരു പീരീഡ് കഴിഞ്ഞിട്ടുണ്ടാവുമെട … മണി ന്റെ ഏഴ് പാട്ടു കഴിഞ്ഞില്ലേ ” ഇക്ക വിശദീകരിച്ചു.
ഡാ നീ പറഞ്ഞില്ലല്ലോ നിന്റെ പെണ്ണെന്താ ഇന്നു കളറില്‍ …. പിറന്നാള്‍ ആണോ ?
“ആ എനിക്കറിയില്ല ..പോയി നിങ്ങടെ ബീവിടെ അടുത്ത് ചോദിക്ക്” .. ഞാന്‍ ദേഷ്യത്തോടെ ക്ലാസ്സിലോട്ടു നടന്നു.
പറയും പോലെ ഇന്നെന്താ അവള്‍ കളറില്‍ ? പിറന്നാളിന് മാത്രമെ ഇവിടെ കളര്‍ പറ്റു അല്ലേല്‍ യുണിഫോം നിര്‍ബന്ധമാണ് … ആ.. എന്തായാലും സിനി അവിടില്ലേ അവളോട് ചോദിക്കാം ഞാന്‍ ക്ലാസ്സിലോട്ടു നടന്നു …
ഭാഗ്യം ക്ലാസ്സില്‍ ടീച്ചര്‍ ആരുമില്ല .. ഞാന്‍ മെല്ലെ നുഴഞ്ഞു കയറി ..സീറ്റില്‍ പോയി ഇരുന്നു ..
“രേന്ച്ചൂ സോറി ഞാന്‍ അറിയാതെ എറിഞ്ഞതാ .. അപ്പോളത്തെ ദേഷ്യത്തിന്” … സിനി കിണൂങ്ങാന്‍ തുടങ്ങി….
ഇതാണ് ഇവളുടെ ഒരു ഗുണം .. എന്തൊക്കെ പരീഷണം ഉണ്ടായാലും പെട്റെമ്മു തീരും … ഒന്നും നാളെക്കായി എടുത്തു വെക്കില്ല …
“എന്തായാലും നല്ല ഏറു ആയിരുന്നു .. ഈ ഏറു ഒളിമ്പിക്സില്‍ ആണേല്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കിട്ടിയേനെ ..” ആ ..പോട്ടെ … പിന്നെ സിനി ഒരു കാര്യം … “നമ്മുടെ ആള് ഇന്നെന്താ കളറില്‍ ” ഞാന്‍ ചോദിച്ചു ….
അയ്യോ സോറി ഞാന്‍ പറയാന്‍ വിട്ടു പോയി .. ഇന്നു അവളുടെ പിറന്നാളാ … സിനി പറഞ്ഞു …
അടുത്ത ചോദ്യം ചോദിക്കുന്നതിനു മുന്നേ സോളിഡ് ഫിസിക്സ് ന്റെ സര്‍ ബുക്കും എടുത്തു ക്ലാസ്സിലോട്ടു വന്നു …
നാശം .. ഇങ്ങോര്‍ക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ? എല്ലാ ദിവസവും കേറി വന്നോളും , ബാക്കിഉള്ളവരുടെ സമാധാനം കളയാന്‍ …
പിന്നെ അവിടെ കണ്ടത് ഒരു യുദ്ധം ആയിരുന്നു … സോളിഡ് ഫിസിക്സ് ഉം ഉറക്കവും തമ്മിലുള്ള യുദ്ധം … പതിവു പോലെ അവസാനം ഉറക്കം തന്നെ ജയിച്ചു … ഞാന്‍ മെല്ലെ കസരയില്ലേക്ക് തല ചായ്ച്ചു..
ക്ലാസ്സില്‍ നിന്നുള്ള ബഹളം കെട്ട് ഞാന്‍ എണീച്ചു … സമയം നോക്കി ഒരു മണി … ഞാന്‍ ചാടി എഴുന്നേറ്റു…
രേന്ച്ചൂ പോയി കൈ കഴുകി വാ … നമുക്കു കഴിക്കാം …സിനി വിളിച്ചു പറഞ്ഞു.
എനിക്ക് കൈ ഒന്നും കഴുകേണ്ട … ഞാന്‍ ടിഫിന്‍ ബോക്സ് ഉം എടുത്തു അവളുടെ സീറ്റിലേക്ക് നീങ്ങി….എന്റെ മനസ്സില്‍ അപ്പോഴും സ്നേഹ ആയിരുന്നു …എങ്ങിനെയാ അവളെ കേറി ഒന്നു മുട്ടുക..
എടാ നീ ഒന്നും കഴിക്കുന്നില്ലേ ..കയ്യില്‍ തട്ടിക്കൊണ്ടു സിനി ചോദിച്ചു …എടാ നീ ഇന്നു സ്നേഹയെ വിഷ് ചെയ്യണം .. അവളുടെ പിറന്നാള്‍ അല്ലേടാ …. എന്റെ മനസ്സു വായിച്ച പോലെ സിനി പറഞ്ഞു …
ഞാനും അത് ആലോചിക്കുകയായിരുന്നു … പക്ഷെ എനിക്ക് പേടിയാ ..ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവും ഇല്ല ..പിന്നെ എങ്ങിന ഞാന്‍ വിഷ് ചെയ്യുന്നേ ….വേണ്ട .. ആകെ നാറ്റക്കേസ് ആവും ഞാന്‍ പറഞ്ഞു.നീ എന്തിനാ പേടിക്കുന്നെ …ഇങ്ങനെ ഒക്കെ അല്ലെ പരിചയപ്പെടുന്നെ .. അവള്‍ക്ക് സന്തോഷമാകും ….
സിനി സപ്പോര്‍ട്ട് നല്കി.ശരി നോക്കാം … ചാന്‍സ് കിട്ടിയാല്‍ ഞാന്‍ വിഷ് ചെയ്യും …അല്ലെങ്കില്‍ ഇല്ല.. ഞാന്‍ പറഞ്ഞു.
കയ്യില്‍ കിട്ടിയ എന്തൊക്കെയോ വാരിവലിച്ചു തിന്നശേഷം ഞാന്‍ കൈ കഴുകി ക്ലാസ്സിലേക്ക് വന്നു ….ഇനി എങ്ങാനും ഒരു ചാന്‍സ് കിട്ടിയാലോ ?
സമയം നീങ്ങികൊണ്ടിരുന്നു .. ഞാന്‍ വച്ചിലോട്ടു നോക്കി ഇനി പത്ത് മിനിറ്റു കൂടിയേ ഉള്ളു ഇന്റെര്‍വെല്‍ …. സ്നേഹയെ ആണേല്‍ കാണുന്നുമില്ല ..നാശം ഇതന്നെ ചാന്‍സും പോയി ….ഞാന്‍ എന്റെ ഫ്രോന്റില്‍ കിടന്ന ചെയറില്‍ ആഞ്ഞു ചവിട്ടി … വലിയൊരു ശബ്ദത്തോടെ അതിന് മുകളില്‍ ഇരുന്ന സിനിയുടെ ബാഗ് താഴെ തെറിച്ചു വീണു … അതില്‍ നിന്നും എന്തൊക്കെയോ ചിന്നി ചിതറി ..
“എടാ ദുഷ്ടാ…” എവിടെ നിന്നോ ആ വൃത്തികെട്ട ശബ്ദം വീണ്ടും അലയടിച്ചെത്ത്തി … അതെ അത് സിനിയാണ് …ഞാന്‍ ചാടി എഴുന്നേറ്റു താഴെ വീണ സാധനങ്ങള്‍ ഒന്നൊന്നായി പെറുക്കാന്‍ തുടങ്ങി ..ഇല്ലെങ്കില്‍ ഇനി അവളുടെ രാമായണം മുഴുവന്‍ കേള്‍കേണ്ടി വരും ..
ഈശ്വരാ പെട്ടു … സിനിയുടെ തലയില്‍ ഇടുന്ന ഒരു റിബ്ബണ്‍ തെറിച്ചു വീണു കിടക്കുന്നത് വെളിയില്‍ ആണ്.. അത് എങ്ങിനെ പോയി എടുക്കും … ആരേലും കണ്ടാല്‍ എന്ത് വിചാരിക്കും …
“എടാ ദുഷ്ടാ…” ഈശ്വരാ …. ഇവള്‍ എന്നേം കൊണ്ടേ പോകൂ…ഞാന്‍ പതുക്കെ വെളിയില്‍ ഇറങ്ങി ആരും കാണാതെ മെല്ലെ തറയില്‍ ഇരുന്നു ആ റിബ്ബണ്‍ എടുത്തു …എന്തോന്ന് ഇതു അവളുടെ തലയേക്കാള്‍ വലിപ്പമുണ്ടല്ലോ ..നാശം നിറയെ മുടിയാണ് അതില്‍ …ഒന്നു അറിയാത്ത പോലെ മെല്ലെ ക്ലാസ്സിലോട്ടു തിരിഞ്ഞു …
അമ്മോ … ദോ നില്കുന്നു സ്നേഹ … അതും എന്റെ തൊട്ടു മുന്നില്‍ … പന്തം കണ്ട പെരുച്ചാഴിയുടെ അവസ്ഥ ആയി എന്റെ … നിന്ന നില്പില്‍ നിന്നു അനങ്ങാന്‍ പറ്റുന്നില്ല, ആകെ ഒരു വിറയല്‍ പോലെ.
ഹായ് … അവള്‍ പറഞ്ഞു .
കയ്യിലുള്ള വൃത്തികെട്ട ഹെയര്‍ റിബ്ബണ്‍ കഴിയാവുന്ന അത്ര മറച്ചു പിടിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു … ഹലോ..
എന്റെ കയ്യിലുള്ള റിബ്ബണ്‍ നോക്കി ചിരിച്ചുകൊണ്ട് അവള്‍ മെല്ലെ നടന്നു …ഉള്ള ധൈര്യം മുഴുവന്‍ സംഭരിച്ച് ഞാന്‍ പിന്നില്‍ നിന്നും വിളിച്ചു …
ഏയ് സ്നേഹ … അവള്‍ തിരിഞ്ഞു നോക്കി …
ഇന്നു പിറന്നാള്‍ ആണല്ലേ ….മെനി മെനി ഹാപ്പി രിടുന്‍സ് ഓഫ് ദി ഡേ … ഒരു തരത്തില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു ….
താങ്കസ് രേന്ച്ചൂ … ഹം … വെറും വിഷ് മാത്രമെ ഉള്ളോ ? ഞാന്‍ വിചാരിച്ചു രണ്ഞു എനിക്ക് എന്തെങ്കിലും തരുമായിരിക്കും എന്ന്
ദൈവമേ .. എന്താണ് ഇതിനൊരു മറുപടി പറയുക …. ജെ സി ബി കണ്ട മുഖ്യമന്ത്രിയെ പ്പോലെ എന്റെ മനസ്സു തുള്ളിച്ചാടി…
നിനക്കു എന്താ വേണ്ടേ … അത് അറിഞ്ഞിട്ടു വാങ്ങിക്കാം എന്ന് കരുതി നീ പറ ….ഞാന്‍ വാങ്ങീട്ടു വരാം ..ഞാന്‍ പറഞ്ഞു
രേന്ചൂനു ഇഷ്ടമുള്ളത് വാങ്ങീട്ടു വാ … ഞാന്‍ ഇവിടെ നില്‍കാം …. അവള്‍ ചിരിച്ചു സത്യമാണോ പറഞ്ഞു.
എനിക്ക് ഒന്നും മനസ്സിലായില്ല … ഇതെന്താ സ്വപ്നമോ … അതോ ഈ കാണുന്നതും കേള്‍ക്കുന്നതും ഒക്കെ സത്യമാണോ ?
എന്തായാലും പെട്ടെന്ന് വാങ്ങി കൊടുത്തേക്കാം … ഇനി സ്വപ്നം ആണേല്‍ എങ്ങാനും തീര്‍ന്നു പോയാലോ … ഞാന്‍ ഇക്കാടെ കടയിലോട്ടു നടന്നു …
ഏയ് രേന്ച്ചൂ ആ റിബ്ബണ്‍ ഇങ്ങു തന്നിട്ട് പോ … പിന്നില്‍ നിന്നും സ്നേഹ വിളിച്ചു പറഞ്ഞു ….
അപ്പോളാണ് എന്റെ കയ്യിലുള്ള ആ നശിച്ച സാധനത്തിനെ കുറിച്ചു ഞാന്‍ ഓര്‍ത്തത് … ഞാന്‍ തിരിച്ച് നടന്നു …
ഇതു പെന്പില്ലെരുടെ റിബ്ബണ്‍ അല്ലെ .. ഇതെന്തിനാ രേന്ച്ചൂന് ? അവള്‍ ചോദിച്ചു …
അയ്യോ … ഇതു സിനി ടെ ആണ് … ക്ലാസ്സിന്ന് കിട്ടിയതാ … ചെറിയ ഒരു ചമ്മലോടെ ഞാന്‍ പറഞ്ഞു …
ഹ്മം മനസ്സിലായി … നടക്കട്ടെ നടക്കട്ടെ … തല കുലുക്കി ചിരിച്ചു കൊണ്ടു അവള്‍ പറഞ്ഞു …
ഈശ്വരാ പുലിവാലായോ … !! ഞാനും സിനി യും തമ്മില്‍ സെറ്റപ്പ് ആണെന്ന് ഇവളെങ്ങാനും വിചാരിക്കുമോ …
അയ്യേ അങ്ങിനൊന്നും ഇല്ല … ഞാനിപ്പം വരാം .. ഞാന്‍ കടയിലോട്ടു ഓടി ……
ആ ഓട്ടം നിന്നത് ഇക്കാടെ കടയില്‍ ആണ്… ഭാഗ്യം .. ആരും ഇല്ല കടയില്‍.
ഇക്ക എനിക്ക് ഗിഫ്റ്റ് കൊടുക്കാന്‍ പറ്റിയ എന്തെങ്കിലും വേണം … ഇന്നു സ്നേഹ ടെ പിറന്നാള്‍ ആണ് …. ഞാന്‍ കിതച്ചു കൊണ്ടു പറഞ്ഞു
ശ്ശെടാ ..ഇവിടെ ഗിഫ്റ്റ് ഐറ്റംസ് ഒന്നും ഇല്ലല്ലോടാ … നീ ഒരു കാര്യം ചെയ്യ് ..ഒരു നല്ല ചോക്ക്ലടു വാങ്ങി കൊടുക്ക് … ഇക്ക പറഞ്ഞു …
“അയ്യേ അത് മോശമല്ലേ .. അവള് വേറെ എന്തെങ്കിലും വിചാരിക്കും … ” ഞാന്‍ എന്റെ അവസ്ഥ തുറന്നു പറഞ്ഞു …
“ഡേയ് ഡേയ് ഇപ്പോളത്തെ പെന്പില്ലെരോക്കെ മോഡേണ്‍ ആണ് … നിന്നെ പോലല്ല ..ഒരു പ്രശ്നവും ഉണ്ടാവില്ല നീ ധൈര്യആയിട്ടു പോയി കൊടുക്ക് ” … ഇക്ക പറഞ്ഞു
“എങ്കില്‍ അങ്ങനെ … ഇക്ക ആ ഡയറി മില്കിന്റെ ഫാമിലി പാക്കറ്റ് താ … അതിന് നൂര് രൂപ അല്ലെ ” ഞാന്‍ ചോദിച്ചു ..
“എന്താണ്ടാ നീയ് പെണ്ണുങ്ങളെ കണ്ടിട്ടില്ലേ ….. ഇന്നാ ഒരു മഞ്ച് … അഞ്ച് രൂപേടെ .. ഇപ്പൊ നീ ഇതു കൊണ്ടു കൊടുക്ക്”
എച്ച്ചിതരം പറയല്ലേ ഇക്ക … അവള്‍ക്ക് ആദ്യം ആയിട്ടാ എന്തെങ്കിലും ഒന്നു കൊടുക്കുന്നെ … ഇതു പറ്റൂല്ല ..ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.
” എടാ ഇന്നു നീ ഒരു ഫാമിലി പായ്ക്ക് കൊടുത്താല്‍ അവള് ചിരിക്കും .. പക്ഷെ ആ ചിരി നാളെ വേണമെങ്കില്‍ രണ്ടു ഫാമിലി പായ്ക്ക് വേണ്ടി വരും …പിന്നെ അത് കൂടി കൂടി വരും .. അതിനുള്ള വകുപ്പ് നെനക്ക് ആയിട്ടില്ല … അതുകൊണ്ട് ഇന്നു നീ ഇതു കൊടുക്ക് …. നെനക്ക് ഇനിയും സമയം ഉണ്ടല്ലോ ..ഫസ്റ്റ് ഇയര്‍ അല്ലെ ആയിട്ടുള്ളൂ … ” ഒരു വയലറ്റ് കളര്‍ ഉള്ള മഞ്ച് നീട്ടികൊണ്ട് ഇക്ക പറഞ്ഞു ….
ഇക്ക പറഞ്ഞതില്‍ എന്തോ ഒരു ലോജിക് ഉണ്ട് എന്ന് എനിക്കും തോന്നി … ഞാന്‍ ആ മഞ്ച് വാങ്ങി ക്ലാസ്സിലോട്ടു നടന്നു …
“മോനേ രേന്ച്ചൂ ഇയ്യ് പൈസ തന്നില്ല .. ” ഇക്ക പിന്നില്‍ നിന്നു വിളിച്ചു..
“നശിപ്പിച്ചു … എന്റെ കാക്ക … നിങ്ങടെ അടുത്ത് ഞാന്‍ ഒരുപാടു തവണ പറഞ്ഞിട്ടില്ലേ .. നല്ല കാര്യത്തിന് ഇറങ്ങുമ്പോള്‍ പിന്നില്‍ നിന്നും വിളിക്കല്ലേ എന്ന് …” ഞാന്‍ കെറുവിച്ചു …
“പിന്നേ … ഈയ്യ് ഓളെ കെട്ടാന്‍ ഒന്നും അല്ലല്ലോ പോണ് … ഒരു മുട്ടായി കൊടുക്കാനല്ലേ .. പോയി അന്റെ പണി നോക്കടാ.. ” ഇക്ക കടയിലേക്ക് കേറിപ്പോയി.
ഞാന്‍ ക്ലാസ്സിലോട്ടു ഓടി ….
സ്നേഹ ക്ലാസ്സിന്റെ ഫ്രോന്റില്‍ തന്നെ നില്പുണ്ട് … വേറെ ആരും ഇല്ല അവിടെ… ഭാഗ്യം
ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു …. ഹലോ .. ഇന്നാ എന്റെ ബര്ത്ഡേ ഗിഫ്റ്റ് … ഞാന്‍ ആ മഞ്ച് അവള്‍ക്ക് നീട്ടി… അവള്‍ ചിരിച്ചു കൊട് അത് വാങ്ങിച്ചു … കുറച്ചു നേരം അതിലോട്ടു തന്നെ നോക്കി … അവളുടെ മുഖഭാവം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു ….
ഈശ്വരാ.. പണി കിട്ടിയോ !! … ഞാന്‍ അപ്പോഴേ ആ മാപ്പിളയോട് പറഞ്ഞതാണ് ഈ ചോക്ലടു പണി ഒന്നും നടക്കില്ല ന്നു …. ഇനി എന്തൊക്കെ ഉണ്ടാവുമോ എന്തോ … മനസ്സില്‍ ഒരുപാടു ചോദ്യങ്ങള്‍ ഉരുണ്ടുകൂടി
രേന്ച്ചൂ എനിക്ക് രേന്ചൂനോട് ഒരു കാര്യം ചോദിക്കാനുണ്ട് … അവള്‍ സീരിയസ് ആയി പറഞ്ഞു …
എന്റെ കൈകള്‍ കുറേശ്ശെ വിറച്ചു തുടങ്ങി … തലയില്‍ നിന്നും വിയര്‍പ്പു നെറ്റിയിലേക്ക് ഒഴുകി എത്തി ….
“എന്താ ചോദിക്ക് …. പരുങ്ങി കൊണ്ടു ഞാന്‍ പറഞ്ഞു ”
“രേന്ച്ചൂ നു എന്നോട് സോഫ്റ്റ് കോര്‍ണര്‍ ആണോ ? ”
ങേ …. എന്ത് …. ?? ഞാന്‍ ചോദിച്ചു …..
സത്യത്തില്‍ എനിക്ക് ഒന്നും മനസ്സിലായില്ല …. എന്താണ് ഈ സോഫ്റ്റ് കോര്‍ണര്‍ … ഒന്നാം ക്ലാസ്സ് മുതല്‍ പ്രീ ഡിഗ്രി വരെ ഞാന്‍ പഠിച്ച ഇംഗ്ലീഷ് ബുക്സ് ലൂടെ എല്ലാം ഞാന്‍ ഊളി ഇട്ടു …പക്ഷെ അവിടെ എങ്ങും ഇങ്ങനെ ഒരു വാക്ക് എനിക്ക് കണ്ടെത്താനായില്ല… പിന്നേ അറിയാവുന്ന ഇംഗ്ലീഷ് വച്ചു അതിന് മീനിംഗ് കൊടുത്താല്‍ അത് മറ്റൊരു ” സാള്‍ട്ട് മാന്ഗോ ട്രീ ” ആകുമോ എന്ന പേടിയില്‍ ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു…അല്ലേലും ഗോവെര്‍മെന്റ്റ് സ്കൂളില്‍ നിന്നും ഇംഗ്ലീഷ് പഠിച്ച നമുക്കൊക്കെ എവിടുന്ന ഇങ്ങനത്തെ വാക്കൊക്കെ അറിയുന്നെ .. ഞാന്‍ സ്വയം സമാധാനിച്ചു …. എന്നാലും ആദ്യം ആയി അവള് ചോദിച്ച കാര്യം മനസ്സിലായില്ലല്ലോ …. എന്റെ മനസ്സില്‍ ചോദ്യ ശരങ്ങള്‍ ഉയര്ന്നു … ഓ നമ്മുക്ക് അത്രയ്ക്കുള്ള വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ളു .. ഞാന്‍ സ്വയം പരിതപിച്ചു …
“രേന്ച്ചൂ നു എന്നോട് സോഫ്റ്റ് കോര്‍ണര്‍ ആണോന്ന് ?? … സിനി പറഞ്ഞല്ലോ ….” അവള്‍ ചോദ്യം ആവര്‍ത്തിച്ചു ….
ഇത്തവണ എനിക്ക് കാര്യം മനസ്സിലായി … വീണ്ടും പണി കിട്ടി ..ഇത്തവണ സിനി ടെ വക … ഞാന്‍ മനസ്സില്‍ ഓര്ത്തു … എന്റെ ഡ്രസ്സ് എല്ലാം വിയര്‍പ്പില്‍ കുതിര്‍ന്നു … കൈകാലുകള്‍ bരേക്ക് ഡാന്‍സ് തുടങ്ങി …. അടുത്തുണ്ടായിരുന്ന ജനല്‍ കമ്പിയില്‍ ഞാന്‍ മുറുക്കി പിടിച്ചു….
എന്താ രേന്ച്ചൂ ഇങ്ങനെ വിയര്‍ക്കുന്നെ …. ഞാന്‍ ചുമ്മാ ചോദിച്ചൂ ന്നെ ഉള്ളു ….
എന്റെ അവസ്ഥ കണ്ടു സഹതാപം കൊണ്ടോ എന്തോ അവള്‍ പറഞ്ഞു … ” ഞാന്‍ പോട്ടെ , പിന്നെ കാണാം ”
” വീണ്ടും കാണാം എന്നോ ..എന്തിന് .. ഇത്രേം പോരെ ” എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു … പക്ഷെ ശബ്ദം പൊങ്ങിയില്ല..
ബൈ ബൈ പറഞ്ഞു കൊണ്ടു അവള്‍ അവളുടെ ക്ലാസ്സിലോട്ടു പോയി. ഞാന്‍ കുറച്ച നേരം കൂടി സ്റ്റില്‍ ആയി നിന്നു , പിന്നെ മെല്ലെ വാഷ് ബേസിന്‍ നു നേരെ നീങ്ങി .. ക്ലാസ്സില്‍ നിന്നു പൊട്ടിച്ചിരികള്‍ ഉയരുന്നത് ഞാന്‍ അറിഞ്ഞു ..അതിന് പിന്നിലെ ആളെയും എനിക്ക് അറിയാമായിരുന്നു … എന്റെ സ്വന്തം കൂടുകാരി ..സിനി….
മുഖമൊക്കെ കഴുകി, ഫ്രഷ് ആയി ഞാന്‍ ക്ലാസ്സിലോട്ടു വന്നു …. അയ്യോ വീണ്ടും പണി കിട്ടി ക്ലാസ്സിനകത്തു അച്ചാമ്മ മാഡം …
ചമ്മല്‍ മറച്ച് വെച്ചു കൊണ്ടു ഞാന്‍ ചോദിച്ചു ..
മാഡം ..മെയ് ഐ കം ഇന്‍ ?
ആ രേന്ച്ചൂ … വന്നോ ? കേറി ഇരിക്ക്
ഞാന്‍ സമാധാനത്തോടെ അകത്തേക്ക് കേറി, സീറ്റിലേക്ക് നീങ്ങി …
രേന്ച്ചൂ .. ഇനിയും മഞ്ച് ബാക്കിയുണ്ടോ ? മാഡം പിന്നില്‍ നിന്നും ചോദിച്ചു … ക്ലാസ്സിന്റെ പല കോണില്‍ നിന്നായി അട്ടഹാസങ്ങള്‍ ഉയര്ന്നു … എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല … ഇവര്‍ എങ്ങിനെ അറിഞ്ഞു ഇതെല്ലം … എന്റെ കാര്യം പോക്കാ … ഞാന്‍ മനസ്സില്‍ കരുതി …. ഞാന്‍ തല ചായ്ച്ച് തളര്‍ന്നു കിടന്നു … ആരൊക്കെയോ ..എന്തൊക്കെയോ കമന്റ്സ് പറയുന്നുണ്ടായിരുന്നു… ബഹളങ്ങള്‍ എല്ലാം അടങ്ങിയപ്പോള്‍ ഞാന്‍ മെല്ലെ തല പൊക്കി നോക്കി, ഇടി വെട്ടിയവന്റെ തലയില്‍ പാമ്പ് കടിച്ച അവസ്ഥയായി എനിക്ക് … ബോര്‍ഡില്‍ വലിയൊരു മഞ്ചിന്റെ പടം ..അതിന്റെ രണ്ടു സൈഡില്‍ ആയി രണ്ടു മനുഷ്യ രൂപങ്ങള്‍ ..പിന്നെ ഒരു അടിക്കുറുപ്പും … “ലവനും … ലവളും .. പിന്നെ മഞ്ചും” !!
വൃത്തികെട്ടവന്മാര്‍ .. വീണു കിട്ടിയ അവസരം ആഘോഷിക്കുകയാണ് …. ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു, തല ചായ്ച്ച് കിടന്നു … മാഡം ക്ലാസ്സില്‍ നിന്നും ഇറങ്ങിയതും ഞാന്‍ ബാഗും എടുത്തു വീട്ടിലോട്ടു പാഞ്ഞു .. വെടികൊണ്ട പന്നിയെപ്പോലെ….
കോളേജ് ലെ “പണി” യുടെ ക്ഷീണം കൊണ്ടോ എന്തോ വീട്ടില്‍ എത്തിയതും ഞാന്‍ ബെഡില്‍ കേറി കിടന്നു … ഉറക്കത്തിലേക്കു ഊളിയിട്ടു.
എടാ എണീറ്റെ …. ദേ സിനിടെ ഫോണ്‍ വന്നിരിക്കുന്നു … ചേച്ചി ചുമലില്‍ തട്ടിക്കൊണ്ടു പറഞ്ഞു. ഞാന്‍ മെല്ലെ എണീച്ചു .. കണ്ണ് തിരുമ്മി കൊണ്ടു ചുമരിലെ ക്ലോക്കിലേക്ക് നോക്കി സമയം എട്ടര. രാത്രിയില്‍ ഈ നേരത്തുള്ള സിനിയുടെ ഫോണ്‍ ഒരു പതിവായിരിക്കുന്നു … എന്നാണാവോ ഇതിന്റെ പേരില്‍ ഇനി വീട്ടില്‍ നിന്നും ഇറക്കി വിടുന്നത് … ഇതു ഇവള്‍ ഒരു ശീലമാക്കിയിരിക്കുകയാണ് … എന്നും കോളേജില്‍ ഓരോരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി ഒടക്കും … പിന്നെ രാത്രി വിളിച്ച സോറി പറച്ചില്‍ ആണ് …. കാരണം അവള്‍ക്ക് അറിയാം ഞാന്‍ വീട്ടില്‍ നിന്നും മര്യദക്കെ സംസാരിക്കു എന്ന് … പോരാത്തതിന് ഒരുപാടു നേരം ഫോണില്‍ സംസാരിച്ചാല്‍ ചേച്ചി തെറി വിളി തൊടങ്ങും … അതുകൊണ്ട് അവള്‍ എന്ത് പറഞ്ഞാലും ഞാന്‍ അത് സമ്മതിച്ചു കൊടുക്കും എന്നിട്ട് ഫോണ്‍ കട്ട് ചെയ്യും…
പ്രതീക്ഷ തെറ്റിയില്ല ..ഫോണ്‍ എടിക്കുന്നതിനു മുന്നേ അവള്‍ സോറി പറച്ചില്‍ ആരംഭിച്ചു… എല്ലാം അവളും സ്നേഹയും പ്ലാന്‍ ചെയ്തത് യെന്ര്‍ഗെ… ഒക്കെ ഞാന്‍ സമ്മതിച്ചു കൊടുത്തു … ഇനി മേലാല്‍ എന്നോട് മിണ്ടാന്‍ വന്നേക്കരുത് …. ഞാന്‍ പറഞ്ഞു ….. പക്ഷെ അവള്‍ നിറുത്തുന്നില്ല …. അവസാനം ഞാന്‍ വീണ്ടും കീഴടങ്ങി … ഒരു കൊമ്ബ്രംയ്സോടെ … നാളെ അവള്‍ സ്നേഹയെം കൂട്ടി എന്റെ സീറ്റില്‍ വരും സോറി പറയാന്‍ …. ഒരുപാടു പരാജയങ്ങള്‍ക്കു ശേഷം കിട്ടിയ ഒരു ചെറിയ വിജയത്തില്‍ എന്റെ മനസ്സു അറുമാതിച്ചു….. ഓസ്ട്രേലിയന്‍ ടൂര്‍ കഴിഞ്ഞു മടങ്ങുന്ന പണ്ടത്തെ ഇന്ത്യന്‍ ടീമിനെ പോലെ….
പതിവു പോലെ ഞാന്‍ രാവിലെ തന്നെ ക്ലാസ്സില്‍ എത്തി .. മനസ്സില്‍ പരിചയമുള്ള ദൈവത്തിന്റെ മുഖങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുത്തു വന്ദിച്ചു …. ദൈവങ്ങളെ .. ഇന്നു പ്രശ്നങ്ങള്‍ ഒന്നു ഉണ്ടാക്കല്ലേ ….
ഏറെ സമയം കഴിയുന്നതിനു മുന്നേ നായികമാര്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചക്കായി എത്തി ….. പത്തു മിനിറ്റ് കൊണ്ടു ഞങ്ങള്‍ എല്ലാം പറഞ്ഞു കോമ്പ്രമൈസ് ആക്കി….ചിരിയും കളിയും ഒക്കെ ആയി ദിവസങ്ങള്‍ കടന്നു പോയ്കൊണ്ടിരുന്നു … എന്റെയും സ്നേഹയുടെയും “ഹായ് – ബൈ ” വിളികള്‍ കൂടി കൂടി വന്നു …. ചിരികള്‍ സല്ലാപങ്ങളിലേക്ക് വഴിമാറി … ചുരുക്കി പറഞ്ഞാല്‍ ഞാന്‍ ഒരു വടക്കുനോക്കിയന്ത്രമായി മാറി. ഇതിനിടയില്‍ എപ്പോഴൊക്കെയോ സിനി എന്നോട് പറഞ്ഞുകൊടെയിരുന്നൂ … “എടാ വേണ്ടാ … നീ വടി കൊടുത്തു അടി വാങ്ങിക്കുയാണ് ..” എന്ന് …. പക്ഷെ വടക്കുനോക്കിയത്രത്തിനു വടക്കൊട്ടല്ലേ നോക്കാന്‍ പറ്റൂ… അത് വീണ്ടും വടക്കൊട്ടുതന്നെ നോക്കിക്കൊണ്ടിരുന്നു …. അതൊരു തെറ്റാണോ ?
കാലചക്രം ഒത്തിരി തിരിഞ്ഞു …. മഴക്കാലം മാറി, മഞ്ഞുകാലം വന്നു … ക്ലാസ്സിന്റെ ആര്പ്പുവിളികല്‍ക് വിരാമമിട്ടുകൊണ്ട് സെമസ്റ്റര്‍ പരീക്ഷയുടെ തിയതി നോട്ടീസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടു. പരീക്ഷയെക്കാള്‍ ഒരു പരീക്ഷണമായിരുന്നു എനിക്കത്… എനിക്ക് ആകെ അറിയവുണ്ണ്‍ രണ്ടു സബ്ഞെച്റ്സെ ഉണ്ടായിരുന്നുള്ളു… പൂജ്യവും ഒന്നും മാത്രമുള്ള ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ഉം ട്രന്സിസ്റൊരിന്റെ കഥ പറയുന്ന ബേസിക് ഇലക്ട്രോണിക്സ് ഉം. ബാക്കി എല്ലാം എനിക്ക് ഒരുപോലെ ആയിരുന്നു … അതിനെ ഒക്കെ എങ്ങിനെ മെരുക്കി എടുക്കും എന്നറിയാതെ ഞാന്‍ കുടുങ്ങി … അവസാനം സിനി യുടെ അടുത്ത് തന്നെ അഭയം കൂടി …
“നീ പോയി സ്നേഹ ടെ അടുത്ത് ചോദിക്കെടാ ..അവളല്ലേ നിന്റെ കൂട്ട് ….” അവള്‍ മുഖത്തടിച്ച പോലെ ചോദിച്ചു ….അവളെ പറഞ്ഞിട്ടും കാര്യമില്ല … പെണ്ണിന്റെ സ്വഭാവം കാണിക്കണ്ടേ … ഞാന്‍ മനസ്സില്‍ ഓര്ത്തു….
പരീക്ഷ അടുക്കും തോറും സ്നേഹയുടെ ചിരിയുടെ നീളം കൂടി കൊട്ണ്ടിരുന്നു …. ഒരു ദിവസം എന്റെ സീറിലേക്ക് ഓടി വന്നു .. ഒരു ബുക്ക് ഉം എടുത്ത് …
രേന്ച്ചൂ ഈ പ്രോബ്ലം ഒന്നു പറഞ്ഞു തരുമോ .. അവള്‍ ചോദിച്ചു…
ഓ ഭാഗ്യം … എനിക്ക് അറിയാവുന്ന ഒന്നാണ് അവളുടെ ചോദ്യം … എനിക്ക് അറിയാവുന്ന രീതിയില്‍ വളരെ നന്നായി തന്നെ ഞാന്‍ എക്ഷ്പ്ലൈന് ചെയ്തു കൊടുത്തു …. പറയാന്‍ പറ്റില്ല, ഈ ലവ് ഒക്കെ തൊടങ്ങാന്‍ ഇത്ര ഒക്കെ വേണ്ടൂ… എത്രയോ സിനിമ യില്‍ ഞാന്‍ കണ്ടിട്ടുണ്ട് ..
എന്തെങ്കിലും doubts ഉണ്ടേല്‍ പറഞ്ഞ മതി .. ഞാന്‍ നോക്കാം…. ഞാന്‍ വലിയ ഗമയില്‍ പറഞ്ഞു…
താങ്ക്സ് രേന്ച്ചൂ … ഞാന്‍ നാളെ വരാട്ടോ… ഒരു നീളം കൂടിയ ചിരി സമ്മാനിച്ച് ശേഷം അവള്‍ അവളുടെ ക്ലാസ്സിലോട്ടു ഓടി …
ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കില്‍ അത്യാവശ്യം ഇലക്ട്രോണിക്സ് ഒക്കെ അറിഞ്ഞിരിക്കണം എന്നാണ് ഈ കോളേജില്‍ ചേരാന്‍ വന്ന ദിവസം പ്രിന്‍സിപ്പല്‍ സര്‍ പറഞ്ഞതു …. അത് സത്യമായതോര്‍ത്തു ഞാന്‍ സന്തോഷിച്ചു …. അങ്ങോരെ ദൈവം രക്ഷിക്കട്ടെ..
ആ ദിവസം അങ്ങിനെ കഴഞ്ഞു ….
പിറ്റേന്നും വാക്ക് തെറ്റിക്കാതെ അവള്‍ എന്റെ സീറ്റ് അരികില്‍ എത്തി … പക്ഷെ ഇത്തവണ ബുക്സ് എണ്ണം കൂടുതല്‍ ആയിരുന്നു… പ്രോബ്ലാതിന്റെ നീളവും …
“ഇതു സോള്‍വ് ചെയ്യാന്‍ ഒരുപാടു നേരം എടുക്കും ” ഞാന്‍ പറഞ്ഞു…
“അത് കുഴപ്പമില്ല രേന്ച്ചൂ മെല്ലെ ചെയ്താല്‍ മതി ” അവള്‍ സിനിയുടെ സീറ്റില്‍ കേറി ഇരുന്നു …
“അയ്യോ അതല്ല … അച്ചാമ്മ മാഡം വരും അതാ … ” ഞാന്‍ പറഞ്ഞു.
എങ്കില്‍ വാ നമുക്കു പുറത്തു പോയി ഇരിക്കാം … ഉച്ചക്ക് ശേഷം ക്ലാസ്സില്‍ കേറണ്ട …. അവള്‍ പറഞ്ഞു.
തള്ളെ എന്താണ് ഇവള്‍ പറയുന്നേ … ക്ലാസ്സ് കട്ട് ചെയ്തു ഇവള്‍ എന്റെ കൂടെ മാവിന്‍ചോട്ടില്‍ വരുമെന്നോ !! … എന്റെ മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടി … പ്രേം നസീറിന്റെ കാലം മുതലുള്ള മരം ചുറ്റി ഗാനങ്ങള്‍ എന്റെ മനസ്സിലൂടെ ഓടി മറഞ്ഞു. അപ്പോളാണ് ഉച്ചക്ക് ശേഷം ഉള്ള പിരിഡില്‍, അച്ചാമ്മ മാഡം ഇമ്പോര്ടന്റ്റ് ചോദ്യങ്ങള്‍ പറഞ്ഞു തരാം എന്ന് പറഞ്ഞ കാര്യം ഞാന്‍ ഓര്‍ത്തത്. അതോടെ എന്റെ മൂഡ് മുഴുവന്‍ പോയി… പണ്ടു ആരോ പറഞ്ഞ പോലെ “ഐസ് ഉള്ളപ്പോള്‍ പൈസ ഉണ്ടാവില്ല ..പൈസ ഉള്ളപ്പോള്‍ ഐസ് ഉണ്ടാവില്ല ..ഐസ് ഉം പൈസ യും ഉള്ളപ്പോള്‍ സ്കൂള്‍ ഉം ഉണ്ടാവില്ല ” എന്ന ബനാന ടോക്ക് എന്റെ മനസ്സില്‍ ഓടി വന്നു.
“അയ്യോ ഇന്നു പറ്റില്ല … ഉച്ചക്ക് ശേഷം question papers ഷെയര്‍ ചെയ്യാം അന്ന് അച്ചാമ്മ പറഞ്ഞിട്ടുണ്ട് .. നമുക്കു നാളെ നോക്കാം ” ഞാന്‍ സ്നേഹയോട് പറഞ്ഞു.
“അയ്യോ രേന്ച്ചൂ … അത് പറ്റില്ല …ഞാന്‍ പരീക്ഷയില്‍ തോല്കും രേന്ച്ചൂ … പ്ലീസ് .. ഞാന്‍ ആദ്യമായല്ലേ രേന്ചൂനോട് ഒരു കാര്യം ചോദിക്കുന്നെ….. വാ പോകാം ” അവളെന്റെ കയ്യില്‍ പിടിച്ചു വലിച്ചു…
“അയ്യേ കയ്യില്‍ നിന്നും വിട്ടേ … ഞാന്‍ വരാം..ഞാന്‍ വരാം …” ഞാന്‍ പരിഭ്രമത്തോടെ പറഞ്ഞു.
ഇങ്ങിനെ ഒരു നീക്കം ഞാന്‍ അവളില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല… ഞാന്‍ ചുറ്റും നോക്കി ..ഭാഗ്യം …ആരും കണ്ടിട്ടില്ല … ഞാന്‍ സമാധാനിച്ചു.
വാ രേന്ച്ചൂ …. അവള്‍ കെഞ്ചി.
കേട്ട പാതി കേള്‍കാത്ത പാതി ഞാന്‍ ചാടി എഴുന്നേറ്റു , വെളിയിലോട്ട് നടന്നു, ഇല്ലേല്‍ അവളെന്റെ മാനം കളയും .. അത് എനിക്ക് ഉറപ്പായിരുന്നു …
നല്ല ഒരു ഇന്നിങ്ങ്സ് കളിക്കാം എന്ന് കരുതി ക്രീസിലോട്ടു ഇറങ്ങിയ എനിക്ക് കിട്ടിയത് … നല്ല ലൈനും ലെങ്ങ്തും ഉള്ള ബോളുകള്‍ ആയിരുന്നു…സിക്സര്‍ പോയിട്ട് ഒരു സിംഗിള്‍ പോലും എടുക്കാതെ ആദിവസം തീര്ന്നു …
പക്ഷെ പോകുന്നതിനു മുന്നേ അവള്‍ പറഞ്ഞു … ഞാന്‍ നാളെയും വരും രേന്ച്ചൂ …. ഇല്ലേല്‍ ഞാന്‍ പരീക്ഷേല്‍ പൊട്ടും …അതോണ്ടാ !!
അവളുടെ “നാളെകള്‍” നീണ്ടു നീണ്ടു പോയി …. അച്ചാമ്മയുടെ അടക്കം എല്ലാ question papers ഉം എനിക്ക് മിസ്സ് ആയി. പക്ഷെ അവളുടെ doubts കൂടിക്കൂടി വന്നു കൊണ്ടിരുന്നു … ഞങ്ങളുടെ മാവിന്ച്ച്വട്ടിലെ ഇരിപ്പ് കോളേജില്‍ ഫേമസ് ആയതോടെ അത് ഞങ്ങള്‍ ഇക്ക ടെ കടയിലോട്ടു മാറ്റി … ഇലക്ട്രോണിക്സ് ഉം കടന്നു കമ്പ്യൂട്ടര്‍ സയന്സ് ലേക്ക് എന്റെ ലെക്ചെരുകള്‍ നീണ്ടു പോയി. അങ്ങിനെ അവസാനം സ്റ്റഡി ലീവ് നു തൊട്ടു മുന്നിലെ ദിവസം എത്തി. ഞാന്‍ തീരുമാനിച്ചുറച്ചു … ” ഇന്നു ഞാന്‍ എല്ലാം തുറന്നു പറയും ”
“വാ രേന്ച്ചൂ പോകാം ” അവള്‍ ക്ലാസ്സില്‍ വന്നു വിളിച്ചു .. അതോടെ ക്ലാസ്സില്‍ നിന്നു കമന്റ്സ് ഉയര്ന്നു തുടങ്ങി…അതോനോന്നും പിടി കൊടുക്കാതെ ഞങ്ങള്‍ വേഗത്തില്‍ പുറത്തിറങ്ങി ഇക്കാടെ കടയിലോട്ടു നടന്നു… അവളോട് എങ്ങിനെ കാര്യങ്ങള്‍ അവതരിപ്പിക്കും എന്ന ടെന്‍ഷന്‍ ആയിരുന്നു മനസ്സില്‍ മുഴുവന്‍ …
ഇക്കാടെ കടയിലെ പാട്ടു ഉയര്ന്നു കേള്‍ക്കാം …. “പൊട്ടുണൂ പൊട്ടുണൂ എന്‍ മനം പൊട്ടുണൂ …പൂള മരത്തിന്റെ കായ പോലെ ” മണി ആസ്വദിച്ചു പാടുന്നുണ്ട് … തള്ളെ എന്റെ കാര്യം ഇന്ഗോരെങ്ങനെ അറിഞ്ഞൂ … ഞാന്‍ അദ്ഭുതപ്പെട്ടു.
കടയില്‍ കേറിയതും അവിടെ ചില്ല് അലമാരയില്‍ വച്ചിരുന്ന രണ്ടു പഴം പൊരി ഞാന്‍ എടുത്തു. ഒന്നു അവള്‍ക്ക് കൊടുത്തു …
“ഇക്കാ, വിരലിടാത്ത രണ്ടു ചായ ….” ഞാന്‍ ഓര്‍ഡര്‍ കൊടുത്തു.
ഇവിടെ ഇങ്ങനെ വേണം ഓര്‍ഡര്‍ ചെയ്യാന്‍, അല്ലെങ്കില്‍ ചായ തരുമ്പോള്‍ ഇക്കാടെ വിരലിന്റെ പകുതി ആ ചായ ഗ്ലാസ്സിനു അകത്ത്തായിരിക്കും…
ഞാന്‍ സാവധാനം കാര്യം അവതരിപ്പിക്കാനുള്ള തയ്യാറെടുത്തു.
ദൈവമേ … പെട്ടോ ? … ദോ വരുന്നു ഒരു പൂമ്പാറ്റ ….
ഇന്നലെ ഇതു പോലെ വന്ന ഒരു തുമ്പി ആണ് എനിക്ക് പാര ആയതു …തുമ്പിയുടെ ഉല്പത്തി മുതല്‍ അതിന്റെ ആത്മാവ് സ്വര്‍ഗത്തില്‍ പോകുന്ന വരെ ഉള്ള കാര്യങ്ങളാണ് അവള്‍ ഇന്നലെ എന്നോട് പറഞ്ഞു തീര്‍ത്തത് , അപ്പോലെക്ക് സമയം നാലര ആയിരുന്നു .. അതോടെ ഇന്നലത്തെ ദിവസവും പൂട്ടികെട്ടി.
“പോ പാറ്റെ …. ” ആ ജീവി അവളുടെ കണ്ണില്‍ പെടുന്നതിനു മുന്നേ, അതിനെ ആട്ടി ഓടിക്കുവാന്‍ ഞാന്‍ ഒരു ശ്രമം നടത്തി… പക്ഷെ അനുസരണ ശീലം ഇല്ലതതിനാലോ … അതിന് മലയാളം മനസ്സിലവതിനാലോ എന്തോ അത് പോയില്ല .. പകരം ആ പൂമ്പാറ്റ ഞങ്ങള്‍ക്കിടയിലൂടെ പറന്നു കളിച്ചു.
” ദേ രേന്ച്ചൂ .. ഒരു പൂമ്പാറ്റ … ” ജുറാസിക് പാര്‍ക്കിലെ ദിനോസറിനെ ജീവനോടെ കണ്ടപോലെ അവള്‍ അലറിവിളിച്ചു ….
നാശം .. ഇതിന്റെ നാട്ടില്‍ പാട്ടം പൂച്ചേം ഒന്നും ഇല്ലേ ഞാന്‍ മനസ്സില്‍ ഓര്ത്തു …
എന്റെ പ്രതീക്ഷ തെറ്റിയില്ല ….
” ഞാന്‍ ഒരു പൂമ്പാറ്റ ആയിരുന്നേല്‍ എന്ത് രസമായിരുന്നേനെ … അല്ലെ രേന്ച്ചൂ ” അവള്‍ പറഞ്ഞു തുടങ്ങി.
എങ്കില്‍ ഞാന്‍ രക്ഷപ്പെട്ടേനെ .. കാരണം പൂമ്പാറ്റ പഴം പൊരിയും ചായയും കഴിക്കില്ലല്ലോ … എടി വൃതികെട്ടവളെ ഇതു നാലാം ദിവസമാണ് നീ എന്റെ പൈസോണ്ട് ഒസീനടിക്കുന്നു… ഞാന്‍ മനസ്സില്‍ പറഞ്ഞു.
അവള്‍ തുടരുകയാണ് ….. “പഠിക്കണ്ട … കോളേജില്‍ വരണ്ട … എന്ത് രസമായിരിക്കും അല്ലെ “. എന്താ രേന്ച്ചൂ ഒന്നും മിണ്ടാതെ … അവള്‍ ചോദിച്ചു.
ആ ശരിയാ …. ഞാന്‍ തല ആട്ടി … ഇവള്‍ കാരണം എനിക്ക് പൂമ്പാറ്റ യോടുള്ള ഇഷ്ടം കൂടി പോകുമോ എന്നായിരുന്നു എന്റെ പേടി.
“സ്നേഹയെ അച്ചാമ്മ മാഡം വിളിക്കുന്നു ” അവളുടെ ക്ലാസ്സിലെ മനോജ് ഓടി വന്നു പറഞ്ഞു ….
“അയ്യോ ഞാന്‍ അത് മറന്നു .. മാഡം എനിക്ക് questions തരാം എന്ന് പറഞ്ഞിട്ടുണ്ട് … ഞാന്‍ പോട്ടെ രേന്ച്ചൂ … ഇനി പരീക്ഷ കഴിഞ്ഞിട്ട് കാണാം ” … എന്റെ മറുപടി പോലും കാക്കാതെ അവള്‍ ഓടി മറഞ്ഞു.
ദിവസങ്ങള്‍ കഴിഞ്ഞു … പരീക്ഷകള്‍ എന്നെ പരീക്ഷിച്ചു കൊണ്ടു കടന്നു പോയി …. ഞാന്‍ ആയുധം വച്ചു കീഴടങ്ങിയതിനാല്‍ കാര്യമായ ചെറുത് നില്പോന്നും ഉണ്ടായില്ല …
സ്നേഹയുടെ വിളികളും കൂടിക്കാഴ്ചകളും കുറഞ്ഞു കുറഞ്ഞു വന്നു …. പരിചയം “ഹായ് .. ബൈ ” വിളികളിലേക്ക് ഒതുങ്ങി.
ഞാന്‍ കാരണം അവള്‍ തോല്കാതെ രക്ഷപെടുമല്ലോ … എനിക്ക് അത് മതി ഞാന്‍ സ്വയം സമാധാനിച്ചു…
സ്നേഹ അവളുടെ ക്ലാസ്സിലെ സൂരജിന്റെ കൂടെ ഇടക്കിടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി … ഞങ്ങളുടെ ബാച്ച് ലെ സാംബാര്‍ പട്ടര്‍ ആയിരുന്നു പാലക്കാട്ടുകാരന്‍ സൂരജ് … കണക്കിലെ പുലി …
സിനിയും ഞാനും വീണ്ടും ഞങ്ങളുടെ ലോകത്തിലേക്ക് മടങ്ങി … ഒരിക്കല്‍ ഞാന്‍ സിനിയോടു ചോദിച്ചു… സ്നേഹ ക്ക് സൂരജിനെ ഇഷ്ടമാണോ ?
“ഈ സെമെസ്റെരിലെ മാത്ത്സ് ടഫ് ആണത്രെ …” അവള്‍ ചിരിച്ച കൊണ്ടു മറുപടി പറഞ്ഞു … മറ്റൊരു “ശശി” യുടെ ജനനം ഓര്ത്തു ഞാനും ചിരിച്ചു …
ഒരു ചെറിയ ഉച്ച മയക്കത്തില്‍ ആയിരുന്നു ഞാന്‍ …. ഓഫീസ് റൂമിലെ കനത്ത ബഹളം .. എന്റെ ഉറക്കം മുടക്കി … ഞാന്‍ ജനലിലൂടെ തലയിട്ടു പുറത്തേക്ക് നോക്കി …. എല്ലാരും നോട്ടീസ് ബോര്‍ഡിലേക്ക് നോക്കി നില്കുന്നു ….
തള്ളെ .. റിസള്‍ട്ട് എങ്ങാനും വന്നോ … തുടരും ഉറക്ക ചടവ് പമ്പ കടന്നു … ഞാന്‍ നോട്ടീസ് ബോര്‍ഡ് നു അരികിലേക്ക് ഓടി.
അതെ … റിസള്‍ട്ട് വന്നിരിക്കുന്നു … ഇതവന്‍ രജിസ്റ്റര്‍ നമ്പര്‍ അല്ല ..പേരാണു എഴുതിയിരിക്കുന്നവരുടെ …
വൃത്തികെട്ടവന്മാര്‍ … നമ്പര്‍ ഇടുകയണേല്‍ ഒറ്റ നമ്പറിനു ആണ് പോയത് എന്ന് കരുതിയെങ്കിലും സമാധാനിക്കാമായിരുന്നു … ഞാന്‍ ഓര്ത്തു
ഞാന്‍ ലിസ്റ്റില്‍ എന്റെ പേരിനായി പരതി … അവസാനം കണ്ടു പിടിച്ചു … രണ്ടു പച്ചയും .. മൂന്നു ചോപ്പും …. എന്ന് വച്ചാല്‍ ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ഉം ബേസിക് ഇലക്ട്രോണിക്സ് ഉം പാസ് ആയി .. ബാക്കിയുള്ളത് ഗോവിന്ദാ ….
ഈശ്വരാ സ്നേഹയുടെ പേരു ലിസ്റ്റില്‍ ഇല്ലല്ലോ …. ഞാന്‍ ലിസ്റ്റില്‍ തലങ്ങും വിലങ്ങും നോക്കി .. ഇല്ല … സ്നേഹ എന്ന പേരെ ആ ലിസ്റ്റില്‍ ഇല്ല …
ദൈവമേ ആ കൊച്ചെങ്ങാനും തോല്കുമോ …. ഞാന്‍ അവളെ കുറിച്ചു വിചാരിച്ചതെല്ലാം തെറ്റാണല്ലോ ഈശ്വരാ… അവള്‍ക്ക് സത്യമായിട്ടും ഒന്നുമ അറിഞ്ഞു കൂടായിരുന്നോ …. എന്റെ മനസ്സിന്റെ കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്ന്നു … എന്റെ കണ്ണുകള്‍ കുറേശ്ശെ നനഞ്ഞു തുടങ്ങി …കുറ്റബോധത്തോടെ ഞാന്‍ മെല്ലെ തിരിഞ്ഞു നടന്നു ….
ഏയ് ഞാന്‍ ബോര്‍ഡില്‍ സ്നേഹ എന്ന് കണ്ടുവോ .. എനിക്ക് സംശയം തോന്നി … ഞാന്‍ തിരിഞ്ഞു നോക്കി … അപ്പോളാണ് നോട്ടീസ് ബോര്‍ഡില്‍ പേരെഴുതിയ ലിസ്റ്റ് മുകളിലെ മറ്റൊരു നോട്ടീസ് എന്റെ ശ്രദ്ധയില്‍ പെട്ടത് …
ചങ്ങിടിപ്പോടെ … വിറയുന്ന മനസ്സോടെ ഞാന്‍ ആ നോട്ടീസ് വീണ്ടും വീണ്ടും വായിച്ചു ….
Heartly Congratulations to Sneha Gopinath of Computer Engineering Branch for securing FIRST RANK in University ……………
സന്തോഷം കൊണ്ടോ … സങ്കടം കൊണ്ടോ … എന്റെ കണ്ണില്‍ നിന്നുള്ള നീര്‍ച്ചാലുകള്‍ ശക്തിപ്പെട്ടു കൊണ്ടിരുന്നു …
വാ രേന്ച്ചൂ പോകാം …. എടാ ഇതു ഫസ്റ്റ് ഇയര്‍ അല്ലെ ആയുള്ളൂ …. നമുക്കു എഴുതി എടുക്കമെടാ .. തോളത്തു കൈ വച്ചു കൊണ്ടു സിനി പറഞ്ഞു. ഞാന്‍ അവളുടെ കൂടെ മെല്ലെ മെല്ലെ നടന്നു … ക്ലാസ്സിലോട്ട്…
എന്റെ കണക്കു കൂട്ടലുകള്‍ ആകെ പിഴച്ചെങ്കിലും … ഇക്കാക്കും മണിക്കും ഇത്തവണയും തെറ്റിയില്ല… എന്റെ മനസ്സിലെ മുറിവിന്റെ വേദന മാറ്റാന്‍ എന്നവണ്ണം ആ പാട്ടു അവിടെ ഒഴുകിയെത്തി ….
” ചാലക്കുടി ചന്തക്കു പോകുമ്പോള്‍ ചന്ദന ചോപ്പുള്ള …. മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍ …
……………………………………………………………………………………………………………………..
…………………………………………………………………………………………………………………….
ചന്ദന ചോപ്പുള്ള പെണ്ണ് ചതിക്കണ കാര്യം നേരാണേ … “