• വീഴ്ചകളുടെ ആരംഭം…

    Written on 2009.10.24 | Category: ചെറുകഥകള്‍ | Author: Meenukkutty

    ‘നിറം’ എന്ന സിനിമയിലെ ജോമോളുടെ കഥാപാത്രത്തെ എല്ലാവര്‍ക്കും ഓര്‍മ കാണും…കോളേജില്‍ പഠിക്കുന്ന കാലത്തു ഞാനും ഒരു കുട്ടിജോമോള്‍ ആയിരുന്നു…അത്രക്കൊന്നും വീണിട്ടില്ലെങ്കിലും കിട്ടിയ അവസരങ്ങളൊന്നും ഞാന്‍ അധികം പാഴാക്കിയിട്ടില്ല…ഈ ‘കോളേജില്‍ പഠിക്കുന്ന കാലത്ത്’ എന്നൊക്കെ പറയുന്നതു കേള്‍ക്കുമ്പോള്‍ എനിക്ക് ഒത്തിരി പ്രായമായി എന്നൊന്നും വിചാരിക്കല്ലേ… ഓരോ വീഴ്ചക്ക് ശേഷവും എനിക്ക് ഓരോ പുതിയ പേരുകള്‍ കിട്ടുമായിരുന്നു…

    വീഴ്ച ഫ്രം കസേര :-
    ഈ കഥ നടക്കുന്നത് ഞാന്‍ മൂന്നാം സെമസ്റ്ററില്‍ പഠിക്കുന്ന സമയത്താണ്…ആവശ്യത്തിനു ക്ലാസ്സ്മുറികള്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ ഓരോ അവറും പുതിയ ക്ലാസ്സ്റൂമുകള്‍ തേടി നടക്കുന്ന കാലം…അങ്ങനെ ക്ലാസ്സ്റൂം വേട്ടക്കിടെ ഞങ്ങള്‍ ഒരു ഒഴിഞ്ഞ മുറി കണ്ടുപിടിച്ചു…ആളൊഴിഞ്ഞ ക്ലാസ്സ്മുറി എന്നൊക്കെ കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കാന്‍ ഉള്ള ഒരു പ്രവണത കാണും…പക്ഷെ ഇവിടെ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ ഊന്നിയൂന്നി പറയുകയാണ്…ഒരു പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു…മരുന്നിനു പോലും ഒരു കസേര ഉണ്ടായിരുന്നില്ല ….ഇവിടെയാണ് നമ്മുടെ കഥാനായകന്‍ കസേര രംഗപ്രവേശം ചെയ്യുന്നത്…

    കസേര ഇല്ലാത്തതിനാല്‍ ക്ലാസ്സ് ഉണ്ടാകില്ല എന്ന പ്രതീക്ഷയില്‍ എല്ലാരും പുറത്തു ചളൂസ് അടിച്ചോണ്ട് നില്‍പ്പാണ്…കാല് വേദനിച്ചിട്ടു നില്ക്കാന്‍ പറ്റാതായപ്പോള്‍ ഞാന്‍ ഒരു കസേര തപ്പിയിറങ്ങി…(ഞാന്‍ ഒരു പഠിപ്പിസ്റ്റ്‌ ആയതോണ്ട് കസേര നോക്കി ഇറങ്ങിയതാണെന്ന് ചില അസൂയാലുക്കള്‍ പറഞ്ഞു പരത്തുമായിരിക്കും …അതൊന്നും വിശ്വസിക്കരുത്)…അങ്ങനെ നോക്കുമ്പോള്‍ ദാണ്ടേ കിടക്കുന്നു വേറൊരു റൂമിന്‍റെ പുറത്തു കുറെ കസേരകള്‍…കിട്ടിപ്പോയി എന്നുറക്കെ പറഞ്ഞുകൊണ്ട് കുറച്ചൊരു ഗമയോടെ ഞാന്‍ കസേരകള്‍ക്ക് നേരെ നീങ്ങി…പൊക്കാന്‍ നോക്കിയപ്പോഴല്ലേ സംഗതിയുടെ ഒരു കിടപ്പ് മനസ്സിലാകുന്നത്‌…കാര്യം എന്താണെന്ന് ചോദിച്ചാല്‍,പൊക്കാന്‍ പറ്റില്ല അത്രതന്നെ…നല്ല ഇരുമ്പ് കസേരകള്‍ ആണ്… അത് പൊക്കാന്‍ ഈ സ്റ്റാമിന പോരാ…പിന്നെ,ബാക്കിയുള്ളവരെ വെല്ലുവിളിച്ചു ഒറ്റയ്ക്ക് കസേര പൊക്കാന്‍ പോന്നത് കൊണ്ടു എടുക്കാതിരിക്കാനും വയ്യ…അങ്ങനെ ഞരങ്ങിയും മൂളിയും എങ്ങനെയോ കസേര പൊക്കി നടന്ന് ഒരുവിധത്തില്‍ റൂമില്‍ എത്തിച്ചു…അതെ,നമ്മുടെ ആളൊഴിഞ്ഞ ക്ലാസ്സ് റൂമില്‍തന്നെ…

    നടു നിവര്‍ത്തി ആശ്വസിച്ചു അതില്‍ ഒന്നു ഇരിക്കാന്‍ തുടങ്ങുമ്പോള്‍ ,അതാ ഒരുത്തന്‍ സര്‍വസന്നദ്ധനായി അടുത്ത് വന്നു നില്‍പ്പാണ്..”താങ്ക്സ്,ഇത്രേം ബുദ്ധിമുട്ടെണ്ടായിരുന്നു”…കസേരയില്‍ കയറി ഇരിക്കാനുള്ള പുറപ്പാടാണ്…ഞാനുണ്ടോ സമ്മതിക്കുന്നു?…കസേര ആര്‍ക്കും വിട്ടുകൊടുക്കാതെ ഞാന്‍ വേഗം അതില്‍ക്കയറി ഇരുന്നു…പിന്നെ സംഭവിച്ചതെല്ലാം വളരെ പെട്ടെന്നായിരുന്നു…മറ്റുള്ളവര്‍ നോക്കുമ്പോള്‍ ഞാന്‍ കസേരയില്‍ത്തന്നെ ഉണ്ട്…പക്ഷെ കസേര നിലത്താണെന്ന് മാത്രം…കാലൊടിഞ്ഞ കസേരകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്തുനിന്നാണ് ഞാന്‍ ഒരെണ്ണം കഷ്ടപ്പെട്ട് പൊക്കിക്കൊണ്ട് വന്നതെന്ന് വളരെ വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്‌…:(

    അത്രേം നേരം ഒരു പണിയുമില്ലാതെ പുറത്തു വായിനോക്കി നിന്ന എല്ലാ അവന്മാരും(ലാബില്‍ കയറാന്‍ കോട്ടുമിട്ട് നിന്ന സീനിയേര്‍സ് അടക്കം),പെട്ടെന്ന് തന്നെ ഈ കോമഡി കാണാന്‍ ജനലിനു പുറത്തു തടിച്ചു കൂടി…പുറത്തു നിന്നുള്ളവരെ വിളിച്ചോണ്ട് വന്നു എന്‍റെ ദുരവസ്ഥ കാണിച്ചോ എന്ന് വരെ എനിക്ക് ബലമായ സംശയം ഉണ്ട്…കാരണം ഞാന്‍ ഇതുവരെ കാണാത്ത പല മുഖങ്ങളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു…ആര്‍ത്തട്ടഹസിച്ചു ചിരിക്കുന്നതിനിടയില്‍ എന്നെ പിടിചെഴുന്നെല്‍പ്പിക്കാന്‍ ആരും മിനക്കെടാതിരുന്നത് കൊണ്ടു രണ്ടു മിനിറ്റു കൂടി ഞാന്‍ ആ കിടപ്പ് തുടര്‍ന്നു…നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ടും നമ്മുടെ കസേരയെ ദയനീയമായി നോക്കിക്കൊണ്ടും…അതോടെ എനിക്കൊരു പേരു വീണു…ചെയര്‍പേഴ്സണ്‍…(കടപ്പാട് : എല്‍ദോ ജോസഫ്‌)…

    Written By : Meenukkutty