• അറിയാതെ പോയ സൌന്ദര്യം…

  Written on 2009.12.13 | Category: കവിതകള്‍ | Author: Anu Antony

  എവിടെയാണെവിടെയാണെന്‍  ദിവ്യകാനനം ?
  എവിടെയാണെന്നുള്ളില്‍ വിരിഞ്ഞ പൊന്‍താരകം ?
  നറുമണം വിതറും മലരൊളികളും  –
  തെന്നലില്‍ അലിയും മാമരങ്ങളും
  തെന്നിത്തെറിചൊഴുകും പാലരുവിയും
  ഇന്നെവിടെ പോയ്‌ മറഞ്ഞു ?

  രാഗമായ് താളമായ് എന്നുള്ളില്‍ ഇന്നും
  ലയനമധുരമായ്  തേനൂറും ഓര്‍മ്മകള്‍
  ഇന്നു ഞാന്‍ വിതുമ്പുന്നു എന്‍ ഉള്‍മനത്തില്‍

  പ്രകൃതിയും അവളുടെ ആര്‍ദ്രഗീതവും
  പോയ്‌ മറഞ്ഞു ഇന്നിവിടെ നിന്നും
  പലനാള്‍ കൊതിച്ചു ഞാന്‍ അവളില്‍ അലിയാന്‍
  വിരിയാന്‍ വെമ്പുന്ന താമരപ്പൂ പോലെ
  നാണം കുണുങ്ങി നീ എന്‍റെ മുന്നില്‍

  ഇപ്പോഴും ചെറു കൊഞ്ചലായ്‌
  ചിരിക്കുന്ന എന്‍ സ്വപ്നമേ…
  പിരിയാനാവില്ലെനിക്കു നിന്നില്‍ നിന്നും

  പോയ്‌ മറഞ്ഞ നിന്‍ മിന്നുന്ന തേജസ്സും,
  നീ പാടാന്‍ മറന്ന നിന്‍ സൌന്ദര്യരഹസ്യവും
  പറയാതെ പോയി നീ മറയുമോ ?
  ആരുമറിയാതെ പോയ നിന്‍ ഹരിതഭംഗിയെ –
  അറിയുന്നു ഇന്നു ഞാന്‍ പൂര്‍ണമായി

  മന്ദം വന്നു നീ എന്‍ കൈകള്‍ പിടിച്ച് ,
  നിന്‍റെ രാജ്യമാം സ്വര്‍ഗത്തില്‍ കൊണ്ടുപോകുമോ ?
  കാണാന്‍ കൊതിക്കുന്ന മിഴികളോടെ ,

  പിരിയാന്‍ കഴിയാത്ത വെമ്പലോടെ –
  നിനക്കായ്‌ ഇനിയും കാത്തു ഞാന്‍ ,
  ഈ മരച്ചോട്ടിലിന്നും തേങ്ങുന്നു…
  മനുഷ്യര്‍ നിന്നെ അറിയാതെ ,
  നിന്നോട് ചെയ്തു പോയ കൊടും ക്രൂരതകള്‍ –
  പൊറുക്കുമോ തെന്നലേ എനിക്കു വേണ്ടി ?

  Written By : Anu Antony