-
എന്റെ പെണ്ണുകാണല്‍ – ഭാഗം രണ്ട്
ചെറുക്കനും പെണ്ണിനും സംസാരിക്കാന്‍ അവസരം തരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഇങ്ങനെ കാത്തിരിപ്പാണ്…ഇടക്കിടെ ദയനീയമായി ഞാന്‍ എന്റെ അച്ഛനെ നോക്കുന്നുണ്ട്..എവിടെ..അച്ഛനാണേല് അപ്രതീക്ഷിതമായി മൈക്ക് കയ്യില്‍ കിട്ടിയ മട്ട് ആണ്…സംസാരം നിര്‍ത്തുന്നെയില്ല…അപ്പുറത്ത് നിന്നു നല്ല രീതിയില്‍ പ്രോത്സാഹനവും ഉണ്ട്…എന്തു ചെയ്യും?…അവസാനം എന്റെ അമ്മായിഅമ്മ തന്നെ സഹായത്തിനെത്തി…”അവര്‍ക്ക് എന്തെങ്കിലും സംസരിക്കാനുന്റെങ്കില് ആയിക്കോട്ടെ”…ആയിക്കോട്ടെ…എനിക്ക് പരമ സന്തോഷം…പക്ഷെ ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല…പിന്നെയും എന്റെ അച്ഛന് തന്നെ വില്ലന്‍..”ഓ,അതിന്റെയൊന്നും ആവശ്യമില്ലെന്നേ”… ഠിം..എല്ലാം തവിടുപൊടിയായി…പക്ഷെ ഇത്തവണ ഞാന്‍ വിട്ടില്ല…അച്ഛനെ നോക്കിയൊന്നു കണ്ണ് ഉരുട്ടികാണിച്ചു …അച്ഛന് പേടിച്ചു പോയില്ലേ…ഞാന്‍ ആരാ മോള്??…
സീന്‍ അഞ്ച് :-
അടുത്ത ബെല്ലോടുകൂടി സംസാരം തുടങ്ങുന്നതാണ്…പക്ഷെ തുടങ്ങിയില്ല…എവിടെ തുടങ്ങാന്‍?…എന്റെ കണവന് ആകാന്‍ പോകുന്ന ആള് മിണ്ടാതെ അകത്തോട്ടു ശ്വാസം എടുത്തോണ്ടിരിക്കുവാ…ഓ,ടെന്‍ഷന്‍ കുറയ്ക്കാനായിരിക്കും… അത് തന്നെ,യോഗ…ദൈവമേ,പുള്ളിയുടെ ഈ ബ്രീതിംഗ് അഭ്യാസം എപ്പോ കഴിയുമോ ആവോ?…ഞാന്‍ കാത്തിരിപ്പു തുടര്‍ന്നു…എന്നും കാത്തിരിക്കാന്‍ ഈ മീനുക്കുട്ടി മാത്രം ബാക്കി (‘ഒരു വടക്കന്‍ വീരഗാഥ’-യിലെ ടയലോഗ് ഒന്നു മോഡിഫൈ ചെയ്തതാണ്..ക്ഷമിക്കണം)…ഭാഗ്യം,കാത്തിരിപ്പു നീണ്ടില്ല…അദ്ദേഹം തല ചെരിച്ചു എന്നെയൊന്നു നോക്കി…വായിക്കുമ്പോള്‍ ഇത്തിരി സ്റ്റൈല്‍ ആയിക്കോട്ടെ എന്ന് കരുതി അങ്ങനെ എഴുതിയതാണ്…അപ്പോള്‍ തലയ്ക്കു ചെരിവ് ഉണ്ടായിരുന്നോ എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല…പുള്ളിക്കാരന്റെ ടെന്‍ഷന്‍ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് ആദ്യത്തെ ചോദ്യം ‘മീനുക്കുട്ടിയുടെ പേരെന്താ’ എന്നായിരിക്കും എന്നാണ് …പക്ഷെ വിചാരിച്ചത് പോലല്ല,ആള് കിടിലന്‍ ആണെന്ന് പിന്നീട് മനസ്സിലായി… ഇതു വായിക്കുന്ന ഏതൊരു ആളിന്റെയും കരളലിയിക്കുന്ന ചോദ്യമാണ് ആ നാവില്‍നിന്ന് ആദ്യം വന്നത്…പെറ്റ തള്ള സഹിക്കൂലാ…”ഇയാളുടെ കരിയര്‍ പ്രൊഫൈല്‍ ഒന്നു പറയാമോ?”…അള്ളാ,ഞാന്‍ എന്താണീ കേട്ടത്?…മനസ്സുകൊണ്ട് ആഗ്രഹിച്ചെങ്കിലും എന്തുകൊണ്ടോ വാ അടയ്ക്കാന്‍ പറ്റിയില്ല…അതങ്ങനെ തുറന്നു തന്നെ ഇരിക്കുന്നത് ഭംഗിയല്ലെന്നു തോന്നിയപ്പോള്‍ അടച്ചു…
ദൈവമേ,ഈ കോന്തനെയാണോ കൊള്ളാം എന്ന് ഞാന്‍ ആദ്യം വിചാരിച്ചത് എന്ന് എന്നെത്തന്നെ പലവട്ടം ചീത്ത പറഞ്ഞിട്ട് ഞാന്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു…”കരിയര്‍ പ്രൊഫൈലോ?..ഓ, അത് പിന്നെ…അങ്ങനോന്നൂല്ല “…നന്നായി ഒന്നു ചമ്മിയെങ്കിലും എനിക്ക് അതിന്റെ യാതൊരു അഹംഭാവവും ഉണ്ടായിരുന്നില്ല…ഈ ബോറടി എങ്ങനെ ഒന്നു ഒഴിവാക്കും എന്നാലോചിച്ചു തല പുണ്ണാക്കിക്കൊണ്ടിരിക്കെ തീരെ പ്രതീക്ഷിക്കാതെ അടുത്ത ടയലോഗ്… “തന്നെ ആദ്യം കണ്ടപ്പോഴേ എനിക്കിഷ്ടായി”…ഓ,മൈ ഗോഡ്…ഈ കരിയര്‍ വിദ്വാന്റെ വായില്‍നിന്നു ഇങ്ങനൊന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചില്ല…പിന്നെ,”ഫുള്‍ ടൈം തല താഴ്ത്തി ഇരിപ്പല്ലായിരുന്നോ ,പിന്നെ എപ്പോ കണ്ടു?” എന്നൊരു ഉടക്ക് ചോദ്യം മനസ്സില്‍ തല പൊക്കിയെങ്കിലും ഞാന്‍ അത് പുറത്തു കാണിച്ചില്ല…പെണ്ണ് ആയിപ്പോയില്ലേ ,എന്തു ചെയ്യാന്‍?…ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ കരിയര്‍ പ്രൊഫൈലി ന്റെ കാര്യം ഞാന്‍ അങ്ങ് മറന്നു പോയി…
കരിയര്‍-കാരന് പക്ഷെ പിന്നീട് അതെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല…പിന്നീടുള്ള സംസാരം മൊത്തത്തില്‍ എനിക്കങ്ങു പിടിച്ചു…സംസാരിച്ച ആളെയും…പിന്നീട് നടന്ന സംസാരം ഇത്തിരി പൈങ്കിളി ആയതുകൊണ്ട് ഇവിടെ രേഖപ്പെടുത്തുന്നില്ല…സഹൃദയര്‍ ദയവായി ക്ഷമിക്കുക…പൈങ്കിളി ആണെന്ന് പറഞ്ഞതു കൊണ്ടു ആരും കെറുവിക്കേണ്ട കേട്ടോ …ഇതൊക്കെ സ്വല്പം പൈങ്കിളി തന്നെ ആണ് മാഷേ…അങ്ങനൊക്കെത്തന്നെ ആകുകയും വേണം…ജീവിതത്തില്‍ ഓര്‍ക്കാന്‍ ഇതൊക്കെയേ കാണൂ …
കല്യാണം കഴിഞ്ഞിട്ടില്ലാത്തത് കൊണ്ടു കക്ഷി ഇപ്പോഴും എന്റെ ഭാവിവരനായിതന്നെ തുടരുന്നു…പിന്നെ,പ്രതിഷ്ഠ പുതിയതാണെന്ന് ഉറപ്പായത് കൊണ്ടു സ്ഥാനം ഹൃദയത്തിലേക്ക് മാറ്റിയെന്നു മാത്രം…